ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കും

Posted on: November 4, 2018 9:27 am | Last updated: November 4, 2018 at 12:42 pm

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കെ ശബരിമലയില്‍ സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ ഇപ്പോള്‍തന്നെ ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുവതീ പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പദ്ധതിയിടുന്നുവെന്നാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനെ നേരിടാന്‍ സന്നിധാനത്ത് 50 വയസ് കഴിഞ്ഞ വനിതാ പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. നിരോധനാഞ്ജ നിലവിലുള്ള ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. എഡിജിപിയുടെ നേത്യത്വത്തില്‍ 12000 സുരക്ഷാംഗങ്ങള്‍ ശബരിമലയിലുണ്ട്. പ്രതിഷേധക്കാരെ മുന്‍ കരുതലായി കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്. ഇവിടെയെത്തുന്ന ഭക്തര്‍ തിരിച്ചറിയല്‍ രേകഖള്‍ കൊണ്ടുവരണം. രേഖകള്‍ പരിശോധിച്ചെ തീര്‍ഥാടകരെ കടത്തി വിടു.