ബ്രാഹ്മണ്യത്തിന്റെ രഥയാത്രയും കോണ്‍ഗ്രസ് പരികര്‍മികളും

കേരളത്തിന്റെ അയോധ്യയാക്കി ശബരിമലയെ മാറ്റാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ മാപ്പുസാക്ഷികളായി തീര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. നവബ്രാഹ്മണ്യത്തിന്റെ വിധ്വംസകമായ രഥയാത്രകള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നവരായി കെ പി സി സി നേതാക്കള്‍ തരംതാണുപോയിരിക്കുന്നു. നാമജപഘോഷയാത്രകളില്‍ കൈമുട്ടി നടക്കുന്ന കോണ്‍ഗ്രസുകാരോട് കൊടി പിടിക്കാതെ ആര്‍ എസ് എസിനോടൊപ്പം ചേരാനാണ് ശബരിമല പ്രശ്‌നത്തിന്റെ തുടക്കത്തില്‍തന്നെ കെ പി സി സി നേതൃത്വം നിര്‍ദേശിച്ചത്. ഭക്തവേഷം കെട്ടി ശബരിമലയിലെത്തിയ ക്രിമിനലുകളെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന കാര്യം അറിയാത്തവരല്ലല്ലോ കോണ്‍ഗ്രസുകാര്‍. അപ്പോഴാണ് ചെന്നിത്തലയും കൂട്ടരും നിരോധനാജ്ഞ ലംഘിക്കുന്ന രാഷ്ട്രീയ നാടകം കളിയുമായി നിലയ്ക്കലും പമ്പയിലുമെത്തി സ്വയം പരിഹാസ്യരായി തീര്‍ന്നത്. സംഘ്പരിവാറിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ പണിയാണ് യു ഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ അവിടെ അരങ്ങേറിയത്.
Posted on: November 23, 2018 9:36 am | Last updated: November 23, 2018 at 9:36 am

ശബരിമല പ്രശ്‌നത്തെ വിവാദമാക്കിക്കൊണ്ട് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് അത്യന്തം സ്ത്രീവിരുദ്ധവും പുരുഷാധിപത്യപരവുമായ ബ്രാഹ്മണമൂല്യങ്ങളുടെ പുനരുജ്ജീവനമാണ്. ശൂദ്രരും സ്ത്രീകളും നീചജന്മങ്ങളാണെന്ന് വിധിച്ച ധര്‍മശാസ്ത്രങ്ങളുടെ അശ്ലീലകരമായ പുനരുജ്ജീവന ശ്രമങ്ങളാണ് നാമജപഘോഷയാത്രകളിലൂടെയും നവബ്രാഹ്മണ്യത്തിന്റെ രഥയാത്രകളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യകരമായ സംഗതി മനുസ്മൃതിയെ പാരമ്പര്യമായി അംഗീകരിക്കുന്ന സംഘ്പരിവാര്‍ അജന്‍ഡയുടെ നിര്‍വാഹകരായി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെയും സുദീര്‍ഘചരിത്രമുള്ള കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധഃപതിച്ചുപോയിരിക്കുന്നുവെന്നതാണ്. നവബ്രാഹ്മണ്യത്തിന്റെ രഥമോടിച്ച് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ ശ്രീധരന്‍ പിള്ള പറഞ്ഞതുപോലെ ആര്‍ എസ് എസിന്റെ അജന്‍ഡയില്‍ വീഴുകയായിരുന്നു അവര്‍.

