പിഴ ആയിരം ദിര്‍ഹം; അമിത വേഗതക്കെതിരെ ദുബൈ പോലീസ്

Posted on: November 9, 2018 4:02 pm | Last updated: November 9, 2018 at 4:02 pm

ദുബൈ: അമിത വേഗതക്കും അശ്രദ്ധക്കുമെതിരെ ദുബൈ പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ റോഡുകളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് റോഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പോലീസ് രംഗത്തെത്തിയത്. അപകടങ്ങളെ തുടര്‍ന്ന് ഒട്ടനവധി പേര്‍ക്ക് മാരകമായി പരിക്ക് പറ്റിയിരുന്നു.
അനുവദിച്ച വേഗ പരിധിയില്‍ മാത്രമെ വാഹനമോടിക്കാവൂവെന്ന് പോലീസ് അറിയിച്ചു. അമിത വേഗത മൂലം കഴിഞ്ഞ ദിവസം രാവിലെ ഏഴു മുതല്‍ ഒമ്പത് വരെയുള്ള സമയങ്ങളില്‍ മാത്രം നാല് അപകടങ്ങളാണ് സംഭവിച്ചത്. മാരകമായ പരിക്കുകളാണ് അപകടത്തെ തുടര്‍ന്ന് വാഹനങ്ങളിലുണ്ടായ യാത്രക്കാര്‍ക്ക് സംഭവിച്ചത്. വന്‍ ഗതാഗത സ്തംഭനവും രൂപപെട്ടുവെന്ന് ദുബൈ പോലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

അമിത വേഗതയില്‍ വാഹനമോടിച്ചതിന് 260,000 പേര്‍ക്കാണ് പിഴ ഏര്‍പെടുത്തിയത്. കഴിഞ്ഞ ജൂലൈയില്‍ സന്ദര്‍ശക വിസയിലെത്തിയ ഒരു വിദേശി സ്‌പോര്‍ട്‌സ് കാര്‍ വാടകക്ക് എടുക്കുകയും നാല് മണിക്കൂറുകള്‍ക്കുള്ളില്‍ 170,000 ദിര്‍ഹം പിഴ ഒടുക്കേണ്ടുന്ന രീതിയില്‍ നിയമ വിരുദ്ധമായി വാഹനമോടിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി. മറ്റുള്ള റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകും വിധം റഡാറുകളെ തമസ്‌കരിച്ചു വാഹനമോടിച്ചതാണ് ഇയാള്‍ക്ക് ഇത്രയും ഭീമമായ തുക പിഴ ചുമത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

യു എ ഇ നിയമം അനുസരിച്ചു ചില പ്രധാന റോഡുകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയേക്കാളും അമിതമായി വാഹനമോടിച്ചാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1250 ഗുരുതരമായ അപകടങ്ങളാണ് ദുബൈയില്‍ റിപോര്‍ട് ചെയ്തത്. 23 പേരുടെ ജീവനുകളാണ് ഈ അപകടങ്ങളില്‍ ഹോമിക്കപെട്ടത്. 884 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തുവെന്ന് റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പെട്ടന്ന് ലൈനുകള്‍ മാറുന്നതും അമിത വേഗതക്കൊപ്പം അപകടമുണ്ടാക്കുന്ന പ്രധാന കാരണമാണ്. അശ്രദ്ധമായി പെട്ടന്ന് നിരകള്‍ മാറിയതിനെ തുടര്‍ന്നുണ്ടണ്ടായ അപകടങ്ങളില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 300 പേര്‍ക്കാണ് ഇത്തരം അപകടങ്ങളില്‍ ഗുരുതരമായി പരിക്ക് പറ്റിയത്.

ചെറിയ വാഹനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ച പാതകളില്‍ കൂടിയല്ലാതെ യാത്ര ചെയ്തതിന്റെ പേരിലും അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാത്തത് മൂലവും നിരവധി അപകടങ്ങളുണ്ടായെന്ന് പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.