വേങ്ങര കുറ്റൂര്‍ സ്‌കൂളിലെ ‘തീപ്പിടിത്തം’; യാഥാര്‍ഥ്യമിതാണ് !

Posted on: November 24, 2018 5:29 pm | Last updated: November 24, 2018 at 7:56 pm

മലപ്പുറം: വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെഎംഎച്ച്എസ്എസ് സ്‌കൂളില്‍ തീപ്പിടിത്തം എന്ന് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ‘പരുക്കേറ്റ’ കുട്ടികളുടേയും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റേയും നിരവധി ചിത്രങ്ങളും ഷെയര്‍ ചെയ്യപ്പെട്ടു.

വാസ്തവമറിയാതൊണ് പലരും ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നത്. വാട്‌സാപ്പില്‍ ഇക്കാര്യം കണ്ട കുട്ടികളുടെ വിദേശത്തുള്ള രക്ഷിതാക്കള്‍ ആശങ്കയിലായി വീട്ടിലേക്ക് വിളിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമസ്ഥാപനങ്ങളില്‍ നിജസ്ഥിതി അന്വേഷിച്ച് വന്ന വിളികള്‍ ഏറെ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്.

തീപിടിത്തം ഉണ്ടായാല്‍ എങ്ങിനെ നേരിടാം എന്നതുസംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ഡ്രില്‍ ആയിരുന്നു അത്. കുട്ടികള്‍ക്ക് ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ചൈല്‍ഡ് ലൈനും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മലപ്പുറം യൂനിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പെട്ടെന്ന് അപകടമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നും സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കുന്നത് കൂടിയായിരുന്നു മോക്ഡ്രില്‍. അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതും എങ്ങനെയെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തന രീതി, ഉപകരണങ്ങള്‍ എന്നിവയെകുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി.