ബന്ധുനിയമനം: കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ്

Posted on: November 3, 2018 1:07 pm | Last updated: November 3, 2018 at 4:52 pm

കോഴിക്കോട്: ബന്ധുനിയമന ആരോപണത്തിന് മന്ത്രികെടി ജലീല്‍ സാമൂഹിക മാധ്യമത്തിലൂടെ നല്‍കിയ മറുപടി മന്ത്രിയുടെ കുറ്റസമ്മതമാണെന്ന് ആരോപണമുന്നയിച്ച യൂത്ത്് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഈ സാഹചര്യത്തില്‍ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറെ കാണുമെന്നും ഫിറോസ് പറഞ്ഞു. മന്ത്രി പിത്്യസഹോദര പുത്രനായ കെടി അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചുവെന്നാണ് ഫിറോസ് ഇന്നലെ ആരോപിച്ചത്.

യോഗ്യതയുള്ള മറ്റാരുമില്ലാത്തതിനാലാണ് തന്റെ ബന്ധു അദീബിനെ നിയമിച്ചതെന്ന് കെടി ജലീല്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു. മന്ത്രിയുടെ വിശദീകരണം കുറ്റസമ്മതത്തിന് സമാനമാണെന്ന് ഫിറോസ് ആരോപിച്ചു. ഈ പോസ്റ്റിലേക്ക് ഉദ്യോഗാര്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന്റെ തെളിവുകള്‍ മന്ത്രി പുറത്തുവിടണം. ഡെപ്യൂട്ടേഷന്‍ വഴി നടത്തിയിരുന്ന ഈ നിയമനത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ബന്ധുവിനെ നിയമിച്ചത്. പോസ്റ്റിന് ആവശ്യമായ എംബിഎ യോഗ്യത ബന്ധുവിന് ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവെക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.