ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകം അബൂ അംറിന് ആക്രമണത്തില്‍ പരുക്ക്

Posted on: November 7, 2018 9:29 am | Last updated: November 7, 2018 at 9:29 am

ഗാസ സിറ്റി: ഇസ്‌റാഈലിന്റെ ക്രൂരതകള്‍ക്കെതിരെ പൊരുതുന്ന ഫലസ്തീനികളുടെ പ്രതീകമായി ലോകം വാഴ്ത്തുന്ന ആഇദ് അബൂ അംറിന് ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ഒരു കൈയില്‍ ഫലസ്തീന്‍ പതാകയും മറുകൈയില്‍ കവണയുമായി ഇസ്‌റാഈലിനെതിരെ പോരാടുന്ന 22കാരനായ അബൂഅംറിന്റെ ചിത്രം വൈറലായിരുന്നു. സമത്വത്തിന് വേണ്ടി മുന്നില്‍ നിന്ന് പോരാടുന്ന ഫ്രഞ്ച് വിപ്ലവകാലത്തെ പോരാളികളോടാണ് ഇദ്ദേഹത്തെ ലോകം സദൃശ്യപ്പെടുത്തി പുകഴ്ത്തുന്നത്.

ഗാസ അതിര്‍ത്തിയില്‍ ഇസ്‌റാഈലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഇദ്ദേഹത്തിന് പരുക്കേറ്റതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിനിടെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ ഇദ്ദേഹത്തിന്റെ കാലില്‍ തറച്ചാണ് പരുക്കേറ്റത്. എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും അബൂ അംറ് പ്രതിഷേധ പരിപാടികളിലെ സ്ഥിരസാന്നിധ്യമാണ്. കൊല്ലപ്പെടുകയാണെങ്കില്‍ താന്‍ ചുമക്കുന്ന ഫലസ്തീന്‍ പതാകകൊണ്ട് തന്നെ മൂടണം. തിരിച്ചുകിട്ടേണ്ട അവകാശങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്.

തങ്ങളുടെ അഭിമാനത്തിനും വരാനിരിക്കുന്ന തലമുറകളുടെ അഭിമാനത്തിനും വേണ്ടിയാണ് ഇസ്‌റാഈലിനെതിരെ പോരാടുന്നതെന്നും അടുത്തിടെ അദ്ദേഹം അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ ഇസ്‌റാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ, അനദോലു വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രഫര്‍ മുസ്ത്വഫ ഹസനാണ് ഈ ദൃശ്യം ക്യാമറയില്‍ ഒപ്പിയെടുത്തിരുന്നത്.