നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയെന്ന് മന്‍മോഹന്‍ സിംഗ്

Posted on: November 8, 2018 1:32 pm | Last updated: November 8, 2018 at 3:37 pm

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ അതിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് സര്‍ക്കാരും പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്താന്‍ നോട്ടു നിരോധനം സഹായകമായെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ ചിന്താശൂന്യവും നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതുമായ നടപടിയെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശേഷിപ്പിച്ചത്. നോട്ടു നിരോധനത്തിന്റെ പൂര്‍ണമായ അനന്തര പ്രത്യാഘാതങ്ങള്‍ രാജ്യം അറിയാനിരിക്കുന്നതേയുള്ളൂ.

കള്ളപ്പണം കണ്ടെത്താനും നികുതി വരുമാനം വര്‍ധിപ്പിക്കാനും നടപടി സഹായിച്ചതായി തന്റെ ഫേസ് ബുക്ക് ബ്ലോഗില്‍ ധനമന്ത്രി കുറിച്ചു. അതേസമയം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും താറുമാറാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിച്ചേല്‍പ്പിച്ചതെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ പ്രതികരണം. പ്രായ-ലിംഗ-മത-വര്‍ഗ ഭേദമില്ലാതെ രാജ്യത്തെ ഓരോ പൗരനെയും നോട്ടു നിരോധനം ദോഷകരമായി ബാധിച്ചു.

നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികം കോണ്‍ഗ്രസ് കരിദിനമായാണ് ആചരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് മറ്റു നിരവധി പ്രതിപക്ഷ നേതാക്കളും പറഞ്ഞു. നോട്ടു നിരോധന കുംഭകോണത്തിലൂടെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു. സാമ്പത്തിക രംഗത്തെ ജീര്‍ണിപ്പിക്കുകയും ജനജീവിതം ദുരിതത്തിലേക്കു തള്ളിവിടുകയും ചെയ്തവര്‍ക്ക് കനത്ത തിരിച്ചടി തന്നെ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.