ഛത്തീസ്ഗഢില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നാളെ

Posted on: November 11, 2018 6:18 pm | Last updated: November 11, 2018 at 8:58 pm

ജഗ്ദല്‍പൂര്‍: ഛത്തീസ്ഗഢില്‍ ആദ്യ ഘട്ട നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ശക്തവും വിപുലവുമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മാവോയിസ്റ്റുകളുടെ ആക്രമണ ഭീഷണി കണക്കിലെടുത്താണിത്. ആകെയുള്ള 90ല്‍ 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. നവം: 20 നാണ് ബാക്കിയുള്ള സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുക.
ഛത്തീസ്ഗഢിന്റെ ചരിത്രത്തിലാദ്യമായി ആളില്ലാ സൈനിക വിമാനങ്ങള്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കും. മാവോയിസ്റ്റ് ബാധിത മേഖലകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മഹാരാഷ്ട്ര. തെലുങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് കേന്ദ്രീകരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പത്തു വര്‍ഷത്തിലധികമായി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇന്ന് രാവിലെ തലസ്ഥാനമായ റായ്പൂരിനു 175 കിലോമീറ്ററുകള്‍ അകലെ കാന്‍കറില്‍ ഏഴു സ്‌ഫോടനങ്ങള്‍ നടത്തിയ മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘട്ടനത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഒരു സൈനികന്് പരുക്കേറ്റു. അബൂജ്മാദ് വനാന്തരങ്ങളില്‍ ഒരു സംഘം മാവോയിസ്റ്റുകള്‍ നീങ്ങുന്നതായി ആളില്ലാ വിമാനത്തിലെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ശക്തമായ ഒളിയാക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്തുന്ന തീവ്രവാദികള്‍ക്കെതിരെ ചടുല നീക്കങ്ങള്‍ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവര്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.