Prathivaram
വമ്പുറ്റ ഹംസ മുസ്‌ലിയാര്‍

“നാടുകാണിയില്‍ പോയാല്‍ പിന്നെ നാടുകാണില്ല”- ഒരു കാലത്തെ ചൊല്ലായിരുന്നു ഇത്. അത്രയും ഭീതിദയമായ അന്തരീക്ഷം. വേണ്ടാത്തതെല്ലാം അടിഞ്ഞുകൂടുന്ന, ആരും തിരിഞ്ഞു നോക്കാത്ത ഒരിടം. അങ്ങിനെയൊരിടത്തെ ദാറുല്‍ അമാനാക്കി (സുരക്ഷിത ഗേഹം) ഏവര്‍ക്കും പ്രിയപ്പെട്ടതാക്കി മാറ്റിയത് കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാരുടെ ദീര്‍ഘ വീക്ഷണവും കഠിന പരിശ്രമവും ധൈര്യവും ആയിരുന്നു. ഒരു പക്ഷേ അമ്പത് വര്‍ഷത്തിലധികം നീണ്ടുനിന്ന ഉസ്താദിന്റെ പൊതുജീവിതത്തിന്റെ ശൈലിയും ഈ ഭൂപ്രദേശത്തിന്റെ മാറ്റത്തില്‍ നിന്ന് വായിച്ചെടുക്കാം. ആശയറ്റ കാര്യങ്ങളെ വ്യക്തികളെ സ്ഥാപനങ്ങളെ പ്രദേശങ്ങളെ പ്രതീക്ഷാനിര്‍ഭരമാക്കുക എന്നത് ഉസ്താദിന്റെ അടിസ്ഥാനരീതി ആയിരുന്നു. ഉസ്താദ് തന്റെ ജീവിതത്തില്‍ കടന്നു പോയ സമയങ്ങളിലും പ്രദേശങ്ങളിലും ഇങ്ങനെയൊരു പ്രതീക്ഷ അങ്കുരിപ്പിച്ചിട്ടുണ്ട്. ആ പ്രതീക്ഷകള്‍ വളര്‍ത്തി വലുതാക്കിയിട്ടുണ്ട്. അതിന്റെ കായ്ഫലങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ എന്ന പണ്ഡിതവര്യന്‍ കഴിഞ്ഞ ദിവസം നമ്മോടു വിട പറഞ്ഞത്.
ഉസ്താദിന്റെ ശരീരഭാഷ തന്നെ പ്രതീക്ഷ നിറഞ്ഞതായിരുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിലും ഉലയാത്ത, ഉടയാത്ത ഭാവ പ്രകടനങ്ങള്‍ ആയിരുന്നു ആ മുഖത്തു നിറയെ. പ്രതിസന്ധികളെ തട്ടിമാറ്റാനുള്ള ജൈവിക സിദ്ധി ഉസ്താദിന്റെ നോട്ടത്തിലും നടത്തത്തിലും പ്രകടമായിരുന്നു. അത്രമേല്‍ ഘന ഗാംഭീര്യമായിരുന്നു ആ ശരീര ഭാഷ. സ്വതസിദ്ധമായ ആ ഭാവം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കാനുള്ള ശേഷി അപാരമായിരുന്നു. ആ കഴിവില്‍ നിന്നാണല്ലോ ഒരിക്കല്‍ പോയാല്‍ പിന്നെ പോകാന്‍ കഴിയാത്ത നാടുകാണിയെ ദാറുല്‍ അമാനാക്കി മാറ്റിയത്.
അറിവ്, അനുഭവം എന്നിവകൊണ്ട് തിടംവെച്ച ധൈര്യവും ആത്മവിശ്വാസവുമായിരുന്നു ഉസ്താദിന്റെത്. അതിനാല്‍ ഉസ്താദിന്റെ പുറം അകമേ നിന്ന് തന്നെ രൂപപ്പെട്ടതായിരുന്നു. കേവലം ഭാവം മാത്രമായിരുന്നില്ല അത്. ആ ഭാവം തന്നെ ഒരു പ്രവൃത്തിയായിരുന്നു. അതിന്റെ കനവും ഗാംഭീര്യതയും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളില്‍, വാക്കില്‍, നോക്കില്‍ എല്ലാം സൂക്ഷ്മമായി ഉള്‍ച്ചേര്‍ന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാരായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരില്‍ നിന്നും പി എ അബ്ദുല്ല മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നുമാണല്ലോ ഉസ്താദ് അറിവ് നേടിയത്. ആ പണ്ഡിതവര്യരുടെ തുടര്‍ച്ച ഉസ്താദില്‍ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുനഃസംഘാടന സമയത്ത്, തന്നെ കാണാന്‍ താജുല്‍ ഉലമയോടൊപ്പം വന്ന ചിത്താരി ഉസ്താദിനോട്, ഹംസയെ പുറത്താക്കിയെങ്കില്‍ ആ സംഘടനയില്‍ ഇനി ഞാനുമില്ല എന്ന് കണ്ണിയത്ത് ഉസ്താദിന് പറയാന്‍ ധൈര്യം നല്‍കുമാറ് സുദൃഢവും സത്യസന്ധവും സ്വാഭാവികവുമായിരുന്നു റഈസുല്‍ മുഹഖികീനില്‍ നിന്ന് കന്‍സുല്‍ ഉലമയിലേക്കുള്ള തുടര്‍ച്ച.
