അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ കുറെക്കൂടി സജീവമായ പങ്കുവഹിക്കണമെന്ന് റഷ്യ

Posted on: November 12, 2018 3:27 pm | Last updated: November 12, 2018 at 4:36 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് റഷ്യന്‍ നേതൃത്വത്തില്‍ താലിബാനുമായി വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ഉന്നതതല ചര്‍ച്ച പ്രാഥമിക ഫലങ്ങളുളവാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത കാലം വരെ താലിബാനെ ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയിരുന്ന ഇന്ത്യയുടെ നിലപാടിലും മാറ്റം വരുത്താന്‍ ചര്‍ച്ച വഴിതെളിച്ചതായാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍. ഇതാദ്യമായി താലിബാനുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം നിര്‍ണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും പങ്കാളിത്തം അനൗദ്യോഗികമാണെന്ന് നേരത്തെ വ്യക്തമാക്കിയ സര്‍ക്കാര്‍ മുന്‍ നയതന്ത്ര പ്രതിനിധികളെയാണ് ചര്‍ച്ചക്കയച്ചത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യ കുറെക്കൂടി സജീവമായ പങ്കു വഹിക്കണമെന്ന നിര്‍ദേശം റഷ്യ മുന്നോട്ടു വച്ചിട്ടുണ്ട്.

രാഷ്ട്രീയപരമായ നീക്കങ്ങളിലൂടെ മാത്രമെ അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും പങ്കെടുപ്പിച്ചുള്ള ദേശീയ സമവായ നീക്കങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്‍ ജനതയുടെ താത്പര്യങ്ങളാകണം രാഷ്ട്രീയ നേതാക്കളെ നയിക്കേണ്ടത്. വ്യക്തി, ഗ്രൂപ്പ് താത്പര്യങ്ങളാകരുത്. പാക്കിസ്ഥാന്റെ ഉപജാപങ്ങള്‍ തടയാന്‍ റഷ്യ ശ്രമിക്കുമെന്നതിന്റെ സൂചനയായാണ് ഇതിനെ ഇന്ത്യന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അഫ്ഗാനില്‍ 17 വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന് അന്ത്യം കുറിക്കുക ലക്ഷ്യമിട്ടാണ് റഷ്യ മുന്‍കൈയെടുത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമെ ഏതൊരു ചര്‍ച്ചക്കും പ്രസക്തിയുള്ളൂവെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് താലിബാന്‍. ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്കൈയുടെ നേതൃത്വത്തിലുള്ള താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ചയിലും ഇതാവര്‍ത്തിച്ചു.