Wayanad
ഇസ്‌ലാം ലക്ഷ്യമിടുന്നത് ഗുണകാംക്ഷ: കാന്തപുരം

മാനന്തവാടി: ഇസ്‌ലാം സമൂഹത്തിന്റെ ഗുണകാംക്ഷയാണ് ലക്ഷ്യമിടുന്നതെന്നും സംഹാരവും കലാപവും മത വിശ്വാസിക്ക് ഒരു നിലക്കും ചേരില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മാനന്തവാടി പള്ളിക്കല്‍ മദീനതുന്നസ്വീഹയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.
മതമെന്നാല്‍ പൊതുസമൂഹത്തിന്റെ ഗുണകാംക്ഷയാണെന്നാണ് പ്രവാചകനായ മുഹമ്മദ് നബി പഠിപ്പിച്ചത്. തന്റെ സഹോദരന്റെ നന്മയും സന്തോഷവുമായിരിക്കണം മനുഷ്യ മനസിലുണ്ടാവേണ്ടത്. അതില്ലാതെ വരുമ്പോഴാണ് വിദ്വേഷവും സങ്കുചിത താത്പര്യങ്ങളും ഉടലെടുക്കുന്നത്. യഥാര്‍ഥ മതവിശ്വാസിക്ക് അയല്‍ക്കാരനെയും വേദനിക്കുന്ന മനുഷ്യനെയും സ്‌നേഹിക്കാനും സാന്ത്വനിപ്പിക്കാനുമേ കഴിയൂ. പ്രവാചകന്‍ പഠിപ്പിച്ചതും ഇത്തരമൊരു സന്ദേശമാണ്. ലോകം നബിദിനത്തോടനുബന്ധിച്ച് പ്രവാചക ദര്‍ശനങ്ങളെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഇതിനെതിരെ പ്രചാരണം നടത്തുന്ന ഇസ്‌ലാമിലെ ചിന്താവ്യതിയാനക്കാര്‍ യഥാര്‍ഥ വിശ്വാസികളല്ലെന്നും കാന്തപുരം പറഞ്ഞു.
മദീനതുന്നസ്വീഹ (സെന്റര്‍ ഫോര്‍ നോളജ് ആന്റ് ക്വസ്റ്റ്) ദഅവ കോളജ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും കാന്തപുരം നിര്‍വഹിച്ചു. മെസ് ഹാളിന്റെ ഉദ്ഘാടനം സയ്യിദ് അലി ബാഫഖി നിര്‍വഹിച്ചു. നസ്വീഹ കാമ്പസില്‍ നടന്ന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു.
എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കെ അബ്ദുന്നാസര്‍, കൈപ്പാണി അബൂബക്കര്‍ ഫൈസി, വി എസ് കെ തങ്ങള്‍, സയ്യിദ് ചെറിയ കോയ തങ്ങള്‍, സയ്യിദ് ഹാഷിം തങ്ങള്‍, കെ ഒ അഹ്മദ് കുട്ടി ബാഖവി, തരുവണ കെ അബ്ദുല്ല മുസ്‌ലിയാര്‍, കെ എസ് മുഹമ്മദ് സഖാഫി, പി സി ഉമറലി, കെ കെ മുഹമ്മദലി ഫൈസി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കുന്നളം, അലവി സഅദി റിപ്പണ്‍, കുഞ്ഞിമൊയ്തീന്‍ സഖാഫി ചുണ്ട, ശമീര്‍ ബാഖവി, യു പി അലി ഫൈസി പ്രസംഗിച്ചു.
എസ് ശറഫുദ്ദീന്‍ സ്വാഗതവും ഫള്‌ലുല്‍ ആബിദ് നന്ദിയും പറഞ്ഞു. സ്വലാത്ത് വാര്‍ഷികത്തിന് സയ്യിദ് സഅദുദ്ദീന്‍ ഹൈദ്രോസി വളപട്ടണം, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി നേതൃത്വം നല്‍കി. നേരത്തെ നടന്ന സാംസ്‌കാരിക സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.