Connect with us

Kerala

കേരളാ ബേങ്ക് പ്രവാസികള്‍ക്ക് വലിയ സഹായമാകും; എന്‍ആര്‍ഐ അക്കൗണ്ടിനുള്ള അനുമതി ലഭിച്ചാല്‍ ലോകത്ത് എവിടെ നിന്നും വേഗത്തില്‍ പണം അയക്കാം: മുഖ്യമന്ത്രി

Published

|

Last Updated

കാസര്‍കോട്: കേരള ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണ മേഖലയുടെ ശാക്തികരണത്തിനു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമായി മാറും. സംസ്ഥാനത്തിന്റെ പൊതു ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കേരളത്തിന്റേതായ ഒരു ബാങ്ക് യഥാര്‍ഥ്യമാകുന്നതോടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയും. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള ബാങ്ക് വരുന്നത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണ് ഏറെ മെച്ചമുണ്ടാക്കുക. ജില്ലാ സഹകരണ ബാങ്കുകളുടെ കീഴില്‍ മാത്രം 800 ബ്രാഞ്ചുകളാണുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കേരള ബാങ്കുമായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം ഇടപാടുകാര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങളൊരുക്കുവാനും കഴിയും. കേരള ബാങ്കിന് പ്രാഥമികാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. അന്തിമാനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനം തുടങ്ങുവാന്‍ കഴിയും. എന്‍ആര്‍ഐ അക്കൗണ്ടിനുള്ള അനുമതികൂടി ലഭിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ സഹായമാകും. നിലവില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് ചില പ്രയാസങ്ങളുണ്ട്. ലോകത്ത് എവിടെ നിന്നും വേഗത്തില്‍ കേരള ബാങ്കിലേക്ക് പണം അയക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളിലൂടെ നാട്ടിലുള്ള ബന്ധുകള്‍ക്കും വ്യക്തികള്‍ക്കും അത് ഉടന്‍തന്നെ ലഭ്യമാക്കുന്നതിനും കഴിയും. നാടിന്റെ ആവശ്യം കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ കേരള ബാങ്കിനാകും. കേരള ബാങ്കിന്റെ കാര്യത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നതിന് തെളിവാണ് മറ്റ് സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരുവാന്‍ തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരള മാതൃകയുമായി മുന്നോട്ടു പോവുകയാണ്.

കേരളത്തിലെ സഹകരണ ബാങ്കുകളെയും സംഘങ്ങളെയും തകര്‍ക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതൊന്നും വില പോയില്ല. സഹകരണമേഖല ശക്തമായി തന്നെ മുന്നോട്ടു പോകും. 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്. എത്രകണ്ട് തകര്‍ക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ല. നോട്ട് നിരോധന സമയത്ത് സഹകരണ സ്ഥാപനങ്ങള്‍ക്ക് എതിരായുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ദിവസവും നൂറുകണക്കിന് ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തെ ഒരു വ്യക്തിയെ എന്നപോലെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കുന്ന നിലപാടുകളാണ് ചിലര്‍ സ്വീകരിച്ചത്. ഇടപാടുകള്‍ നടത്തുവാന്‍ പോലും ജനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിട്ടു. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ച് മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കാനും സഹകരണ സ്ഥാപനങ്ങളിലുള്ളത് കള്ളപ്പണമാണെന്നും വരെ പ്രാചരണം നടത്തി.

എന്നാല്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ബാങ്കുകളില്‍ വിശ്വാസമുണ്ടായിരുന്നു. സുതാര്യമായ പ്രവര്‍ത്തനമാണ് നമ്മുടെ സഹകരണ ബാങ്കുകളില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങള്‍ ആശ്ചര്യത്തോടെയാണ് ജനങ്ങള്‍ വീക്ഷിച്ചത്. നിക്ഷേപിച്ച പണത്തിന് എന്താ ഉറപ്പ് എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായപ്പോള്‍ സര്‍ക്കാര്‍ പരസ്യമായിതന്നെ ഗ്യാരണ്ടി പ്രഖ്യാപിച്ചത് സഹകരണ മേഖലയ്ക്ക് വലിയ ആശ്വാസമായി. ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി തന്നെ ഉറപ്പു നല്‍കിയത് ജനങ്ങള്‍ക്കും സഹകരണ മേഖലയ്ക്കും വലിയ ആശ്വാസമായി. സഹകരണ ബാങ്കുകള്‍ക്കെതിരായി നടത്തിയ പ്രചരണങ്ങള്‍ക്ക് പിന്നില്‍ വേറെ ചില താല്‍പര്യങ്ങളായിരുന്നുവെന്ന് നമ്മള്‍ക്ക് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. ചില പ്രധാന ബാങ്കുകള്‍ അത്യാവശ്യഘട്ടത്തില്‍ പുറംതിരിഞ്ഞുനിന്നപ്പോള്‍ മാതൃകാപരമായ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയത്. അടുത്തകാലത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാന ബാങ്കുകളില്‍ നിന്ന് ചില ദുരനുഭവം ഉണ്ടായപ്പോഴും സഹായത്തിനെത്തയതും സഹകരണ ബാങ്കുകളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.