Connect with us

Articles

ബദല്‍ രേഖയുടെ പൊരുളും ന്യൂനപക്ഷങ്ങളുടെ ദൈന്യതയും

Published

|

Last Updated

സി എം പി സ്ഥാപകനും ഒരു കാലത്ത് സി പി എമ്മിന്റ പടക്കുതിരയും ആയിരുന്ന എം വി രാഘവന്‍ ഓര്‍മയായിട്ട് നാളെ നാല് വര്‍ഷം തികയുകയാണ്. എം വി ആര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തന്റെ “ബദല്‍രേഖ”യില്‍ കൂടി എം വി ആര്‍ ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഇന്നും വളരെ പ്രസക്തമായി തന്നെ നില്‍ക്കുകയാണ്.

രാഷ്ട്രീയ രംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണല്ലോ സി എം പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസങ്ങള്‍ 1985-86 കളില്‍ സി പി എമ്മില്‍ ഉണ്ടായി. ഇടതുമുന്നണിക്കെതിരായി നിലകൊള്ളുന്ന യു ഡി എഫ് അന്ന് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താം എന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്. ന്യൂനപക്ഷ- ഭൂരിപക്ഷ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ പ്രസക്തമായിരിക്കുന്ന സാഹചര്യത്തില്‍ അന്നത്തെ സംഭവങ്ങളെ സംബന്ധിച്ച് ഒരു എത്തിനോട്ടം നടത്തുന്നത് ഗുണകരമായിരിക്കും.

പാര്‍ട്ടിയില്‍ വിവിധ ഘടകങ്ങളിലും സംഘടനകളിലും സി പി എമ്മിന്റെ പാര്‍ട്ടി നയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നത് പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സി പി എം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാത്തിലാണ് മുസ്‌ലിം ലീഗ്, കേരളകോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന സി പി എം കത്തിനെതിരായി എം വി രാഘവന്‍, കുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസമേനോന്‍, വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാംകുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുമായുള്ള മുന്നണി പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്രകമ്മിറ്റിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് സമര്‍ഥിച്ചുകൊണ്ടും ഒരു ഭിന്നാഭിപ്രായ കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെയും, പാര്‍ട്ടി സമ്മേളനത്തിന് മുമ്പാകെയും അവതരിപ്പിച്ചത്.

ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ മൗലികമായ അവകാശങ്ങള്‍ പോലും ഇന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്നും സി പി എം പാര്‍ട്ടി പരിപാടിയില്‍ (1968-ല്‍) അടിവരയിട്ടത് ബദല്‍രേഖയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അത് ന്യൂനപക്ഷ പ്രീണനമാകുമെന്നും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് എതിരാകുമെന്നുമുള്ള വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ഏറ്റവും കടുത്ത വെല്ലുവിളി നേരിടുകയാണ്. ന്യൂനപക്ഷ വിരുദ്ധരുടെ ഭരണമാണ് രാജ്യത്ത് ഉള്ളതെന്ന് ആര്‍ക്കും നിക്ഷേധിക്കാനും കഴിയുകയില്ല. സി പി എം പാര്‍ട്ടി പരിപാടിയില്‍ അടിവരയിട്ട് പറയുന്നതുപോലെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ പോലും അനുസ്യൂതം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ന് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ അവരുടെ നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും അവകാശങ്ങള്‍ അകെ നിഷ്‌കരുണം നിഷേധിക്കപ്പെട്ട ഒരു വിഭാഗമായി ഇക്കൂട്ടര്‍ മാറിയിരിക്കുകയാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ കൂട്ടക്കൊലക്കു വരെ നിരന്തരം ഇരയാകുകയും ചെയ്യുകയാണ്. ന്യൂനപക്ഷ വിഭാഗക്കാര്‍ പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്ന കന്നുകാലി കച്ചവടവും മാംസ കച്ചവടവും പോലുള്ള തൊഴിലുകള്‍ ചെയ്യാന്‍ അനുവദിക്കാതെ ഇവരുടെ ജീവിതോപാധികള്‍ ആകെ ഇല്ലാതാക്കുകയാണ്. ഫലത്തില്‍ ന്യൂനപക്ഷങ്ങളുടെ പൗരാവകാശങ്ങള്‍ പോലും ഭരണകൂടം കവര്‍ന്നെടുക്കുന്ന ചിത്രങ്ങളാണ് രാജ്യത്തൊട്ടാകെ കാണാന്‍ കഴിയുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരായി കൊലക്കത്തി ഉയര്‍ത്തുന്നവര്‍ക്ക് ഇന്നത്തെ ഭരണകൂടം സംരക്ഷണം നല്‍കുകയും ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചുപറ്റുന്നതിനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ഏറ്റവും ഒടുവില്‍ അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച ശക്തികള്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കാനുള്ള ശക്തമായ പുറപ്പാടിലാണ്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് നീണ്ടുപോകുന്നത് കൊണ്ട് കോടതിയെ തന്നെ നോക്കുകുത്തിയാക്കി രാമക്ഷേത്രം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സംഘ്പരിവാര്‍ തീരുമാനിച്ചിരിക്കുന്നത്. 1992ല്‍ ബാബരിമസ്ജിദ് തകര്‍ന്നതോടുകൂടി ഇന്ത്യന്‍ മതേതരത്വം യഥാര്‍ഥത്തില്‍ വെറും കടലാസില്‍ മാത്രമുള്ള ഒന്നായി മാറിയിരിക്കുകയാണല്ലോ.
രാജ്യത്തെ ഭരണകൂടം ജുഡീഷ്യറിയെ വിശ്വാസത്തില്‍ എടുക്കാനേ തയ്യാറാകുന്നില്ല. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന മൂന്ന് നെടും തൂണുകളാണ് എക്‌സിക്യൂട്ടീവ്, പാര്‍ലിമെന്റ്, ജ്യുഡീഷ്യറി എന്നിവ. ഈ മൂന്ന് ഘടകങ്ങള്‍ക്കും തുല്യ പ്രധാന്യമാണ് ഭരണഘടന നല്‍കിയിരിക്കുന്നത്. ജ്യുഡീഷ്യറിയെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടീവ് തന്നെ കാര്യങ്ങള്‍ ആകെ ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാറിനുള്ളതെന്ന കാര്യം വളരെ വ്യക്തമാണ്. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കൊളീജിയം തീരുമാനത്തെ പോലും അംഗീകരിക്കാന്‍ കേന്ദ്ര ഭരണകൂടം വൈമുഖ്യം കാട്ടുന്നു. ഫലത്തില്‍ ജ്യുഡീഷ്യറി തന്നെ ഇവിടെ വെറും ഒരു നോക്കുകുത്തിയാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ മാത്രമല്ല കേന്ദ്രമന്ത്രിമാര്‍ തന്നെ പരസ്യമായി പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനര്‍ഥം പരമോന്നത കോടതിയായ സുപ്രീം കോടതിയെപ്പോലും രാജ്യത്തെ ഭരണവര്‍ഗം അംഗീകരിക്കുന്നില്ലെന്നുള്ളത് തന്നെയാണ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍തന്നെ ആരംഭിക്കുമെന്ന് സാരം.
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിന്റെ കടുത്ത വെല്ലുവിളിയേയും കിരാതമായ കടന്നാക്രമണങ്ങളേയും നേരിടാന്‍ പോകുകയാണ്. ഇവരെ ആര് സംരക്ഷിക്കുമെന്നുള്ളത് പ്രസക്തമായ ഒരു ചോദ്യമാണ്. 1992ല്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടമാണ്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം വിശ്വാസ യോഗ്യമാണെന്ന് തെളിയിക്കപ്പെടേണ്ടതാണ്. ബി ജെ പിയെക്കാള്‍ കടുത്ത ഹിന്ദുത്വകാര്‍ഡ് ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് നേതൃത്വം പല അവസരത്തിലും ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ശബരിമല വിഷയത്തില്‍ പോലും സംഘ്പരിവാര്‍ സംഘടനകളോടൊപ്പമാണ് ഈ പാര്‍ട്ടി നിലകൊള്ളുന്നത്.

