ഹര്‍ത്താല്‍ ശബരിമലയെ രക്ഷിക്കാനോ തകര്‍ക്കാനോ?

Posted on: November 18, 2018 4:51 pm | Last updated: November 18, 2018 at 4:51 pm

സംഘ്പരിവാര്‍ സംഘടനകളുടെ അപ്രഖ്യാപിത ഹര്‍ത്താല്‍ പൊതുജനത്തെ വല്ലാതെ ദുരിതത്തിലാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ സമിതിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി ജെ പി പിന്തുണയും നല്‍കി. പ്രഖ്യാപനം പാതിരാവിലായതിനാല്‍ ബഹുഭൂരിഭാഗം പേരും കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ കാര്യം അറിഞ്ഞിരുന്നില്ല. ഓഫീസിലേക്കും ജോലിസ്ഥലങ്ങളിലേക്കും പുറപ്പെട്ട പലരും ബസ്‌സ്റ്റോപ്പുകളില്‍ എത്തുമ്പോഴാണ് വിവരമറിയുന്നത്. ചികിത്സക്കായി ആശുപത്രികളിലേക്ക് പുറപ്പെട്ട നിരവധി രോഗികള്‍ വാഹനം കിട്ടാതെ തിരിച്ചു പോരേണ്ടി വന്നു. ഹര്‍ത്താല്‍ പ്രഖ്യാപനം അറിയാതെ സര്‍വീസ് തുടങ്ങിയ സ്വകാര്യ ബസുകള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും യാത്രക്കാര്‍ പെരുവഴിയിലായി. ട്രെയിനിലും മറ്റും ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തിയവരില്‍ പലരും വീടുകളില്‍ എത്താന്‍ കഴിയാതെ വിഷമിച്ചു. മെഡിക്കല്‍ കോളജുകളിലേക്കും മറ്റും ട്രെയിനില്‍ എത്തിയ രോഗികളെയും ബന്ധുക്കളെയും പോലീസ് വാഹനങ്ങളാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ശബരിമല തീര്‍ഥാടകരടക്കം ഭക്ഷണം ലഭിക്കാതെ നിരവധി പേര്‍ വലഞ്ഞു.

മണ്ഡലകാലത്ത് സംഘര്‍ഷം സൃഷ്ടിക്കാനും അക്രമം അഴിച്ചു വിടാനും സംഘ്പരിവാര്‍ ശക്തികള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ വന്‍ പോലീസ് സന്നാഹവും സുരക്ഷാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാത്രിയില്‍ സന്നിധാനത്ത് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് സംഘ്പരിവാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത 22 വരെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനിടെയാണ് പോലീസ് ക്രമീകരണങ്ങളെ വകവെക്കാതെ കെ പി ശശികല വെള്ളിയാഴ്ച സന്ധ്യക്ക് ശബരിമലയിലേക്ക് പുറപ്പെട്ടത്. അവര്‍ സന്നിധാനത്തെത്തിയാല്‍ കുഴപ്പങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലില്‍ മാക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞു നിര്‍ത്തുകയും തിരിച്ചുപോകണമെന്നാവശ്യപ്പെടുകയും ചെയ്തു. അവര്‍ നിയമസംവിധാനവുമായി സഹകരിക്കാന്‍ തയ്യാറായില്ല. അവസാനം മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ പുലര്‍ച്ചെ ഒന്നര മണിക്ക് കരുതല്‍ തടങ്കല്‍ എന്ന നിലയില്‍ പോലീസ് അറസ്റ്റ് ചെയ്തു റാന്നിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന ഘട്ടത്തില്‍ ശബരിമലയിലെത്തിയ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി നടത്തിയ ആചാരലംഘനങ്ങളും പോലീസിനെ നോക്കുകുത്തിയാക്കി നടത്തിയ അതിക്രമങ്ങളും പോലീസിനും സര്‍ക്കാറിനും കടുത്ത നാണക്കേട് സൃഷ്ടിച്ചിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ഭക്തര്‍ പതിനെട്ടാം പടി കയറാന്‍ പാടില്ലെന്നാണ് നിയമമെന്നിരിക്കെ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെയാണ് പടികയറിയത്. മാത്രമല്ല, പോലീസിന്റെ മെഗാഫോണ്‍ കൈക്കലാക്കി അദ്ദേഹം സന്നിധാനത്ത് വെച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ കണ്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ശശികല ശബരിമലയിലെത്തിയാലും ഇത്തരം സംഭവങ്ങള്‍, അതിക്രമങ്ങളും ആചാരലംഘനങ്ങളും നടക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തിലാണ് പോലീസ് അവരെ കടത്തി വിടാന്‍ വിസമ്മതിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതു പോലെ, അവര്‍ ശബരിമലയിലെത്തിയത് ഭക്തിയുടെ പേരിലല്ലെന്ന് പോലീസും പൊതു സമൂഹവും വിശ്വസിക്കുന്നു. സമാധാനപരമായ രീതിയില്‍ മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ താറുമാറാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശശികലയുടെ ശ്രമമെന്നും പോലീസ് കരുതുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഹൈന്ദവതീര്‍ഥാടകര്‍ എത്തിച്ചേരുന്ന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. ഈ സാഹചര്യത്തില്‍ സ്ഥലത്ത് സമാധാനം ഉറപ്പു വരുത്താന്‍ നിരോധന സമയത്തുള്ള ശശികലയുടെ മലകയറ്റം തടയുകയല്ലാതെ പോലീസിന് മുമ്പില്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.

നീതിപൂര്‍വമല്ല അറസ്റ്റെന്നും അതില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്നുമാണ് സംഘ്പരിവാറിന്റെ അഭിപ്രായമെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കേണ്ടത് അപ്രതീക്ഷിത ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയല്ല. പ്രതിഷേധത്തിന് അല്ലാതെത്തന്നെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്? മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രമസമാധാനം മെച്ചപ്പെട്ട കേരളത്തെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കുകയാണ് ഈ അക്രമാസക്ത ഹര്‍ത്താലിന്റെ ലക്ഷ്യമെന്ന് സംശയിക്കപ്പെടേണ്ടതുണ്ട്. ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെയും അയ്യപ്പ ഭക്തരുടെയും പേരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ ഏറ്റവുമധികം പ്രയാസം സൃഷ്ടിച്ചത് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തര്‍ക്കാണെന്നതാണ് ഏറെ വിരോധാഭാസം. മണ്ഡലപൂജ കാലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സാധാരണ ഗതിയില്‍ പത്തനംതിട്ട ജില്ലയെ ഒഴിവാക്കാറുണ്ട്. ആ മര്യാദ പോലും ഇവര്‍ കാണിച്ചില്ല. തുലാമാസത്തില്‍ നട തുറന്നപ്പോഴും സംഘ്പരിവാര്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഭണ്ഡാരങ്ങളില്‍ കാണിക്ക ഇടരുതെന്ന് പ്രചാരണം നടത്തി ശബരിമലയിലെ വരുമാനം ഇടിക്കാന്‍ ശ്രമിച്ചിരുന്നതും ഇവര്‍ തന്നെയായിരുന്നല്ലോ.