Connect with us

National

അമിത് ഷായുടെ വിവാദ പ്രസ്താവനക്കെതിരെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഒക്ടോ: 27ന് കണ്ണൂരില്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനടക്കം 49 പേരാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരായ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വച്ചിട്ടുള്ളത്. ഭരണഘടനാ വിരുദ്ധമായി പ്രസംഗിച്ച ഷാക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അമിത് ഷാക്ക് കടിഞ്ഞാണിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.

പ്രായോഗികമാക്കാന്‍ സാധിക്കുന്ന ഉത്തരവുകള്‍ മാത്രമേ പരമോന്നത കോടതി പുറപ്പെടുവിക്കാന്‍ പാടുള്ളൂവെന്നും കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്നുമുള്ള പരാമര്‍ശങ്ങള്‍ ഒട്ടും ഉചിതമായില്ലെന്നാണ് മുന്‍ ഉദ്യോഗസ്ഥരുടെ പ്രധാന ആരോപണം. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുമെന്നും ഷാ പറയുകയുണ്ടായി. കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന രൂപത്തിലുള്ള പ്രസ്താവനകള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ തന്നെ പുറപ്പെടുവിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനാ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നത്. ഇത് ലംഘിക്കുന്ന പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. ഭരണഘടനാ വിരുദ്ധവും ദേശീയ രാഷ്ട്രീയത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതുമായ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുക, പാര്‍ട്ടി അധ്യക്ഷനെ പ്രധാനമന്ത്രി ഉപദേശിക്കുക തുടങ്ങിയവക്കു പുറമെ ഭരണഘടനാ ലംഘനം പരിശോധിച്ച് രാഷ്ട്രപതി നടപടിയെടുക്കണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരാവകാശ മുന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുല്ല, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് നിതിന്‍ ദേശായ്, സംയുക്ത ഇന്റലിജന്‍സ് സമിതി മുന്‍ ചെയര്‍. ആര്‍ ഗോവിന്ദരാജന്‍, ഇറ്റാലിയന്‍ മുന്‍ അംബാസഡര്‍ കെ പി ഫാബിയാന്‍, തുറമുഖ മന്ത്രാലയം മുന്‍ അഡീഷണല്‍ സെക്ര. എസ് പി അംബ്രോസ്, വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ധനകാര്യ ഉപദേഷ്ടാവ് എന്‍ ബാലഭാസ്‌കര്‍, പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡി ജി പിയായിരുന്ന മീര സി ബോര്‍വങ്കര്‍ തുടങ്ങിയ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്.