ലോക സഹിഷ്ണുതാ സമ്മിറ്റിന് പ്രൗഢ തുടക്കം

Posted on: November 16, 2018 12:11 pm | Last updated: November 16, 2018 at 12:11 pm

ദുബൈ: ബഹുസ്വരതയെ പുഷ്ടിപ്പെടുത്തുക, വൈവിധ്യങ്ങളെ വികസിപ്പിക്കുക’ എന്ന പ്രമേയത്തില്‍ ലോക സഹിഷ്ണുതാ സമ്മിറ്റിനു ദുബൈയില്‍ പ്രൗഢമായ തുടക്കം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ സഹിഷ്ണുതാ വകുപ്പ് മന്ത്രിയും ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.

ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അടക്കം ഭരണതലത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു.മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതോടനുബന്ധിച്ച് നടന്ന ചര്‍ച്ചാവേദിയില്‍ പ്രബന്ധമവതരിപ്പിച്ചു.ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള നവീകരിച്ച കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്നതിനുമാണു രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.സഹിഷ്ണുതയും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കുന്നതിനു രണ്ട് പ്രധാന സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ശൈഖ് നഹ് യാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. സഹിഷ്ണുത സംബന്ധമായ കാര്യങ്ങള്‍ക്കായി നാഷണല്‍ റിസര്‍ച്ച് പ്രോജക്ടിനു തുടക്കമിടും. ആഗോളതലത്തില്‍ സഹിഷ്ണുതാ കാര്യങ്ങള്‍ക്കായി പ്രത്യേക അലയന്‍സിനു യു എ ഇ ആരംഭം കുറിക്കുമെന്നും ആദ്ദേഹം പറഞ്ഞു.