രണ്ട് ലക്ഷം പുസ്തകങ്ങള്‍ ഇനി കേള്‍ക്കാം; ആമസോണ്‍ ഓഡിബ്ള്‍ ഇന്ത്യയില്‍

Posted on: November 7, 2018 8:05 pm | Last updated: November 7, 2018 at 8:05 pm

പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാന്‍ സഹായിക്കുന്ന ആമസോണിന്റെ ഓഡിബിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മാസം 199 രൂപ നിരക്കില്‍ ഓഡിബിളിന് വരിക്കാരാകാം. ആമസോണിന്റെ ശേഖരത്തിലുള്ള രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഓഡിയോ രൂപത്തില്‍ കേള്‍ക്കാന്‍ ഓഡിബിള്‍ വഴി സാധിക്കും. തുടക്കത്തില്‍ എല്ലാ ഓഡിബിള്‍ ഉപഭോക്താക്കള്‍ക്കും ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ചിലര്‍ക്ക് മൂന്ന് മാസം വരെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്.

ഓഡിബിള്‍ (Audible) ആപ്പ് ആപ്പിള്‍ ഐ സ്‌റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സറ്റോറിലും ലഭ്യമാണ്. ബീറ്റ വെര്‍ഷനാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഓഡിബിള്‍ വെബ്‌സൈറ്റ് വഴിയും പുസ്തകങ്ങള്‍ കേള്‍ക്കാനാകും.

യുഎസിലേതിനേക്കാള്‍ വളരെ ചെറിയ സബ്‌സ്‌ക്രിപ്ഷന്‍ തുകയാണ് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ആമസോണ്‍ ഈടാക്കുന്നത്. യുഎസില്‍ 14.95 ഡോളറാണ് പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ തുക. ഇന്ത്യയില്‍ ഇത് 2.70 ഡോളറാണ്.