ഇ മൈഗ്രേറ്റ്: ആശയക്കുഴപ്പം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം- ഐ സി എഫ്

Posted on: November 26, 2018 12:35 pm | Last updated: November 26, 2018 at 6:21 pm

മക്ക: ഇന്ത്യയില്‍ നിന്നും പതിനെട്ടോളം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 24 മണിക്കൂര്‍ മുമ്പേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നുള്ള പുതിയ നിയമം പ്രവാസികളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ ഡാറ്റകള്‍ കലക്റ്റ് ചെയ്യണമെന്നുള്ളത് ആവശ്യമുള്ള കാര്യമാണ്.

അതിന് എളുപ്പത്തില്‍ ചെയ്യാവുന്ന വഴികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. നിശ്ചിത സമയം നല്‍കി എല്ലാവര്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കുകയാണ് വേണ്ടത്. അതിനുപകരം നാട്ടില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തില്‍ എത്തുന്നതിനു 24 മണിക്കൂര്‍ മുമ്പ്, ഇ മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് കുറഞ്ഞ അവധിക്ക് നാട്ടില്‍ പോകുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.
വിദേശത്ത് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത കുറഞ്ഞു വരികയാണ്. ഗള്‍ഫില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരത്തെ ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇന്ന് ഇന്ത്യക്കാര്‍ ഒരിടത്തും അനിവാര്യര്‍ അല്ല. ഈ ഒഴിവുകളില്‍ മറ്റു രാജ്യക്കാര്‍ കുടിയേറി. വ്യാ പാര കേന്ദ്രങ്ങളിലും ഓഫീസുകളിലും ഇന്ത്യന്‍ ജീവനക്കാര്‍ കുറഞ്ഞുവരുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തില്‍ മുഖ്യ സ്രോതസായ പ്രവാസി ഇന്ത്യക്കാര്‍ക്ക് അനുഗുണമാകുന്ന നിയമനടപടികളിലേക്ക് കടക്കുന്നതിനു പകരം അവര്‍ക്ക് മേല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ സംബന്ധമായി ഉയരുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു.