ഗള്‍ഫിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ വര്‍ധിക്കുന്നു

Posted on: November 18, 2018 6:24 pm | Last updated: November 18, 2018 at 6:38 pm

ദുബൈ: ഗള്‍ഫിലേക്ക് ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. 2022-ഓടെ ഇന്ത്യയില്‍നിന്നുള്ള യാത്രികരുടെ 37 ശതമാനവും എത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കാകുമെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് (എ ടി എം ) മുന്നോടിയായി നടത്തിയ പഠനം വ്യക്തമാക്കി.

2022 ആകുമ്പോള്‍ 90 ലക്ഷം ഇന്ത്യക്കാര്‍ ജി സി സി രാജ്യങ്ങളില്‍ എത്തുമെന്നാണ് കൊല്ലിയേഴ്സ് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം വ്യക്തമാക്കുന്നത്. വ്യവസായാവശ്യങ്ങള്‍ക്കും തൊഴില്‍ തേടിയും വിനോദത്തിനും വേണ്ടിയാകും ഈ യാത്രകളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2.2 കോടി ഇന്ത്യക്കാരാണ് പ്രതിവര്‍ഷം വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. 2022-ഓടെ ഇന്ത്യയില്‍നിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം 122 ശതമാനം വര്‍ധിച്ച് അഞ്ചു കോടിയാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ കൂടുകയാണ് ചെയ്തതെന്ന് എ ടി എം എക്‌സിബിഷന്‍ ഡയറക്ടര്‍ ഡാനിയല്‍ കാര്‍ട്ടീസ് പറഞ്ഞു. ഈ പ്രവണത ഏറ്റവും കൂടുതല്‍ സഹായമായത് ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ്.

യു എ ഇ ഉള്‍പെടെയുള്ള രാജ്യങ്ങളിലെ പരിഷ്‌കരിച്ച വിസ നിയമങ്ങള്‍, പുതിയ വിനോദകേന്ദ്രങ്ങള്‍, വാണിജ്യ- വ്യവസായ മേഖലയിലെ അവസരങ്ങള്‍ മുതലായവയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നത്. യു എ ഇയിലേക്കും ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞവര്‍ഷം 23 ലക്ഷം ഇന്ത്യക്കാരാണ് യു എ ഇ സന്ദര്‍ശിച്ചത്. യു എസില്‍നിന്നുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഏര്‍വെടുത്തിയതും രണ്ടു ദിവസത്തെ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കിയതുമെല്ലാം ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂട്ടും. ആഴ്ചയില്‍ 1,065 വിമാനങ്ങളാണ് ഇന്ത്യക്കും യു എ ഇക്കും ഇടയില്‍ പറക്കുന്നത്.വെറുതെ സന്ദര്‍ശിക്കുക മാത്രമല്ല വിദേശരാജ്യങ്ങളില്‍ കൂടുതല്‍ പണം ചെലവാക്കുന്നതിലും മുന്നില്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

2300 കോടി യു എസ് ഡോളറാണ് (1,66,700 കോടി രൂപ) ഇന്ത്യക്കാര്‍ പ്രതിവര്‍ഷം വിദേശരാജ്യങ്ങളില്‍ ചെലവഴിക്കുന്നത്. 2022 ആകുമ്പോഴേക്കും ഇത് 4500 കോടി ഡോളറായി (3,26,160 കോടി രൂപ) ഉയരും. ഒരു ഇന്ത്യന്‍ യാത്രികന്‍ ഓരോ യാത്രയിലും ചെലവഴിക്കുന്ന ശരാശരി തുക 1200 ഡോളറാണ് (ഏകദേശം 87,000 രൂപ). അതേസമയം, തൊട്ട് പിന്നിലുള്ള അമേരിക്കന്‍ യാത്രക്കാര്‍ 700 ഡോളറും (50,000 രൂപ), ബ്രിട്ടീഷ് യാത്രികര്‍ 500 ഡോളറുമാണ് (36,000 രൂപ) ഓരോ യാത്രയിലും ചെലവാക്കുന്നത്.