Connect with us

Kerala

ഹര്‍ത്താല്‍ പ്രഖ്യാപനം നട്ടപ്പുലര്‍ച്ചെ; ഭക്ഷണമില്ല, വാഹനമില്ല, വലഞ്ഞ് ജനം

Published

|

Last Updated

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് എന്നതിനാല്‍, ഇന്ന് രാവിലെയാണ് പലരും ഹര്‍ത്താല്‍ ആണെന്ന വിവരം അറിഞ്ഞത്.

ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനുകളിലും നൂറുകണക്കിന് യാത്രക്കാര്‍ വാഹനങ്ങള്‍ ലഭിക്കാതെ കുടുങ്ങി. ആര്‍സിസി ഉള്‍പ്പെടെ ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും പരീക്ഷകള്‍ക്കായി എത്തിയവരും ജോലി സ്ഥലത്തേക്ക് പോകുന്നവരും ദുരിതത്തിലായി. രാവിലെ, കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് പലതും നിര്‍ത്തിവെച്ചു.

പോലീസ് സംരക്ഷണമുണ്ടെങ്കില്‍ സര്‍വീസ് നടത്തുമെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി. ചില സ്ഥലങ്ങളില്‍ പോലീസ് വാഹനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. ഭക്ഷണം ലഭിക്കാതെ പലരും വലയുന്ന കാഴ്ചയാണ് പലയിടങ്ങളിലും. തിരുവനന്തപുരം ബാലരാമ പുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്ന് രാവിലെയാണ് കല്ലേറുണ്ടായത്.