Connect with us

Editorial

കര്‍ണാടകയുടെ ചുവരെഴുത്ത്

Published

|

Last Updated

മതേതര സഖ്യത്തിന് കരുത്തുപകരുന്നതാണ് കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലം. അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ മാണ്ഡ്യ, ബെല്ലാരി ലോക്‌സഭാ സീറ്റുകളിലും രാമനഗര, ജാമഖണ്ഡി നിയമസഭാസീറ്റുകളിലും കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം വന്‍ വിജയം നേടിയെന്നു മാത്രമല്ല, 2004 മുതല്‍ ബി ജെ പി കൈവശം വെച്ചുവരുന്ന ബെല്ലാരി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ വി എസ് ഉഗ്രപ്പ ബി ജെ പിക്കെതിരെ 2.43 ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടുകയും ചെയ്തു. മണ്ഡലത്തില്‍ ഇതൊരു സര്‍വകാല റെക്കാര്‍ഡാണ്. 1999ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും കേന്ദ്രമന്ത്രി സുഷമാ സ്വരാജും തമ്മില്‍ അഭിമാന പോരാട്ടം നടന്ന മണ്ഡലമാണ് ബെല്ലാരി. അന്ന് സോണിയാ ഗാന്ധി സുഷമക്കെതിരെ അട്ടിമറി വിജയം നേടിയെങ്കിലും 2004ല്‍ ബി ജെ പി മണ്ഡലം തിരിച്ചുപിടിച്ചു. കര്‍ണാടക ബി ജെ പിയിലെ ശക്തനായ നേതാവ് ശ്രീരാമലുവിന്റെ അടുത്ത അനുയായികളായ റെഡ്ഢി സഹോദരന്മാരോ അവരുടെ അനുയായികളോ മാത്രമേ പിന്നീട് ഈ സീറ്റില്‍ വിജയിച്ചിരുന്നുള്ളൂ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിലയിരുത്തിയ ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് സിറ്റിംഗ് സീറ്റ് പോലും കൈവിടേണ്ടിവന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബി ജെ പിയെ ഇത് വല്ലാതെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ശിവമോഗ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പയുടെ മകന്‍ രാഗവേന്ദ്രയുടെ വിജയമാണ് ബി ജെ പിക്ക് ആശ്വാസത്തിന് വകനല്‍കുന്നത്. എങ്കിലും, 2014ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന് യെദ്യൂരപ്പ വിജയിച്ച മണ്ഡലത്തില്‍ രാഘവേന്ദ്രയുടെ ഭൂരിപക്ഷം 40,000ന് താഴേക്ക് ഇടിഞ്ഞു. അതേസമയം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ ജെ ഡി എസ് സ്ഥാനാര്‍ഥി ശിവരാമഗൗഡ 3,24,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയെ പരാജയപ്പെടുത്തിയത്. കര്‍ണാടകയില്‍ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന വിരാജ് പേട്ട, കുശാല്‍ നഗര്‍, സോമവാര്‍ പേട്ട എന്നീ നഗരസഭകളിലും ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ 22 വര്‍ഷങ്ങളായി ബി ജെ പി ഭരിക്കുന്ന ഈ നഗരസഭകളില്‍ കോണ്‍ഗ്രസ്, ജനതാദള്‍ സഖ്യമാണ് വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആറ് മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി ജെ പിക്കൊപ്പം നിന്ന കുടക് ജില്ലയിലാണ് ഈ നഗരസഭകളെന്നത് ശ്രദ്ധേയമാണ്.

