കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted on: November 17, 2018 7:17 pm | Last updated: November 18, 2018 at 9:59 am

പത്തനംതിട്ട: നിലക്കലില്‍ നിന്ന് അറസ്റ്റ് ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്.

രാവിലെ ഏഴുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍
അര മണിക്കൂറോളം നീണ്ടു. ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ
പരിശോധനയ്ക്കു ശേഷമം മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചു. സുരേന്ദ്രന്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ട്. അടുത്ത കോടതി ദിവസം മാത്രമേ അതു പരിഗണിക്കുകയുള്ളൂ. മജിസ്‌ട്രേറ്റിന് വീടിനു പുറത്തും ശരണം വിളിയുമായി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഇന്നലെ രാത്രിയാണ് ശബരിമല ദര്‍ശനത്തിനായി നിലക്കലെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറികെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇരുമുടിക്കെട്ടുമായി നിലക്കലെത്തിയ സുരേന്ദ്രനെ പോലീസ് സംഘം തടയുകയായിരുന്നു. എന്നാല്‍ എന്ത് സംഭവിച്ചാലും സന്ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് സുരേന്ദ്രന്‍ നിലപാടെടുത്തു. കടത്തിവിട്ടാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും അതുകൊണ്ട് അനുവദിക്കാനാകില്ലെന്നും പോലീസ് വിശദീകരിച്ചു. ഇത് ഏറെ നേരം വാക്ക് തര്‍ക്കത്തിനിടയാക്കി.. മറ്റ് നാല് പേര്‍ക്കൊപ്പമാണ് സുരേന്ദ്രന്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് അരമണിക്കൂറോളം നടന്ന വാഗ്വാദത്തിനൊടുവില്‍ പോലീസ് ബലം പ്രയോഗിച്ച് സുരേന്ദ്രനേയും സംഘത്തേയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേ സമയം ശബരിമല ദര്‍ശനത്തിനെത്തിയ മേരി സ്വീറ്റിയെന്ന യുവതിയെ ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. എന്നാല്‍ തനിക്ക് സ്ന്നിധാനത്തേക്ക് പോകേണ്ടെന്നും പമ്പ വരെ പോയാല്‍ മതിയെന്നും മേരി സ്വീറ്റി പറഞ്ഞു. കഴിഞ്ഞ തുലാമാസ പൂജ കാലത്ത് ഇവര്‍ പമ്പ വരെ എത്തി മടങ്ങിയിരുന്നു.