Connect with us

Thrissur

പൊതുവിദ്യാഭ്യാസം : ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും - പ്രൊഫ സി രവീന്ദ്രനാഥ്‌

Published

|

Last Updated

തൃശൂര്‍: അടുത്ത അധ്യയന വര്‍ഷത്തോടെ കേരളം പൊതു വിദ്യാഭ്യസ രംഗത്തെ ഇന്ത്യയിലെ ആദ്യ ഹൈടെക് സംസ്ഥാനമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 17 സ്‌കൂളുകളിലെ 17 ഹൈടെക് ക്ലാസ് മുറികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റി കഴിഞ്ഞു. 2019 ജൂണ്‍ 1ന് മുമ്പ് മുഴുവന്‍ എല്‍പി – യു പി സ്‌കൂളുകളും ഹൈടെക് ആക്കും. ഇതിനുള്ള ഡി പി ആര്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഓരോ എല്‍പി – യു പി സ്‌കൂളിലും സെന്‍ട്രല്‍ കമ്പ്യൂട്ടര്‍ ലാബ് ഒരുക്കും. ആധുനികമായ എല്ലാ സൗകര്യങ്ങളും ഈ ലാബുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനോടൊപ്പം സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും. ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പരിഷ്‌ക്കരണം നടത്തുക. സാങ്കേതികാധിഷ്ഠിതമായ ബോധന രീതി വഴി ശാസ്ത്രീയ പാഠ്യ പദ്ധതിയ്ക്ക് രൂപം നല്‍കും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ലോക നിലവാരത്തിലുള്ള പ്രതിഭകളെ വാര്‍ത്തെടുക്കും.ഇതിനായി വിദ്യാര്‍ഥികളിലെ സര്‍ഗശേഷി പരമാവധി വളര്‍ത്താനാണ് പരിശ്രമം.പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ക്ലാസ് മുറികളില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടാത്ത ജനത എന്നതാണ് മുദ്രാവാക്യം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസ സൗകര്യം സര്‍ക്കാര്‍ ഒരുക്കും.ഇതിന് ജനകീയ പിന്തുണ ആവശ്യമാണ്. ക്ലാസ് മുറികള്‍ ഹൈടെക് ആക്കുക വഴി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍ മാത്യകയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ബ്ലോക്കുകളും ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വിവിധ സ്‌കൂളുകള്‍ക്കുളള അവാര്‍ഡ് ദാനം പ്രൊഫ. കെ.യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി.

തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികളായ കാതറിന്‍ പോള്‍, എന്‍.കെ. ഉദയപ്രകാശ്, ഇന്ദിര തിലകന്‍, നദീര്‍ വി.എ., പ്രസന്ന അനില്‍കുമാര്‍, ടി.കെ. ഉണ്ണിക്യഷ്ണന്‍, ബീന മജീദ്, സിമി കണ്ണദാസന്‍, എഡിസി പി.എന്‍. അയന, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.കെ. സംഗീത് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു സ്വാഗതവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സി.എസ്. സുബീഷ് നന്ദിയും പറഞ്ഞു.