ഇരുമ്പാണികള്‍, ആഭരണങ്ങള്‍, സേഫ്റ്റി പിന്നുകള്‍….കടയിലല്ല, കണ്ടെത്തിയത് യുവതിയുടെ ഉദരത്തില്‍

Posted on: November 13, 2018 2:22 pm | Last updated: November 13, 2018 at 5:16 pm

അഹമ്മദാബാദ്: മഹാരാഷ്ട്രയില്‍ യുവതിയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്തത് 1.5 കിലോഗ്രാം വരുന്ന ആണികളും പിന്നുകളും ആഭരണങ്ങളും മറ്റും. കടുത്ത വയറു വേദനയെ തുടര്‍ന്ന് ഇവിടുത്തെ സിവില്‍ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച സംഗീത (40) എന്ന
യുവതിയെ ശസ്ത്രക്രിയക്കു വിധേയയാക്കിയപ്പോഴാണ്
ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചുകൊണ്ട് ഇത്രയും വസ്തുക്കള്‍ കണ്ടെടുത്തത്. ഒരിഞ്ചു നീളമുള്ള ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റി പിന്നുകള്‍, യു പിന്‍, ഹെയര്‍ പിന്‍, ബ്രേസ്‌ലെറ്റുകള്‍, താലിമാല, ചെമ്പു മോതിരം, വളകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉദരത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ മാസം 31ന് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഷഹര്‍കോദ്ഡയിലെ തെരുവില്‍ വിറളി പിടിച്ച് ഓടുകയായിരുന്ന സംഗീതയെ വഴിപോക്കരാണ് ആശുപത്രിയിലെത്തിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്നീട് ഇവരെ മാനസികാശുപത്രിയിലാക്കി.

‘യുവതിയുടെ ഉദരം പാറ പോലെ ഉറപ്പുള്ളതായി തീര്‍ന്നിരുന്നു. ഉദരത്തില്‍ വലിയ വീക്കം രൂപപ്പെട്ടതായും സേഫ്റ്റി പിന്നുകള്‍ ശ്വാസകോശത്തില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും എക്‌സ്‌റേയില്‍ കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുകയായിരുന്നു.’ – സിവില്‍ ആശുപത്രി ജനറല്‍ സര്‍ജറി ഡിപ്പാര്‍ട്ടുമെന്റിലെ സീനിയര്‍ സര്‍ജന്‍ നിതിന്‍ പാര്‍മര്‍ പറഞ്ഞു. കടുപ്പമുള്ളതും ദഹിക്കാത്തതുമായ വസ്തുക്കള്‍ ഭക്ഷിക്കുന്ന അക്യുപേഷ്യ എന്ന അപൂര്‍വ രോഗത്തിനു അടിമയായിരുന്നു സംഗീത. പൊതുവെ മാനസിക രോഗികളിലാണ് ഈ അസുഖം കണ്ടുവരുന്നത്. ശസ്ത്രക്രിയ രണ്ടര മണിക്കൂര്‍ നീണ്ടതായും അദ്ദേഹം വ്യക്തമാക്കി. ഡോക്ടര്‍മാരായ ഗജേന്ദ്ര, ലോമേഷ്, ശശാങ്ക് എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു.

യുവതിയുടെ സഹോദരനെ കണ്ടുപിടിച്ച് വിവരമറിയിച്ചെങ്കിലും മൂന്നു തവണ വീട്ടില്‍ നിന്ന് ചാടിപ്പോയതിനാല്‍ ഇവരെ സ്വീകരിക്കാന്‍ കുടുംബം വിസ്സമ്മതിച്ചതായി ഗവ. ഹോസ്പിറ്റല്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തിലെ മനോരോഗ വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അര്‍പ്പന്‍ നായക് വെളിപ്പെടുത്തി.