വ്യാജ വാര്‍ത്തകള്‍; ട്വിറ്റര്‍ സി ഇ ഒ രാഹുല്‍ ഗാന്ധിയെ കണ്ടു

Posted on: November 12, 2018 5:08 pm | Last updated: November 12, 2018 at 5:08 pm


ന്യൂഡല്‍ഹി: ട്വിറ്റര്‍ സി ഇ ഒ. ജാക്ക് ഡോഴ്‌സി കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്ററില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനും ആരോഗ്യപരമായ ആശയവിനിമയങ്ങള്‍ പ്രചോദിപ്പിക്കുന്നതിനും സാമൂഹിക മാധ്യമം സ്വീകരിക്കുന്ന വിവിധ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഡോഴ്‌സി പങ്കുവെച്ചതായി രാഹുല്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞാഴ്ച ഇദംപ്രഥമമായി ഇന്ത്യയിലെത്തിയ ഡോഴ്‌സി നേരത്തെ ദലൈ ലാമയെയും സന്ദര്‍ശിച്ചിരുന്നു. ‘വിസ്മയമുണര്‍ത്തുന്ന അധ്യാപകന്‍’ എന്നാണ് അദ്ദേഹം ലാമയെ വിശേഷിപ്പിച്ചത്. കേന്ദ്ര ഐ ടി മന്ത്രി രവി ശങ്കര്‍ പ്രസാദിനെയും ഡോഴ്‌സി കാണുമെന്ന് അറിയുന്നു.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ട്വിറ്ററില്‍ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നതായി വ്യാപക പരാതിയുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സി ഇ ഒയുടെ ഇന്ത്യാ സന്ദര്‍ശനം.