സാമൂഹിക മാധ്യമങ്ങളിലെ മരണ ഗ്രൂപ്പുകള്‍

Posted on: November 7, 2018 1:42 pm | Last updated: November 7, 2018 at 1:42 pm

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സമൂഹികമാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ കൗമാരക്കാരായ പ്ലസ് ടു വിദ്യാര്‍ഥികളായ രണ്ട് ഉറ്റ സുഹൃത്തുക്കള്‍ അടുത്തടുത്ത ദിവസങ്ങളിലായി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവത്കരിക്കുന്ന പേജുകളും ഗ്രൂപ്പുകളുമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ കൗമാരക്കാര്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നതായും പോലീസ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് നടന്ന 83 ബൈക്ക് അപകടങ്ങളില്‍ മരണപ്പെട്ടവരില്‍ 76 പേരും കൗമാര പ്രായക്കാരാണ്. ഇവരുടെ മരണങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലെ മരണ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരിക്കാമെന്നും പോലീസ് സന്ദേഹിക്കുന്നുണ്ട്. ഇതേക്കറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. മരണത്തിലേക്ക് ബൈക്കോടിച്ച് കയറ്റുന്ന രീതിയാണ് ആത്മഹത്യാ ഗ്രൂപ്പുകളിലെ പുതിയ ട്രെന്‍ഡ്. ബൈക്കിന്റെ സ്പീഡ് നൂറില്‍ എത്തുന്ന വീഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്യുന്ന ചലഞ്ചുമൊക്കെയാണ് ഈ ഗ്രൂപ്പുകളിലെ കളികളില്‍ ഉപയോഗിക്കുന്നത്.

ജീവിതത്തിന്റെ പ്രയാസങ്ങളും മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വങ്ങളും വിവരിക്കുന്നതാണ് മരണ ഗ്രൂപ്പുകള്‍. വയനാട്ടില്‍ ആത്മഹത്യ ചെയ്ത കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗം പരിശോധിച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ സൈക്കോ ചെക്കന്‍, ആത്മാവ് സോള്‍ അഡിക്ടര്‍ തുടങ്ങിയ പേരുകളിലുള്ള പേജുകള്‍ പിന്തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിഷാദത്തിലേക്കും ഏകാന്തതയിലേക്കും തള്ളിവിടുന്ന പോസ്റ്റുകളാണ് ഈ പേജുകളില്‍ പ്രസിദ്ധീകരിക്കുന്നത്. ആത്മഹത്യയെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും ഇത്തരം പേജുകളില്‍ ധാരാളമായി വരുന്നുണ്ട്. വയനാട്ടിലെ വിദ്യാര്‍ഥികള്‍ മരിക്കുന്നതിനുമുമ്പ് ആത്മഹത്യയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസിടുകയും സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു. മരണപേജുകള്‍ പിന്തുടരുന്ന ഇത്തരം ഇന്‍സ്റ്റഗ്രാം ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകള്‍ വയനാട്ടില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ആയിരക്കണക്കിന് കുട്ടികള്‍ ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

വിഷാദരോഗ ബാധിതരും കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുള്ളവരും പ്രണയപരാജിതരുമായ കുട്ടികള്‍ മരണ ഗ്രൂപ്പുകള്‍ക്കടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആത്മഹത്യകളില്‍ കൂടുതലും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ടതാണെന്ന് പഠനത്തിലൂടെ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ സംശയമുള്ള കുട്ടികളെ രക്ഷിതാക്കളും അധ്യാപകരും നിരീക്ഷണത്തിന് വിധേയരാക്കുകയും മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്തേണ്ടതുമുണ്ട്. താരതമ്യേന അണുകുടുംബ സമൂഹത്തില്‍ കുട്ടികളിലും യുവതയിലും വിശാദ രോഗവും ജീവിത വിരക്തിയും മറ്റു സമൂഹങ്ങളിലേക്കാള്‍ കൂടുതലാണ്. സുഹൃത്തുക്കളോട് പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ബാധ്യതയാണ്. വയനാട്ടില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പുറമെ വേറെയും ധാരാളം പേര്‍ മരണ ഗ്രൂപ്പുകള്‍ക്കടിമപ്പെട്ടതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ അവരെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അധ്യാപകരുടെയും സഹായത്തോടെ കൗണ്‍സിലിംഗ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വല്ലാത്തൊരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട് സാമൂഹിക മാധ്യമങ്ങളിലെ മരണ ഗെയിമുകളും ഗ്രൂപ്പുകളും. വൈവിധ്യമാര്‍ന്ന 5,000ത്തിലധികം കമ്പ്യൂട്ടര്‍ വീഡിയോ ഗെയിമുകള്‍ ഇന്ന് വിപണിയിലുണ്ട്. അവയില്‍ ഒരു വിഭാഗം വിദ്യാഭ്യാസമൂല്യമുള്ളവയും ഒപ്പം നിരുപദ്രവകരവുമായ വിനോദം പകരുന്നവയാണെങ്കിലും നല്ലൊരു വിഭാഗം അക്രമം, ലൈംഗികത, അസഭ്യഭാഷ തുടങ്ങിയ സാമൂഹിക വിരുദ്ധ വിഷയങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നവയും കുട്ടികളെ ദുഷിച്ച സ്വഭാവക്കാരാക്കുന്നതുമാണ്. എട്ടിനും 15നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം ഗെയിമുകളോടാണ് പ്രിയമെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ യു എസ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ മീഡിയാ ആന്‍ഡ് ദ ഫാമിലിയുടെ അധ്യക്ഷന്‍ ഡേവിഡ് വോള്‍ഷ് വെളിപ്പെടുത്തുന്നു. യുവപ്രായക്കാര്‍ താത്പര്യം പ്രകടിപ്പിച്ച വീഡിയോ ഗെയിമുകളില്‍ ഏതാണ്ട് 80 ശതമാനവും അക്രമം നിറഞ്ഞവയാണെന്ന് അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന പഠനം സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെന്നാണ് സൈമന്‍ടെക്കിന്റെ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ സുരക്ഷ നല്‍കുന്ന പ്രമുഖ കമ്പനിയാണ് സൈമന്‍ടെക്. സൈബര്‍ ക്രിമിനലുകളാണ് സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളെ വഴിതെറ്റിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിനര്‍മാര്‍ പൊതുവെ. വയനാട്ടിലെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച ‘സൈക്കോ ചാരന്‍’ നിയന്ത്രിക്കുന്നത് കാസര്‍ക്കോട്ടുകാരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി നിയമ നടപടികള്‍ക്ക് വിധേയമാക്കിയില്ലെങ്കില്‍ കേരളീയ കുടുംബാന്തരീക്ഷത്തില്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും സംജാതമാകുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രാജ്യത്ത് പല നിയമങ്ങളുമുണ്ട്. അത് കര്‍ശനമായി നടപ്പാക്കാത്തതാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്.