മാത്യു ടി തോമസ് മാറും; കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസില്‍ ധാരണ

Posted on: November 23, 2018 3:32 pm | Last updated: November 23, 2018 at 5:39 pm

ബംഗളൂരു: മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് അന്ത്യം കുറിച്ച് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ചു. ജനതാദള്‍ എസ് സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും തമ്മില്‍ ബംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മാത്യു ടി തോമസിനോട് മന്ത്രിസ്ഥാനം ഒഴിയാന്‍ ജെഡിഎസ് നേതൃത്വം നിര്‍ദേശിച്ചു.

ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡ, ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരുയമായി സംസ്ഥാന നേതാക്കളായ കെ കൃഷ്ണന്‍കുട്ടിയും സികെ നാണുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയെ മാറ്റാന്‍ നേരത്തെ ധാരണയുണ്ടായിരുന്നു. ഇതനുസരിച്ചാണ് കൃഷ്ണന്‍കുട്ടിപക്ഷം മന്ത്രി പദവിക്കായി കരുക്കള്‍ നീക്കിയത്. മാത്യു ടി തോമസിനെയും ചര്‍ച്ചക്ക് വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല.

തന്നെ മന്ത്രിയാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായി നാളെ ചര്‍ച്ച നടത്തും. മന്ത്രിമാറ്റം മാത്യു ടി തോമസിന് എതിര്‍പ്പുണ്ടാകില്ല. മാത്യു ടി തോമസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും രാഷ്ട്രീയമായ അഭിപ്രായ വത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്നെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി മാത്യു ടി തോമസ് പ്രതികരിച്ചു. ഇതെക്കുറിച്ച്
അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.