ഈ വര്‍ഷം 151 കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് ദുബൈ പോലീസ്

വാഹനങ്ങളില്‍ അകപ്പെട്ട കുട്ടികളെ രക്ഷപെടുത്തിയ 75 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക് ചെയ്തതിന് ശേഷം കുട്ടികളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് കഴിയാതെ വന്ന ഘട്ടങ്ങളില്‍ പോലീസ് സഹായം തേടുകയായിരുന്നു
Posted on: November 8, 2018 4:43 pm | Last updated: November 8, 2018 at 4:43 pm

ദുബൈ: നടപ്പുവര്‍ഷം സെപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ വിവിധ അപകടങ്ങളില്‍ നിന്ന് 151 കുട്ടികളെ രക്ഷപെടുത്തിയെന്ന് ദുബൈ പോലീസ്. വാഹനങ്ങള്‍, വീടുകള്‍, എലിവേറ്റര്‍ എന്നിവിടങ്ങളില്‍ നടന്ന അപകടങ്ങളില്‍ നിന്നാണ് കുട്ടികളെ രക്ഷിച്ചതെന്ന് പോലീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ചിലരെ ശ്വാസം മുട്ടി മരിക്കുമെന്ന ഘട്ടത്തിന്റെ ഏതാനും മിനിറ്റുകള്‍ മുന്‍പാണ് രക്ഷപ്പെടുത്താനായതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടങ്ങള്‍ സംഭവിച്ചതെന്ന് ദുബൈ പോലീസിന് കീഴിലെ ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് റെസ്‌ക്യൂ മേധാവി ലഫ്. കേണല്‍ അബ്ദുല്ല അലി ബിഷോഹ് പറഞ്ഞു.

വാഹനങ്ങളില്‍ അകപ്പെട്ട കുട്ടികളെ രക്ഷപെടുത്തിയ 75 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക്ക് ചെയ്തതിന് ശേഷം കുട്ടികളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് കഴിയാതെ വന്ന ഘട്ടങ്ങളില്‍ പോലീസ് സഹായം തേടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളില്‍ കുട്ടികള്‍ അകപെടുക എന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. ശ്വാസം മുട്ടി മരിക്കുന്നതിനുള്ള സാധ്യത ഏറെ കൂടുതലാണെന്ന കാരണത്താല്‍ അവരുടെ സുരക്ഷ അതീവ പ്രാധാന്യമുള്ളതാണെന്ന് അവര്‍ പറഞ്ഞു.

മിക്ക അപകടങ്ങളും മാളുകളിലും പാര്‍ക്കുകളിലുമാണ് സംഭവിച്ചിട്ടുള്ളത്. രക്ഷിതാക്കള്‍ തങ്ങളുടെ ഉദ്ധിഷ്ട സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ അശ്രദ്ധമായി പെരുമാറുന്നതിനാലാണ് അപകടമേറെയും സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.