രാജ്യത്തെ ന്യൂനപക്ഷങ്ങളാകെ ഇന്ന് അനാഥരാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ പ്രയാസമാണ്. ഇവരെ ആര് സംരക്ഷിക്കും എന്നുള്ള ഏറ്റവും പ്രസക്തമായ ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്. ഇവിടെയാണ് എം വി ആറിന്റെ ബദല്‍ രേഖയുടെ പ്രസക്തി. ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ പോലും നിര്‍ദയം നിഷേധിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങളെന്ന് അദ്ദേഹം തന്റെ രേഖയില്‍ അടിവരയിട്ട് പറയുന്നു. ഇവരെ സംരക്ഷിച്ചേ മതിയാകൂ. ബദല്‍രേഖ എഴുതിയ കാലഘട്ടത്തേക്കാള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഇന്ന് കൂടുതല്‍ ദയനീയമായി മാറിയിരിക്കുകയാണ്. ഈ ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ഇടതുപക്ഷം, പ്രത്യേകിച്ച് സി പി എം തയ്യാറാകണമെന്നുള്ളതാണ് ബദല്‍ രേഖയുടെ സാരം. കേരളത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കേരളാകോണ്‍ഗ്രസിനേയും, മുസ്‌ലിം ലീഗിനേയും ഇടതു മുന്നണിയോടൊപ്പം നിര്‍ത്തണമെന്ന് മൂന്ന് പതിറ്റാണ്ടിന് മുമ്പാണ് ബദല്‍ രേഖയില്‍ കൂടി എം വി ആര്‍ ചൂണ്ടിക്കാട്ടിയത്.
രാജ്യത്തെ സംഘ്പരിവാര്‍ ഭരണത്തിന്‍ കീഴില്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങളെ നേരിട്ട് കൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്തെ ഇടതുപക്ഷങ്ങള്‍ക്ക് മാത്രമേ കുറച്ചെങ്കിലും സാധിക്കുകയുള്ളൂ. ബാബറി മസ്ജിദ് പൊളിക്കലില്‍ കൂടി ന്യൂനപക്ഷങ്ങളില്‍ നിന്നും ഒറ്റപ്പെട്ട കോണ്‍ഗ്രസിന് ആ പാര്‍ട്ടിയുടെ ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധത പ്രവൃത്തിയില്‍ കൂടി ഇനി തെളിയിക്കേണ്ടിവരും.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നിലവിലുള്ള ഭരണകൂടത്തിന്റെയും സംഘ്പരിവാറിന്റെയും ഏറ്റവും ശക്തമായ കടന്നാക്രമണങ്ങളെ ആയിരിക്കും ഇനിയുള്ള കാലങ്ങളില്‍ നേരിടേണ്ടി വരുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ തങ്ങളുടെ പരിപാടിയായി സംഘ്പരിവാര്‍ പരസ്യമായി തന്നെ പ്രസ്താവിച്ചിട്ടുള്ള സ്ഥിതിയും ഈ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത രാജ്യത്തെ ഇടതു പക്ഷത്തിനാണുള്ളത്. സി പി എമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിട്ടുള്ളതു പോലെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട വിഭാഗമാണ് ന്യൂനപക്ഷങ്ങളെന്നും, അതുകൊണ്ട് ഇക്കൂട്ടരെ സംരക്ഷിക്കാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ടെന്നുമുള്ള പാര്‍ട്ടി പരിപാടിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതലയും അവര്‍ക്കുണ്ട്. ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ സഹായകരമായ നിലയില്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടികളേയും ഇടതുപക്ഷം തങ്ങളുമായി എല്ലാ നിലയിലും സഹകരിപ്പിക്കേണ്ടിവരും. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചകളും രാഷ്ട്രീയ വിശകലനങ്ങളും ഉയര്‍ന്നുവരേണ്ട സമയമാണിപ്പോള്‍. മുസ്‌ലിം ലീഗ്, കേരളാകോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഒരു രാഷ്ട്രീയ പുനഃപരിശോധനക്ക് തയ്യാറാകേണ്ടിവരും.

ഭൂരിപക്ഷ മതമൗലികവാദികള്‍ ദേശീയ രാഷ്ട്രീയരംഗം മലീമസമാക്കിയിരിക്കുകയാണ്. അതിന്റെ പ്രതിധ്വനികള്‍ നമ്മുടെ സംസ്ഥാനത്തും ആഞ്ഞടിക്കുകയാണ്. മൂന്ന് പതിറ്റാണ്ടുമുമ്പ് എം വി രാഘവന്‍ ബദല്‍രേഖയില്‍ ചൂണ്ടിക്കാട്ടിയ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തണമെന്നുളള അഭിപ്രായത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിച്ച സാഹചര്യവുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. എം വി ആറിന്റെ ഈ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ഇക്കാര്യങ്ങള്‍ ഒരു തുറന്ന ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.
(ലേഖകന്‍ സി എം പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest