രാജ്യത്തെ 50 ശതമാനം എടിഎമ്മുകളും അടച്ചുപൂട്ടുന്നു

Posted on: November 21, 2018 9:23 pm | Last updated: November 22, 2018 at 10:04 am

ന്യൂഡല്‍ഹി: രാജ്യത്തെ 50 ശതമാനം എടിഎം മെഷീനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അടുത്ത മാര്‍ച്ചോടെ 1,15,000 എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2,38,000 എടിഎം മെഷീനുകളാണ് രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

എടിഎം പരിപാലനത്തിന്റെ ചിലവ് വര്‍ധിച്ചതാണ് മെഷീനുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുന്നത്. പുതിയ നോട്ടുകള്‍ വന്നതോടെ അവക്ക് അനുസൃതമായി എടിഎം മെഷീന്‍ സംവിധാനിക്കാന്‍ വന്‍തുക ബാങ്കുകള്‍ക്ക് ചെലവഴിക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടിവരുന്നത്.

എടിഎമ്മുകളുടെ പരിപാലനത്തിന് ഭൂരിഭാഗം ബേങ്കുകളും പുറംകരാറാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം ഓരോ പരിഷ്‌കാരത്തിനും ബാങ്കുകള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ മെഷീനിലെ ക്യാഷ് കാസറ്റ്‌സ് ഒരുക്കുന്നതിന് മാത്രം 3500 കോടി രൂപയാണ് എടിഎം സര്‍വീസ് ഏജന്‍സികള്‍ക്ക് ചെലവായത്. ഇത്രയും തുക പരിപാലന ചെലവായി നീക്കിവെക്കേണ്ടിവരുമ്പോള്‍ വരുമാനത്തില്‍ ഒരു ശതമാനം പോലും വര്‍ധന ഉണ്ടായിട്ടില്ലെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമപ്രദേശങ്ങളിലുള്ള എടിഎമ്മുകളെയാണ് അടച്ചുപൂട്ടല്‍ ഭീഷണി കൂടുതലായും ബാധിക്കുക. അതുകൊണ്ട് തന്നെ എടിഎം അടച്ചുപൂട്ടുന്നത് ഗ്രാമീണരെയാകും കൂടുതലായി ബാധിക്കുക.