ഉസ്താദ് തന്റെ പൊതുപ്രവര്‍ത്തനം തുടങ്ങിയ 1970 കള്‍ കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പല കാരണങ്ങള്‍ കൊണ്ടും പ്രക്ഷുബ്ധമായിരുന്നു. മതപണ്ഡിതന്മാരെ വരുതിക്ക് നിര്‍ത്താനുള്ള രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങള്‍ കുറേക്കൂടി വ്യവസ്ഥാപിതമായ രൂപം പ്രാപിച്ചത് ഈ കാലത്തായിരുന്നു. അതിന്റെ പ്രലോഭനങ്ങളെ വകഞ്ഞുമാറ്റാന്‍ അസാമാന്യ ധൈര്യം ആവശ്യമായിരുന്നു. ആ ധൈര്യം കണ്ണിയത്തിന്റെ ശിഷ്യനില്‍ എമ്പാടും ഉണ്ടായിരുന്നു. പേരെടുത്ത കര്‍ഷകനും പട്ടുവത്തെ വലിയ ഭൂസ്വത്തിന്റെ ഉടമയുമായിരുന്ന അഹ്മദ് കുട്ടിയുടെ മകനെ പ്രലോഭിപ്പിക്കാന്‍ അധികാരത്തിനോ മറ്റ് സുഖസൗകര്യങ്ങള്‍ക്കോ കഴിയുമായിരുന്നില്ലതാനും. കാരണം അപ്പോഴേക്കും ആ ഭൂവുടമയുടെ മകന്‍ അറിവിന്റെ, അതിനെ ആധാരമാക്കിയുള്ള നിലപാടുകളുടെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ നിലപാടുകള്‍ എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഉസ്താദിന് പകച്ചു നില്‍ക്കേണ്ടി വന്നില്ല. മാത്രവുമല്ല, മറ്റു പല മതപണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തമായി ഹംസ മുസ്‌ലിയാരെ കൈകാര്യം ചെയ്യല്‍ രാഷ്ട്രീയക്കാര്‍ക്ക് ബുദ്ധിമുട്ടുമായിരുന്നു. കാരണം മുസ്‌ലിയാക്കന്മാരെ ആക്രമിക്കാനും പരിഹസിക്കാനും അവര്‍ ഉണ്ടാക്കിവെച്ച “മുസ്‌ലിയാര്‍” വാര്‍പ്പു മാതൃകകളുടെ പുറത്തായിരുന്നു ഹംസ മുസ്‌ലിയാരുടെ ജീവിതം. ആ നിലപാടുകള്‍ക്ക് മുന്നില്‍ പരുങ്ങി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഏത് പ്രവര്‍ത്തനത്തെയും ഇല്‍മുമായി ബന്ധിപ്പിക്കാനുള്ള അപാരമായ ശേഷി ഉസ്താദിനുണ്ടായിരുന്നു. ഉസ്താദ് ആദ്യമായി സംഘടിപ്പിച്ച സമസ്ത താലൂക്ക് സമ്മേളന സ്വാഗതസംഘം പിരിച്ചുവിടുമ്പോള്‍ മിച്ചം വന്ന സംഖ്യ കൊണ്ടാണല്ലോ കേരളത്തില്‍ ആദ്യമായി മുതഅല്ലിമീങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കിയത്. ഖുവ്വത്തുല്‍ ഇസ്‌ലാമിന്റെ പ്രതാപം അവസാനിച്ചു തുടങ്ങിയ ഘട്ടത്തിലാണ് അല്‍ മഖര്‍ മുന്നോട്ടു വരുന്നത്. കേരളത്തിലെ ഭൗതിക കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മതപഠനവുമായി ബന്ധപ്പെടുത്തുന്നതില്‍ ഉസ്താദ് പ്രത്യേക ശ്രദ്ധപുലര്‍ത്തി. ഒരു കാലത്ത് എം എ ഉസ്താദിന്റെ നേതൃത്വത്തില്‍ ഖുവ്വത്ത് ഏറ്റുനടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളെ തളിപ്പറമ്പ ബദരിയ്യ നഗറില്‍ അല്‍ മഖറിന് കീഴില്‍ ആര്‍ ഐ സി സി എന്ന