വൈക്കം സത്യഗ്രഹം തൊട്ട് ലോകനാര്‍കാവ് സത്യഗ്രഹം വരെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തില്‍ നിരവധി അയിത്തോച്ചാടന സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. അവരിന്ന് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണ്. നവബ്രാഹ്മണ്യത്തിന്റെ വിധ്വംസകമായ രഥയാത്രകള്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നവരായി കെ പി സി സി നേതാക്കള്‍ തരംതാണുപോയിരിക്കുന്നു. ആചാരസംരക്ഷണത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും പേരില്‍ ഭരണഘടനയുടെ സാമൂഹിക ദര്‍ശനങ്ങളെ തന്നെ വെല്ലുവിളിക്കുന്ന ആര്‍ എസ് എസുകാരുടെ ബിടീമായി കോണ്‍ഗ്രസുകാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

നാമജപഘോഷയാത്രകളില്‍ കൈമുട്ടി നടക്കുന്ന കോണ്‍ഗ്രസുകാരോട് കൊടി പിടിക്കാതെ ആര്‍ എസ് എസിനോടൊപ്പം ചേരാനാണ് ശബരിമല പ്രശ്‌നത്തിന്റെ തുടക്കത്തില്‍തന്നെ കെ പി സി സി നേതൃത്വം നിര്‍ദേശിച്ചത്. ഇപ്പോള്‍ സന്നിധാനത്തെയും നടപ്പന്തലിനെയും സമരമുഖമാക്കാനുള്ള ആര്‍ എസ് എസ് നീക്കങ്ങളെ 144 പ്രഖ്യാപിച്ച് കര്‍ശനമായി തടയുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പോലീസിന്റെ സമര്‍ഥമായ ഇടപെടലുകള്‍ മൂലം കലാപമുണ്ടാക്കാന്‍ ഇരുമുടിക്കെട്ടുമായിപോയ സുരേന്ദ്രനെയും ശശികലയെയുമെല്ലാം തടയാന്‍ കഴിഞ്ഞു.

ഭക്തരുടെ വേഷം കെട്ടി ശബരിമലയില്‍ കേന്ദ്രീകരിക്കാന്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ആളെയെത്തിക്കാനും ബി ജെ പി നേതൃത്വം ആസൂത്രിത നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയില്‍ അക്രമമഴിച്ചുവിടാനുള്ള ഹിന്ദുത്വ വര്‍ഗീയവാദികളുടെ ശ്രമങ്ങളെയാണ് പോലീസ് നിരോധനാജ്ഞയിലൂടെ തടഞ്ഞിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ തന്നെപുറത്തുവന്നിട്ടും ചെന്നിത്തല അറിഞ്ഞഭാവമില്ല. അറിഞ്ഞിട്ടും കണ്ണിറുക്കി നടക്കുകയാണ് ചെന്നിത്തല.

ഭക്തവേഷം കെട്ടി ശബരിമലയിലെത്തിയ ക്രിമിനലുകളെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന കാര്യം അറിയാത്തവരല്ലല്ലോ കോണ്‍ഗ്രസുകാര്‍. സംഘ്പരിവാറുകാരുടെ നീക്കങ്ങളെ കേരള പോലീസ് പൊളിച്ചിരിക്കുകയാണ്. അപ്പോഴാണ് ചെന്നിത്തലയും കൂട്ടരും നിരോധനാജ്ഞ ലംഘിക്കുന്ന രാഷ്ട്രീയ നാടകം കളിയുമായി നിലയ്ക്കലും പമ്പയിലുമെത്തി സ്വയം പരിഹാസ്യരായി തീര്‍ന്നത്. സംഘ്പരിവാറിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ക്വട്ടേഷന്‍ പണിയാണ് യു ഡി എഫ് നേതാക്കളുടെ നേതൃത്വത്തില്‍ പമ്പയിലും നിലയ്ക്കലിലും അരങ്ങേറിയത്.
മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ ഓരോന്നിലും പുരുഷനോടൊപ്പം സ്ത്രീയുമുണ്ടെന്ന പൗരസമത്വദര്‍ശനം മുന്നോട്ടുവെച്ച ഗാന്ധിജിയെ പരിഹസിക്കുകയാണ് ഗാന്ധി ഘാതകരോടൊപ്പം ചേര്‍ന്ന് ചെന്നിത്തലയും കോണ്‍ഗ്രസുകാരും ഇപ്പോള്‍ ചെയ്യുന്നത്. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം പുരുഷന്മാരുണ്ടാക്കിയതാണെന്ന് പറഞ്ഞ നെഹ്‌റുവിന്റെ പിന്‍മുറക്കാരാണ് ശബരിമലയില്‍ ക്ഷുദ്രവികാരങ്ങളുണര്‍ത്തുന്ന സംഘ്പരിവാര്‍ കലാപങ്ങളോടൊപ്പം ചേരുന്നതെന്ന കാര്യം ജനാധിപത്യവാദികള്‍ ഗൗരവമായി കാണേണ്ടതാണ്.
സി പി എമ്മിനെയും ഇടതുപക്ഷ സര്‍ക്കാറിനെയും നാഴികക്ക് നാല്‍പത് വട്ടം വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ് ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍ഡയെ തുറന്നുകാണിക്കാത്തത്? കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ ഈ ചോദ്യം സ്വയമെങ്കിലും ചോദിക്കേണ്ടതില്ലേ? കേരളത്തിന്റെ അയോധ്യയാക്കി ശബരിമലയെ മാറ്റാനുള്ള സംഘ്പരിവാര്‍ അജന്‍ഡയുടെ മാപ്പുസാക്ഷികളായി തീര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. രഥയാത്രകളിലൂടെ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് ബി ജെ പി നേതൃത്വം നടത്തിയത്. അമിത്ഷാ കേരളത്തെ സംഘര്‍ഷാത്മകമാക്കി നിലനിര്‍ത്താനാണ് കേരള ബിജെ പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രഥയാത്രകളെന്നും വര്‍ഗീയതയുടെ ചോരച്ചാലുകളെയാണ് ഓര്‍മിപ്പിക്കുന്നത്. നാനൂറ്റിചില്വാനം വര്‍ഷക്കാലം അയോധ്യയിലെ മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ബാബരിമസ്ജിദ് തകര്‍ക്കുന്നതിന് ഗതിവേഗം കൂട്ടിയത് അഡ്വാനിയുടെ രഥയാത്രയായിരുന്നു. കേരളത്തില്‍ പോലും രഥയാത്രയുടെ അനുരണനങ്ങളുണ്ടായി. വര്‍ഗീയകലാപങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും നടന്നു. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനെന്ന മുദ്രാവാക്യമുയര്‍ത്തി മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയുടെ അനുബന്ധയാത്രയിലാണല്ലോ പാലക്കാട് സിറാജുന്നിസ എന്ന പെണ്‍കുട്ടി പോലീസ് വെടിവെപ്പില്‍ ദാരുണമായി മരണപ്പെടുന്നത്. സംഘ്പരിവാര്‍ രഥയാത്രകളിലൂടെയാണ് രാജ്യമെമ്പാടും കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും സൃഷ്ടിച്ചെടുത്തത്.

സവര്‍ണ ഫ്യൂഡല്‍ രാജകീയാധീശത്വത്തിന്റെ യുദ്ധോത്സുകമായ പ്രതീകമാണ് രഥങ്ങളും രഥയോട്ടങ്ങളുമെല്ലാം. ഇന്ത്യയുടെ സാമൂഹിക ചരിത്രമെന്നത് ദരിദ്രരും അധഃസ്ഥിതരുമായ ജനകോടികളുടെ നെഞ്ചിലൂടെ ഫ്യൂഡല്‍ ബ്രാഹ്മണാധികാരത്തിന്റെ രഥചക്രങ്ങളില്‍ ഉരുണ്ടുനീങ്ങിയ പീഡനാത്മകതയുടേതുകൂടിയാണ്. സഹസ്രാബ്ദങ്ങളിലൂടെ അത് തുടരുകയാണ്. രാജാധികാരത്തിന്റെ രഥചക്രങ്ങള്‍ക്കിടയില്‍ അധഃസ്ഥിതരുടെ ചോരപ്പുഴകള്‍ എത്രയോ ഒഴുകിത്തീര്‍ന്നിട്ടുണ്ട്. ദീനരും നിരാലംബരുമായ അധഃസ്ഥിതരെ കുറ്റവാളികളായി പ്രഖ്യാപിച്ച് രഥങ്ങളില്‍ കെട്ടിവലിക്കുന്നത് ഇന്ത്യയില്‍ ഒരു കാലത്ത് അധികാരിവര്‍ഗങ്ങളുടെ മൃഗയാവിനോദങ്ങളായിരുന്നു. രാജാധികാരത്തിന്റെ ഒരാഘോഷം തന്നെ.

