Kerala
നെയ്യഭിഷേകത്തിനെത്തുന്ന ഭക്തരെ രാത്രി തിരിച്ചയക്കരുതെന്ന് എജിയോട് ഹൈക്കോടതി

കൊച്ചി: നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശത്തെത്തുടര്‍്ന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായി. ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ് മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു. ശബരിമലയില്‍ അമിതമായ പോലീസ് ഇടപെടലുണ്ടെന്ന് വിമര്‍ശിച്ച കോടതി എജിയോട് നേരിട്ട് ഹാജരാകാന്‍ രാവിലെ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എജി കോടതിയില്‍ ഹാജരായത്.
പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ശിപാര്‍ശ നടപ്പാക്കിയോയെന്നും ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നും കോടതി എജിയോട് ആരാഞ്ഞു. അതേ സമയം ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണത്തെ കോടതി അനുകൂലിച്ചു. എന്തുകൊണ്ടാണ് ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തതെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വേറെ സ്ഥലമുണ്ടെന്ന് എജി ഇതിന് മറുപടി നല്‍കി. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും നടപ്പന്തലില്‍ പ്രശ്‌നമുണ്ടാക്കിയ ആര്‍എസ്എസുകാരാണ് അറസ്റ്റിലായതെന്നും എജി കോടതിയെ ബോധിപ്പിച്ചു. ശബരിമലയില്‍ സംഘമായി എത്തണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ എജി കോടതിയില്‍ സമര്‍പ്പിച്ചു.