സനലിനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: November 8, 2018 12:06 pm | Last updated: November 8, 2018 at 4:19 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടര്‍ന്ന് കാറിടിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി കണ്ടെത്തി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവ നടന്ന ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘം കാറിടിച്ച് റോഡില്‍ കിടന്ന സനലിനെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും ആശുപത്രിയില്‍ പോകുന്നതിന് പകരം നേരെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. അപ്പോഴേക്കും യുവാവിന്റെ സ്ഥിതി ഗുരുതരമായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. അപ്പോഴേക്കും അപകടം നടന്ന ഒന്നര മണിക്കൂറോളം ആയിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സനല്‍ മരിച്ചിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാനാണ് സനലുമായി ആദ്യം പോലീസ് സ്‌റ്റേഷനിലേക്ക് പോയതെന്നാണറിയുന്നത്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.