Kerala
കട്ടച്ചിറ പള്ളി തര്‍ക്കം: മാത്തുക്കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

കട്ടച്ചിറ: കായംകുളം കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനൊന്നു ദിവസമായി സംസ്‌കരിക്കാന്‍ സാധിക്കാതിരുന്ന മൃതദേഹം സംസ്‌കരിച്ചു.കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ (മാത്തുക്കുട്ടി 95) മൃതദേഹമാണ് രാവിലെ എട്ട് മണിയോടെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്‌കരിച്ചത്. വൈദികനായ കോച്ചുമകന്‍ ഫാ.ജോര്‍ജി ജോണിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
നവംബര്‍ മൂന്നിന് മരിച്ച മാത്തുക്കുട്ടിയുടെ മൃതദേഹം ശീതീകരിച്ച പെട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച് വരികയായിരുന്നു. സംസ്‌കാരത്തിന് കലക്ടര്‍ അന്ത്യ ശാസനം നല്‍കിയിരുന്നു. യാക്കോബായ അംഗമായ മാത്തുക്കുട്ടിയുടെ ഇടവകയിലെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീം കോടതി ഉത്തരവായിരുന്നു. എന്നാല്‍ വിധി നടത്തിപ്പില്‍ വ്യക്തത വരാത്തതിനാല്‍ പള്ളി രണ്ട് പക്ഷത്തിനും നല്‍കാതെ ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് മാത്തുക്കുട്ടിയുടെ സംസ്‌കാരം അനശ്ചിതത്വത്തിലായത്.