Connect with us

Religion

മദീനയിലെ തേന്‍ തുള്ളികള്‍

Published

|

Last Updated

പുണ്യ റസൂലിന്റെ വിശ്രമയിടം മദീന മുനവ്വറ നബി സ്‌നേഹികളാല്‍ പ്രൗഢമാണ്. മീലാദുന്നബി വരവേല്‍ക്കാന്‍ ലക്ഷങ്ങളാണ് ഭാഷ ദേശ വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ നാനാദിക്കുകളില്‍ നിന്നും മദീനയിലേക്കൊഴുകിയെത്തിയത്. മസ്ജിദുന്നബവിയും തിരുമുറ്റവും ഇശ്ഖിന്റെ ഈരടികളാല്‍ ധന്യം! അറബിയിലും ഉറുദുവിലും ടര്‍ക്കിഷിലും മലയാളത്തിലും മറ്റേതൊക്കെയോ ഭാഷകളിലും പ്രവാചക സ്‌നേഹികള്‍ പ്രകീര്‍ത്തനങ്ങള്‍ പാടി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒറ്റക്കും ഖാഫിലക്കൂട്ടങ്ങളായും അവര്‍ മദീന നഗരി കൈയ്യടക്കിയിരിക്കുന്നു. ഇമാം ബൂസ്വൂരിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും അതൊക്കെ പോകട്ടെ തെന്നിന്ത്യയിലെ ഗരീബ് നവാസ് ശൈഖുനാ കുണ്ടൂര്‍ ഉസ്താദിന്റെ “വാഹന്‍ ലില്‍ ഖുബ്ബത്തി… ” അടക്കം എത്രയെത്ര മദ്ഹുകള്‍ക്കാണ് അവിടെ ഇശല്‍ വിരുന്നൊരുക്കിയത് ചിലര്‍ ഖുബ്ബതുല്‍ ഹള്‍റാഇലേക്ക് നോക്കി കണ്ണുനീരൊഴുക്കുന്നുണ്ട്, ചിലര്‍ തേങ്ങി തേങ്ങി കരയുന്നു, മറ്റു ചിലര്‍ കരങ്ങുയര്‍ത്തി തിരുസവിധത്തില്‍ ആവലാതി ബോധിപ്പിക്കുന്നു. ഇശ്ഖില്‍ ലയിച്ച കുഞ്ഞു ആശിഖീങ്ങള്‍ മധുര പലഹാരങ്ങുമായി മുഹിബ്ബീങ്ങളെ സല്‍ക്കരിക്കുന്നു. തിരു നബിക്ക് നേരെ കൈ ഉയര്‍ത്തി മദ്ഹ് പാടിയ ഒരു ആശിഖിനോട് വേറൊരാളുടെ അട്ടഹാസം , ഖിബ് ലക്ക് നേരെ തിരിയൂയെന്ന് … അവനറിയില്ലല്ലോ ഖിബ്‌ലക്കും ഒരു ഖിബ്‌ലയുണ്ടെന്ന് , അത് മുത്ത് നബിയാണെന്നും. ഇമാം മാലിക് തങ്ങളോട് ഞാന്‍ ദുആ ചെയ്യുമ്പോള്‍ കഅബയിലേക്കാണോ അതോ നബിയുടെ നേരെയാണോ തിരിയേണ്ടതെന്ന് ചോദിച്ച അബ്ബാസിയ ഖലീഫ അബൂ ജഅഫറുല്‍ മന്‍സൂറിനോട് താങ്കളുടെയും താങ്കളുടെ പിതാവ് ആദം നബിയുടെയും വസീലയായ തിരുനബിയിലേക്ക് തിരിഞ്ഞു കൊള്‍ക എന്ന പ്രഖ്യാപനം സ്‌നേഹം വരണ്ട മനസ്സുകള്‍ എങ്ങനെ കേള്‍ക്കാനാണ്. അവര്‍ക്കവിടെ കിടക്കുന്നത് അബ്ദുള്ളയുടെയും ആമിനയുടെയും മകനായ കേവലം സാധാര മനുഷ്യന്‍ മുഹമ്മദ് മാത്രം, എന്നാല്‍ ആശിഖീങ്ങള്‍ക്ക് അങ്ങിനെയല്ലല്ലോ … അവരുടെ എല്ലാമെല്ലാമായ തിരുദൂതരല്ലേ മുന്നില്‍ കിടക്കുന്നത്, അതിലേറെ മറ്റെന്തു വേണം.