മതേതര കക്ഷികള്‍ കൈകോര്‍ത്താല്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തറപറ്റിക്കാനാകുമെന്ന് യു പിയില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അടുത്തിടെ ഉപതിരഞ്ഞെടുപ്പുകളും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളും തെളിയിച്ചതാണ്. യു പിയില്‍ അകല്‍ച്ചയിലായിരുന്ന എസ് പിയും ബി എസ് പിയും യോജിച്ചപ്പോള്‍ 28 വര്‍ഷം സംഘ്പരിവാറിന്റെ കുത്തകയായിരുന്ന ഗോരഖ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലും ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലത്തിലും ആ സഖ്യം വെന്നിക്കൊടി നാട്ടി. പിന്നീട് ഉപതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ടിയ, യു പിയിലെ കൈരാന മണ്ഡലങ്ങളിലും ബിഹാറിലെ ജോകിഹാട്ട് നിയമസഭാ മണ്ഡലത്തിലും മതേതര സഖ്യത്തിന്റെ വിജയം ആവര്‍ത്തിച്ചു. മതേതര ക്യാമ്പിലെ വിള്ളലിലൂടെയാണ് ബി ജെ പി കയറിപ്പറ്റുന്നതെന്ന വസ്തുത ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് കര്‍ണാടകയിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍.
ആറ് മാസത്തിനകം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളുമായുള്ള സഖ്യം നിര്‍ണായകമാ െണന്നതാണ് കര്‍ണാടക ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന മുഖ്യസന്ദേശം. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് അടിത്തറയുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ അധികാരത്തില്‍ നിന്ന് ബി ജെ പിയെ അകറ്റി നിര്‍ത്താനും ഉപതിരഞ്ഞെടുപ്പുകളില്‍ തളയ്ക്കാനും കോണ്‍ഗ്രസാണ് മുന്‍കൈയെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒറ്റക്കക്ഷിയായി ഉയരുകയും ജെ ഡി എസ് നിര്‍ണായക ശക്തിയായിത്തീരുകയും ചെയ്ത സാഹചര്യത്തില്‍ ജെ ഡി എസിനെ ബി ജെ പി വലയിലാക്കാനുള്ള സാധ്യത മനസ്സിലാക്കി കോണ്‍ഗ്രസ് ഒരു മുഴം മുന്നേറി കളിച്ചതിനെ തുടര്‍ന്നാണ് മതേതര കക്ഷി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ദേശീയകക്ഷി എന്ന വല്യേട്ടന്‍ മനോഭാവം ഉപേക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം ജെ ഡി എസിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു.

രാഹുല്‍ ഗാന്ധി കൈക്കൊണ്ട ഇത്തരം വിട്ടുവീഴ്ചാ മനോഭാവം മറ്റു സംസ്ഥാനങ്ങളിലും പ്രകടിപ്പിക്കാനായാല്‍ ഇത്തരം സഖ്യങ്ങള്‍ അവിടങ്ങളില്‍ സാധ്യമാകും. പാര്‍ലിമെന്റ്മണ്ഡലങ്ങള്‍ കൂടുതലുള്ള ഉത്തര്‍ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് പ്രതീക്ഷയില്ലാത്തതിനാല്‍ ഉത്തരേന്ത്യയിലെ ശക്തി കേന്ദ്രങ്ങളെ കൂടെ നിര്‍ത്താനാകും ബിജെപിയുടെ പരമാവധി ശ്രദ്ധ. അതിനെ മറികടക്കണമെങ്കില്‍ ആ സംസ്ഥാനങ്ങളില്‍ ശക്തമായ മതേതര സഖ്യങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്. യു പിയില്‍ എസ് പിയും ബിഎസ് പിയുമാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ഒരുമിക്കാന്‍ ധാരണയായതായാണ് വിവരം. ദേശീയ തലത്തില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ സഖ്യത്തിലുണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. കോണ്‍ഗ്രസ് ഇവിടെ വേറിട്ടു മത്സരിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുകയും അത് ബി ജെ പിക്ക് ഗുണകരമായിത്തീരുകയും ചെയ്യും. മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്. കര്‍ണാടക ഉപതിരഞ്ഞെടുപ്പ് അവര്‍ക്ക് ദിശാബോധം നല്‍കിയില്ലെങ്കില്‍ രാജ്യം അതിന് കനത്ത വില നല്‍കേണ്ടി വരും.

Latest