വരേണ്യജാതിപ്രമത്തതയുടെ അധഃസ്ഥിതവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മൂല്യബോധങ്ങളെയാണ് ശബരിമല പ്രശ്‌നത്തില്‍ സംഘ്പരിവാര്‍ പുനരുജ്ജീവിപ്പിച്ചെടുക്കുന്നത്. മാനവികതയുടെയും ജനാധിപത്യത്തിന്റേതുമായ ജീവിതമൂല്യങ്ങള്‍ക്കെതിരായ രഥയോട്ടമാണ് ആര്‍ എസ് എസ് ദേശീയതലത്തിലും കേരളത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണാധികാരത്തിന്റെ രഥമോടിച്ച് കേരളത്തെ കുട്ടിച്ചോറാക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്ന കാര്യം കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഓരോ ജനാധിപത്യവാദിയുടെയും മനസ്സിലുണ്ട്.

ശബരിമല പ്രശ്‌നത്തില്‍ എ ഐ സി സി അധ്യക്ഷന്റെ നിലപാടിനെ വ്യക്തിപരമായ അഭിപ്രായമായി തള്ളിയാണ് ശ്രീധരന്‍ പിള്ളയുടെ നിലപാടുകളിലേക്കും അജന്‍ഡയിലേക്കും കോണ്‍ഗ്രസുകാര്‍ ചേക്കേറിയിരിക്കുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയല്ല ആര്‍ എസ് എസിന്റെ ലക്ഷ്യമെന്ന കാര്യം ഏത് കുഞ്ഞുകുട്ടിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തില്‍ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ കഴിയാത്ത ബി ജെ പി ശബരിമല പ്രശ്‌നത്തെ നിമിത്തമാക്കി പിടിച്ചുനില്‍ക്കാനാവുമോയെന്ന പരീക്ഷണത്തിലാണ്. അവര്‍ അവരുടെ രാഷ്ട്രീയ പരീക്ഷണമാണ് നടത്തുന്നതെന്ന കാര്യം ശ്രീധരന്‍ പിള്ള തന്നെ തുറന്നുപറഞ്ഞിരിക്കുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയല്ല സമരമെന്നും കമ്യൂണിസ്റ്റുകാര്‍ക്കെതിരായിട്ടാണെന്നും വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. അതായത് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഉപകരണം മാത്രമാണ് ശബരിമലപ്രശ്‌നം. ആചാര സംരക്ഷണമോ വിശ്വാസ സംരക്ഷണമോ അല്ല വിഷയം. സി പി എമ്മിനെയും ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിനെയും വിശ്വാസഭ്രാന്തിളക്കിവിട്ട് തകര്‍ക്കലാണ് ലക്ഷ്യം. ശനിഭഗവാന്‍ ക്ഷേത്രത്തില്‍ കോടതിവിധിയനുസരിച്ച് മഹാരാഷ്ട്ര ബി ജെ പി ഗവണ്‍മെന്റ് ഭക്തരെ തല്ലിച്ചതച്ചാണ് തൃപ്തിദേശായിയെ ക്ഷേത്രത്തില്‍ കടത്തിവിട്ടത്. അതേ ബി ജെ പിയുടെ കേരളഘടകമാണ് സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ കലാപമുണ്ടാക്കുന്നത്. ബി ജെ പിയുടെ ഇരട്ടത്താപ്പും കോണ്‍ഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കുള്ള മുതലക്കൂപ്പും ജനാധിപത്യവാദികള്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്.