ഇടക്ക് മാനമൊന്ന് കരഞ്ഞു. ലക്ഷക്കണക്കിന് പ്രവാചക പ്രേമികള്‍ തേങ്ങിക്കരയുമ്പോള്‍ അതു കാണുന്ന ആര്‍ക്കും കരച്ചില്‍ വരില്ലേ? പിന്നെങ്ങിനെ ആകാശം കരയാതിരിക്കും! ചെറിയ ചെറിയ ആ തേന്‍ തുള്ളികള്‍ പതിയെ പതിയെ ഒലിച്ചിറങ്ങി പച്ച ഖുബ്ബക്ക് തിളക്കം കൂട്ടുന്നുണ്ടായിരുന്നു. ഖുബ്ബയെ തൊട്ടുരുമ്മി വന്ന ഇളം മന്ദ മാരുതനെ മഴത്തുള്ളികള്‍ തഴുകിത്തലോടി ഈ പാപിയുടെ ദേഹത്തേക്ക്… ഓ.. വല്ലാത്തൊരു അനുഭൂതി! അനിര്‍വ്വചനീയമായ ആനന്ദം … ചിലര്‍ വായ തുറന്നു പിടിച്ച് നിലത്തു വീഴ്ത്താതെ മദീനയിലെ തേന്‍ മഴയെ നുകരുന്നുണ്ടായിരുന്നു. ആശിഖീങ്ങളുടെ ഇശ്ഖിന് താളം പിടിക്കുന്ന ഇളം കാറ്റിന്റെ ഗതിയനുസരിച്ച് മഴത്തുള്ളികളും ഈണം പകരുന്നുണ്ടായിരുന്നു.. ചറപറാ ദേഹത്ത് വീണിട്ടും ആരും ഓടുന്നത് കാണുന്നില്ല. എല്ലാവരും ഇശ്ഖില്‍ ലയിച്ചിരിക്കുകയല്ലേ? പിന്നെന്ത് പേമാരി ? അനുരാഗത്തിന്റെ അവാച്യ അനുഭൂതി നുകര്‍ന്ന ബിലാല്‍ തങ്ങള്‍ മരണ സമയമടുത്തപ്പൊഴും പറഞ്ഞത് ” വാ ഫറഹാ … എന്റെ സന്തോഷമേ ,,, എന്റെ ആനന്ദ നിമിഷമേ..” എനിക്കെന്റെ ഹബീബിനെ കാണാന്‍ അടുത്തല്ലോ … എന്നാണല്ലോ. എപ്പോഴും കുളിര്‍ പകരുന്ന പുണ്യ മദീനയില്‍ ആ മഴത്തുള്ളികള്‍ ശരീരവും മനസ്സും ഒന്നു കൂടി കുളിര്‍പ്പിച്ചു.

ബാബുസ്സലാമിലൂടെ തിരുസവിധത്തിലേക്ക് …. നിറഞ്ഞൊഴുകുന്ന ഇശ്ഖിന് കടലില്‍ ഒരു തുള്ളിയായി ഞാനും … മന്ദം മന്ദം തിരു ചാരത്ത്… ഖല്‍ബും ശരീരവും പിടക്കുന്നു. “ഹുനാ മുഹമ്മദു റസൂലുള്ളാഹി “” എന്നെഴുതിയ ഫലകത്തിനു നേരെയെത്തി… പതിഞ്ഞ ശബ്ദത്തില്‍ “അസ്വലാത്തു വസ്സലാമു അലൈക യാ സയിദീ യാ റസൂലല്ലാഹ്” ….. ഒരു പാട് സലാമുകള്‍ , മുത്ത് നബിയോട് കുറെ നേരം സംവദിച്ചു… ഈ പാപി പറഞ്ഞത് അവിടന്ന് കേട്ടു കാണും… റഹ്മതുല്‍ ലില്‍ ആലമീന്‍ കേള്‍ക്കാതെ മറ്റാര് കേള്‍ക്കാനാണ്.!??