പേരില്‍ തുടങ്ങി ഉസ്താദ് മുന്നോട്ടു കൊണ്ടുപോയി. തളിപ്പറമ്പ സര്‍ സയ്യിദ് കോളജ് വിദ്യാര്‍ഥിയായിരിക്കെ, ആ സ്ഥാപനത്തില്‍ ഉസ്താദിന്റെ ശിഷ്യനാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ വഴിത്തിരിവായാണ് അനുഭവപ്പെടുന്നത്. ഞങ്ങള്‍ കോളജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സാഹിത്യ സമാജത്തില്‍ ഉസ്താദ് പലപ്പോഴും വരും. പ്രസംഗങ്ങളും പ്രബന്ധങ്ങളും കേള്‍ക്കും. മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഒരു പിശുക്കും കാണിക്കാതെ അഭിനന്ദിക്കും. സാഹിത്യ സമാജത്തില്‍ ഉസ്താദ് നടത്തിയ ചെറിയ പ്രസംഗങ്ങള്‍ ഭൗതിക വിദ്യാഭ്യാസത്തോടുള്ള ഞങ്ങളുടെ ബന്ധത്തെയും സമീപനത്തെയും പുതുക്കിപ്പണിതു. ആ പുതുക്കിപ്പണിയല്‍ ഞങ്ങളെ ഇപ്പോഴും പിന്തുടരുന്നുമുണ്ട്. ആ പിന്തുടര്‍ച്ചയില്‍ നിന്നാണ് ഉസ്താദിനെ ഇങ്ങനെ അനുസ്മരിക്കാനുള്ള ധൈര്യം പോലും ലഭിക്കുന്നത്.
ഉസ്താദിന്റെ സംഘാടന മികവിന് അദ്ദേഹം സാരഥ്യം വഹിച്ച സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അനുഭവം തന്നെ സാക്ഷി. ദയൂബന്ദിലെ പഠനത്തിലൂടെ ആര്‍ജിച്ചെടുത്ത ഉത്തരേന്ത്യന്‍ ബന്ധത്തെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തന വിപുലീകരണത്തിനും ദേശീയ തലത്തില്‍ സുന്നി യുവാക്കളെ സംഘടിപ്പിക്കുന്നതിലും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി. അനിതര സാധാരണമായ വ്യക്തി പ്രഭാവവും സ്ഫുടം ചെയ്‌തെടുത്ത ഭാഷയും ഗാംഭീര്യം നിറഞ്ഞ ശബ്ദവും സൗന്ദര്യവും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വശ്യമാക്കി. സമ്മേളനങ്ങളില്‍, പ്രഭാഷണങ്ങളില്‍, മതപഠന സദസ്സുകളില്‍ ആ വശ്യത നിലപാടുകളായി ഒഴുകി. അതിന്റെ തണലില്‍ കേരളത്തിലെ വലിയൊരു വിഭാഗം സുന്നികള്‍ ധൈര്യം സംഭരിച്ചു. ഉള്ളാള്‍ തങ്ങള്‍ക്കും എ പി ഉസ്താദിനും എം എ ഉസ്താദിനും പിറകില്‍ മലയാളി മുസ്‌ലിംകളെ നെഞ്ചുവിരിച്ചു നടക്കാന്‍ പഠിപ്പിച്ച ശ്രേഷ്ഠ പണ്ഡിതന്‍ ആയിരുന്നു ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍. കേരളത്തിന്റെ ഉത്തര ദേശത്തെ മലബാറിലെ മുസ്‌ലിം മുഖ്യധാരയുമായി ഇഴുകി ചേര്‍ത്തിയെടുക്കുന്നതില്‍ ആ പണ്ഡിതവര്യരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. ആ സേവനങ്ങളുടെ ഊര്‍ജം ഈ സമുദായത്തെ ഇനിയും ഏറെ മുന്നോട്ടു നയിക്കും. കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദിന്റെ പരലോക ജീവിതം അല്ലാഹു കൂടുതല്‍ പ്രശോഭിതമാക്കട്ടെ.
.