മൊറോക്കോയില്‍ സൂഫി സമ്മേളനം: മുസ്‌ലിംകളെ പ്രവാചകനിലേക്ക് അടുപ്പിച്ചത് സൂഫികള്‍- ഡോ. അബ്ദുല്‍ ഹകീം അസ്ഹരി

Posted on: November 23, 2018 10:09 am | Last updated: November 23, 2018 at 4:10 pm

റബാത് (മൊറോക്കോ): മുസ്‌ലിംകളുടെ ആത്മീയമായ ജീവിതത്തെ സജീവമാക്കുകയും, മുഹമ്മദ് നബി(സ്വ)യുടെ അപദാനങ്ങള്‍ വാഴ്ത്തുകയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍പറ്റുകയും ചെയ്യുന്ന ഔന്നിത്യത്തിലേക്ക് ഉയര്‍ത്തിയതില്‍ സൂഫികള്‍ക്ക് വലിയ പങ്കുണ്ടെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി.

മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമന്റെ നേതൃത്വത്തില്‍ മഡഗില്‍ സംഘടിപ്പിച്ച 13ാമത് അന്താരാഷ്ട്ര സൂഫീ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റബീഉല്‍ അവ്വലിന്റെ ഭാഗമായി മൊറോക്കോയില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചടങ്ങാണ് ഈ സമ്മേളനം. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത 100 അക്കാദമിക പണ്ഡിതരും മുസ്‌ലിം പണ്ഡിതരുമാണ് സമ്മേളനത്തിലെ ക്ഷണിതാക്കള്‍. ‘ഇന്ത്യയിലെ സൂഫികളുടെ പ്രബോധന രീതികള്‍’ എന്ന വിഷയത്തിലാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളനത്തില്‍ സംസാരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇസ്‌ലാം വളര്‍ന്നത് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെ പോലുള്ള സൂഫികള്‍ നടത്തിയ സമാധാന പൂര്‍ണവും ബഹുസ്വരവുമായ ജീവിതത്തിലൂടെയാണ്. ആ മാതൃകയിലാണ് മര്‍കസ് പോലെയുള്ള സ്ഥാപനങ്ങള്‍ രാജ്യത്ത് മുഴുവന്‍ സഹിഷ്ണുതയും സമാധാനവും വികസിപ്പിക്കുന്നതും, അദ്വിതീയമായ വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും.

മൊറോക്കോയിലെ പൗരാണിക നഗരിയായ ഫെസ്, മര്‍കസ് നോളജ് സിറ്റിയുടെ മാതൃകകള്‍ രൂപപ്പെടുത്താന്‍ ആശ്രയിച്ച കേന്ദ്രമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഡയറക്ടര്‍ ഡോ. മുനീര്‍ ഖാദിരി, സൂഫീ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന യുവപണ്ഡിതന്‍ എന്ന ബഹുമതി നല്‍കി ഡോ. അസ്ഹരിയെ ആദരിച്ചു.