Connect with us

Gulf

കാമുകനെ കൊന്ന് മച്ച്ബൂസാക്കിയ സംഭവം; തെളിവുകളായത് പല്ലും രണ്ടു വിരലുകളും

Published

|

Last Updated

ദുബൈ: കാമുകനെ കൊന്ന് യുവതി മച്ച്ബൂസ് ഉണ്ടാക്കിയ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നാല് ദിവസത്തോളം പുലര്‍ച്ചെ അഞ്ച് മണിവരെ മാംസം പാചകം ചെയ്തതായാണ് കണ്ടെത്തിയത്. എന്നാല്‍ ഭക്ഷണം മറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയെന്ന വാര്‍ത്ത യുവതിയുടെ അഭിഭാഷകന്‍ നിഷേധിച്ചു. ഇവരുടെ ഫഌറ്റില്‍ നിന്ന് മനുഷ്യമാംസം പാചകം ചെയ്യുന്ന ഗന്ധം വമിച്ചിരുന്നുവെന്ന് അയല്‍വാസി മൊഴി നല്‍കി. നാല് ദിവസം ഇത് നീണ്ടുനിന്നു. എല്ലാ ദിവസവും പുലര്‍ച്ചെ 12 മുതല്‍ അഞ്ച് വരെയായിരുന്നു പാചകം. അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിനിടെ പല്ലും രണ്ട് വിരലുകളും കവറുകളില്‍ നിന്ന് വീണുപോയിരുന്നു. ഇവയാണ് പോലീസിന് നിര്‍ണായകമായത്. യുവാവിനെ കാണാതായതോടെ സഹോദരനും സുഹൃത്തുക്കളും അന്വേഷിച്ച് ചെന്നെങ്കിലും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പിന്നെ തനിക്ക് ഒരു വിവരവുമില്ലെന്നാണ് ഇവര്‍ മറുപടി പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുവതിക്ക് മാനസിക രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസ് ഒഴിവാകുമെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചത്.

മൊറോക്കോ പൗരയായ യുവതി സ്വന്തം നാട്ടുകാരനായ യുവാവിനെ തന്റെ ഫഌറ്റിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചുവരുത്തിയെങ്കിലും അവിടെ വെച്ച് തര്‍ക്കം തുടങ്ങുകയായിരുന്നു. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയം യുവതിയാണ് സാമ്പത്തികമായി ഇയാളെ സഹായിച്ചത്. എന്നാല്‍ ബന്ധം അവസാനിപ്പിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെച്ചൊല്ലിയായിരുന്നു പ്രശ്‌നങ്ങള്‍. തര്‍ക്കം മൂത്തതോടെ യുവതി കത്തിയെടുത്ത് ഇയാളുടെ നെഞ്ചിലും വയറ്റിലും കുത്തി. ശേഷം ശരീരം രണ്ടായി മുറിച്ച് രണ്ട് വലിയ സ്യൂട്ട് കെയിസുകളിലാക്കി.

രക്തം പുരണ്ട സ്ഥലങ്ങളൊക്കെ സ്വയം വൃത്തിയാക്കി. ഇതിന് ശേഷം ഇവരുടെ ഒരു സുഹൃത്ത് ഫ്‌ലാറ്റിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയ ശേഷം സ്യൂട്ട് കെയ്‌സുകളുമായി ഇവര്‍ വാടകക്ക് എടുത്തിരുന്ന മറ്റൊരു ഫ്‌ലാറ്റിലേക്ക് പോയി. ഇവിടെവെച്ചായിരുന്നു കൊലപാതകം പുറത്തറിയിക്കാതിരിക്കാനുള്ള മറ്റ് കാര്യങ്ങള്‍ ചെയ്തത്. തന്റെ സ്വര്‍ണവും മറ്റ് ആഭരണങ്ങളും മുഴുവന്‍ വിറ്റാണ് ഇതിനായുള്ള ഉപകരണങ്ങള്‍ വാങ്ങിയത്. വലിയ പാത്രങ്ങള്‍, പ്രഷര്‍ കുക്കറുകള്‍, മാംസം അരച്ചെടുക്കുന്ന ഗ്രൈന്‍ഡറുകള്‍, മാംസം മുറിക്കുന്ന കത്തികള്‍, വാളുകള്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവയാണ് വാങ്ങിയത്.

തിരികെയെത്തിയ ശേഷം ഇയാളുടെ വസ്ത്രങ്ങളും ഫോണുകളും പഴ്‌സും ആദ്യം കത്തിച്ചു. തല മുറിച്ചുമാറ്റിയ ശേഷം അവയവങ്ങളും കൈകാലുകളും പല പാത്രങ്ങളിലാക്കി വേവിച്ചു. എല്ലുകളില്‍ നിന്ന് മാംസം വേര്‍തിരിഞ്ഞപ്പോള്‍ എല്ലുകള്‍ മാറ്റി ഓവനില്‍ വെച്ച് ബേക്ക് ചെയ്യുകയുമായിരുന്നു. പിന്നീട് എല്ലുകള്‍ പൊടിച്ചു. ഇവ പല കവറുകളിലാക്കി ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുകയും ഡ്രെയിനേജില്‍ ഒഴുക്കുകയുമായിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ പിന്നീട് യുവതി കുറ്റം സമ്മതിച്ചു. കേസില്‍ 24 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. അടുത്തമാസം 31നാണ് ഇനി കേസ് അല്‍ ഐന്‍ കോടതി പരിഗണിക്കുന്നത്.

Latest