Connect with us

Gulf

കാറ്റും മഴയും; ആദ്യ നാല് മണിക്കൂറില്‍ ദുബൈയില്‍ 147 അപകടങ്ങള്‍

Published

|

Last Updated

ദുബൈ: ഇന്നലെ രാവിലെ ദുബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആദ്യ നാല് മണിക്കൂറില്‍ 147 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതായി ദുബൈ പോലീസ്. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടിനിന്നത് ഗതാഗത സ്തംഭനത്തിനും വഴിയൊരുക്കി.
രാവിലെ 6 മുതല്‍ പത്തു വരെ ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ 2,566 എമര്‍ജന്‍സി കോളുകളാണ് ലഭിച്ചത്. കാലാവസ്ഥ മോശമാകുന്ന സമയത്ത് പ്രത്യേകമായി വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം. ഗതാഗത സ്തംഭനം ഉണ്ടാകുന്ന വിധത്തില്‍ വാഹനമോടിക്കരുതെന്നും ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആക്റ്റിംഗ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി പറഞ്ഞു.
സാധാരണ യാത്രകള്‍ക്ക് എടുക്കാറുള്ള സമയത്തേക്കാള്‍ അധികം കണക്കാക്കി കൂടുതല്‍ സമയം യാത്രക്കായി കരുതണം. റോഡുകളില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടാകുന്നതിനാല്‍ സ്ലിപ്പറിക്കുള്ള സാധ്യതയുമേറും. അതിനാല്‍ വാഹനം വേഗത കുറച്ചേ പോകാവൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അപകടങ്ങള്‍ കൂടുതലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞതിനാലാണ് സംഭവിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത നിയമങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ പോലീസ് പര്‍വത മേഖലകളില്‍ കൂടുതല്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനും അത്യാഹിതങ്ങള്‍ നേരിടുന്നതിനുമാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഹത്തയിലും സമീപ പ്രദേശങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. വാദികള്‍ കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

അസ്ഥിര കാലാവസ്ഥ തുടരുന്ന ഘട്ടത്തില്‍ വെള്ളക്കെട്ടുകള്‍, താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ നിന്ന് പൊതു ജനങ്ങള്‍ മാറി നില്‍ക്കണം. ഇത്തരം മേഖലകളില്‍ വിനോദങ്ങളില്‍ ഏര്‍പെടുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പിലുണ്ട്. ശക്തമായ മഴക്ക് ശേഷം മരുഭൂമികളില്‍ സവാരിക്കായി വാഹനങ്ങളില്‍ പോകുന്നതൊഴിവാക്കണമെന്നും മുന്നറിയിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

Latest