Connect with us

Kozhikode

മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ

Published

|

Last Updated

കോഴിക്കോട്: മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് ഞായറാഴ്ച കാരന്തൂർ മർകസ് കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കും. രാജ്യത്തെ ഏറ്റവും വലിയ മീലാദ് കോണ്‍ഫറന്‍സിനാണ്‌ നാളെ വൈകീട്ട് മർകസ് നഗരി സാക്ഷ്യം വഹിക്കുക. പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതരും അക്കാദമിക വിദഗ്‌ധരും പ്രവാചക പ്രകീർത്തന സംഘങ്ങളും സമ്മേളനത്തിന് നേതൃത്വം നൽകും.

വിവിധ സംസ്ഥാനങ്ങളിൽ മർകസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തികുറിച്ചാണ് മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാർഷിക പ്രവാചക സ്നേഹ പ്രഭാഷണവും നടക്കും.

മർകസിനു കീഴിൽ മതമീംമാംസയും ആധുനിക അക്കാദമിക വിഷയങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കുന്ന പൂനൂരിലെ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിന്റെ ബിരുദദാനവും സമ്മേളനത്തിൽ നടക്കും. സ്ഥാപനത്തിലെ സപ്തവത്സര കോഴ്‌സ് പൂർത്തിയാക്കി മതപരമായും അക്കാദമികമായും ബിരുദാനന്തര ബിരുദം, ഡോക്‌ടറേറ്റ്‌ എന്നിവക്കു പഠിക്കുന്ന 61 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ബിരുദം നൽകും. പ്രമുഖ സാദാത്തീങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ‘അൽ മൗലിദുൽ അക്ബർ’ എന്ന പ്രവാചക പ്രകീർത്തന ആലാപനത്തിനും സമ്മേളനം സാക്ഷ്യമാവും.

സമ്മേളന നഗരിയില്‍ വൈകീട്ട് നാലിന് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പതാക ഉയര്‍ത്തും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടന പ്രസംഗം നടത്തും . സനദ് ദാനത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സമസ്‌ത സെക്രട്ടറിയും മർകസ് ശരീഅ സിറ്റി ഡീനുമായ പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രഭാഷണം നടത്തും. സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മീലാദ് സമ്മേളന സന്ദേശം അവതരിപ്പിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, ആലികുട്ടി മുസ്‌ലിയാർ ഷിറിയ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പയ്യിദ് പി കെ എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, മജീദ് കക്കാട് , ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഡോ. അബ്‌ദുസ്സലാം എന്നിവർ പങ്കെടുക്കും. സമസ്ത മുശാവറ അംഗങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത്, സുന്നി യുവജന സംഘം, എസ്.എസ്.എഫ് നേതാക്കൾ സംബന്ധിക്കും.

അന്താരാഷ്‌ട്ര മീലാദ് സമ്മേളനം സംസ്ഥാനത്തെ പ്രവാചക സ്‌നേഹികളുടെ സംഗമ വേദിയാകും. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. സമ്മേളനം ഭംഗിയായി നിയന്ത്രിക്കാൻ അഞ്ഞൂറ്റിയൊന്നു അംഗ വോളണ്ടിയേഴ്‌സ് പ്രവർത്തിക്കുന്നു. വാഹന പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Latest