പോലീസുകാരന്റെ “ഹറ് റിക് ” എന്ന ശബ്ദമാണ് ആ അസുലഭ മുഹൂര്‍ത്തത്തിന് പരിസമാപ്തി കുറിച്ചത്. എന്നാലും അവരോടൊന്നും പരിഭവമില്ല, കാരണം
എന്റെതു മാത്രമല്ലല്ലോ തിരുനബി, പിന്നില്‍ ഊഴം കാത്തു നില്‍ക്കുന്ന ആയിരങ്ങള്‍ക്കും ഉണ്ടല്ലോ ഇതുപോലൊരു അവകാശം. സിദ്ദീഖോരോടും ഫാറൂഖോരോടും സലാം പറഞ്ഞ് ബാബുല്‍ ബഖീ ഇലൂടെ പുറത്തേക്ക്…

ഇനി സ്വര്‍ഗീയ തോപ്പില്‍ കയറി നമസ്‌കരിക്കണം,
ബാബു അബൂബക്കര്‍ സിദ്ദീഖിലൂടെ

പതുക്കെ പതുക്കെ സ്വര്‍ഗീയ പൂന്തോപ്പിലേക്ക് …. അതായത് ഖബറുശ്ശരീഫിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം, തിരുനബി അരുളിയല്ലോ: എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പാണെന്ന്, “റൗള “. അവിടെ നല്ല തിരക്കുണ്ട് ,, രണ്ടു മൂന്നു ഘട്ടമായിട്ടാണ് ഉള്ളിലേക്ക് പ്രവേശം, ഊഴം കാത്തിരുന്നു. മുന്നില്‍ ഒരു പാകിസ്ഥാനി പിന്നില്‍ ഒരു ലബനാനിയും വലത്ത് ഒരു മിസ്രിയും ഇടത്ത് ഒരു തുര്‍ക്കിയും ഇവര്‍ക്ക് നടുവില്‍ മലബാരിയായ ഞാനും… ലബനാനി ഇടക്കിടെ അറബിയില്‍ മദ്ഹ് പാടുന്നുണ്ട്. പാകിസ്ഥാനി ഉറുദുവിലും , ഈണവും രാഗവുമൊന്നുമില്ലെങ്കിലും ഞാനും പാടി അബൂ ഹനീഫ ഇമാം പുന്നാര നബിയുടെ ചാരെ നിന്നു പാടിയ “ഖസീദതുന്നുഅമാനിയ്യ “. അതിലെ ചില വരികളൊക്കെ കണ്ണില്‍ ഈറനണയിച്ചു. ഊഴം കാത്തു നില്‍ക്കുന്ന നൂറുകണക്കിനാളുകളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്. എന്തൊക്കെയാണവര്‍ ചൊല്ലിയിരിക്കുക!, എത്രയെത്ര മദ്ഹുകളാണ് പുണ്യരുടെ സവിധത്തിലെത്തിയിരിക്കുക!, സ്വലാത്തും സലാമും അങ്ങേക്ക് നിരന്തരം വര്‍ഷിക്കട്ടെ… നബിയേ ..,

ഞങ്ങളുടെ അവസരമെത്തി പതുക്കെ പച്ചപ്പരവതാനി വിരിച്ച സ്വര്‍ഗ്ഗത്തോപ്പിലേക്ക്…. ആഗ്രഹിച്ചതു പോലെ നിസ്‌കരിക്കാന്‍ കിട്ടിയ യിടം തിരുനബി ഇമാമത്തു നിന്ന മിഹ്‌റാബില്‍ അവിടന്ന് കാല്‍ വെച്ച സ്ഥലത്ത് നെറ്റി വെക്കും വിധം അല്‍ ഹംദുലില്ലാഹ്. ഒരു വേള തിരു നബിയുടെ കാലത്തേക്ക് മനസ്സൊന്ന് സാങ്കല്‍പിക സഞ്ചാരം നടത്തി. മുന്നില്‍ തിരുനബി ഇമാമത്ത് നില്‍ക്കുന്നു. തൊട്ടു പിന്നില്‍ സിദ്ദിഖുല്‍ അക്ബര്‍ … ഹോ .. ഇപ്പോള്‍ അവിടെ ഈ പാപി , സിദ്ദീഖ് തങ്ങളേ മാപ്പ് ! ഒരിക്കലും അവിടെത്തെ ഏഴയലത്തു പോലും നില്‍ക്കാന്‍ അര്‍ഹതയില്ലെന്നറിയാം … പക്ഷെ … അന്ന് ജനിക്കാന്‍ പറ്റിയില്ലല്ലോ … ഇന്ന് ആ തിരുപാദം പതിഞ്ഞ ഭാഗമെങ്കിലും ഒന്നു ചുമ്പിച്ചോട്ടേ ….

---- facebook comment plugin here -----

Latest