ഇടിക്കൂട്ടില്‍ പ്രതിയോഗിയെ പഞ്ചറാക്കി മേരി കോം കലാശക്കളിക്ക്

Posted on: November 22, 2018 6:48 pm | Last updated: November 22, 2018 at 10:24 pm

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് വെങ്കല്‍ മെഡല്‍ ജേതാവിനെ ഇടിക്കൂട്ടില്‍ നിലംപരിശാക്കി ഇന്ത്യയുടെ അഭിമാന താരം മേരി കോം ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. 48 കിലോ ഫ്‌ളൈ വെയ്റ്റ് വിഭാഗം സെമിയില്‍ ദ. കൊറിയന്‍ താരം കിം ഹുയാംഗ് മിയെ മറുപടിയില്ലാത്ത അഞ്ചു പോയിന്റുകള്‍ക്ക് തരിപ്പണമാക്കിയാണ് മേരി കോം കലാശപ്പോരാട്ടത്തിലേക്ക് പറന്നത്. ഫൈനലില്‍ ജയിച്ചാല്‍ തന്റെ കരിയറിലെ ആറാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം കോമിന്റെ പെട്ടിയിലാകും.

ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തി പതിയെ ആംഭിച്ച താരം പിന്നീടങ്ങോട്ട് ഇടിയുടെ പൂരം തീര്‍ക്കുകയായിരുന്നു. പ്രതിരോധവും ആക്രമണവും സമം ചേര്‍ത്ത പ്രകടനത്തിലൂടെ തന്നെക്കാള്‍ ഉയരമുള്ള പ്രതിയോഗിയെ തീര്‍ത്തും നിഷ്പ്രഭമാക്കാന്‍ ബോക്‌സിംഗ് ഇതിഹാസത്തിനു കഴിഞ്ഞു. അവസാന റൗണ്ടില്‍ ഹുയാംഗ് തിരിച്ചുവരവിനു കിണഞ്ഞു ശ്രമിച്ചെങ്കിലും കോമിന്റെ ആത്മവിശ്വാസം നിറഞ്ഞ പഞ്ചുകളെ മറികടക്കാനായില്ല.