Connect with us

National

ട്വിറ്ററില്‍ റാം-ഉമര്‍ അങ്കം

Published

|

Last Updated

ശ്രീനഗര്‍: അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ജമ്മു കശ്മീരില്‍ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനമെന്ന ബി ജെ പി ദേശീയ ജന. സെക്ര. റാം മാധവിന്റെ പരാമര്‍ശം വിവാദമായി. റാമിന്റെ ആരോപണത്തിന് ചുട്ട മറുപടിയാണ് ഉമര്‍ ട്വിറ്ററില്‍ നല്‍കിയത്. കേന്ദ്ര ഏജന്‍സികളെയെല്ലാം ഉപയോഗപ്പെടുത്തി അദ്ദേഹം തന്റെ ആരോപണം തെളിയിക്കട്ടെയെന്ന് ഉമര്‍ പറഞ്ഞു. അതിനു കഴിഞ്ഞില്ലെങ്കില്‍ മാപ്പു പറയാന്‍ തയ്യാറാകണം.

ഉമറിന്റെ പ്രതികരണത്തിനു ശേഷം ആരോപണത്തില്‍ നിന്ന് റാം ഭാഗികമായി പിന്മാറി. ബാഹ്യ സമ്മര്‍ദങ്ങളൊന്നുമില്ലെന്ന് ഉമര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമറിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്തിട്ടില്ല. എന്റെ വാക്കുകള്‍ രാഷ്ട്രീയപരം മാത്രമാണ്. എന്‍ സിയും പി ഡി പിയും തമ്മില്‍ പെട്ടെന്നുണ്ടായ അടുപ്പവും ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള തിരക്കിട്ട നീക്കവും നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അതുമാത്രമാണ് പറഞ്ഞത്.- റാം പിന്നീട്
ട്വിറ്ററില്‍ കുറിച്ചു.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് സംസ്ഥാനത്ത് അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഉമറിന്റെ എന്‍ സി, മെഹബൂബ മുഫ്തിയുടെ പി ഡി പി പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചതെന്നായിരുന്നു റാമിന്റെ പരാമര്‍ശം. ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള പുതിയ നിര്‍ദേശവും അവര്‍ക്ക് അവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest