Connect with us

Kerala

എമിറേറ്റ്‌സിന്റെ കോഴിക്കോട്- ദുബൈ സര്‍വീസ് പുനരാരംഭിക്കണം; മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിവേദനം നല്‍കി

Published

|

Last Updated

കോഴിക്കോട്: സഊദി എയര്‍ലൈന്‍സിന്റെയും എയര്‍ ഇന്ത്യയുടെയും സഊദി സര്‍വീസ് നീണ്ടുപോകുന്നതിനിടയില്‍ എമിറേറ്റ്‌സിന്റെ കോഴിക്കോട്- ദുബൈ സര്‍വീസ് പുനരാരംഭിക്കാന്‍ നീക്കങ്ങള്‍. ഇക്കാര്യമുന്നയിച്ച് എമിറേറ്റ്‌സ്, ദുബൈ എയര്‍ലൈന്‍സ് ഉന്നതാധികാരികള്‍ക്ക് മലബാര്‍ ഡെവലപ്‌മെന്റ് കൗ ണ്‍സില്‍ ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചതായി പ്രസിഡ ന്റ് ഷെവലിയാര്‍ സി ഇ ചാക്കുണ്ണി പറഞ്ഞു. കോഴിക്കോട്- ദുബൈ സര്‍വീസിന് എമിറേറ്റ്‌സ് വിമാനക്കമ്പനി അതീവ തത്പരരാണെന്നും അതുകൊണ്ടാണ് കോഴിക്കോട് വിമാനത്താവളം റീകാര്‍പ്പറിംഗിന് അടച്ച വേളയില്‍ പോലും 240 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ബസ് 300- 200 സര്‍വീസിനുള്ള സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അപേക്ഷിച്ചതെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു. 2015 ഫെബ്രുവരി 25നായിരുന്നു ഇത്. എന്നാല്‍ അന്ന അനുമതി ലഭിച്ചില്ല.

കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വീസിന് കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും സഊദി എയര്‍ലൈന്‍സ് കോഴിക്കോട്-ജിദ്ദ-റിയാദ് സര്‍വീസ് ഇതുവരെ ആരംഭിച്ചിട്ടില്ല. കോഴിക്കോട് നിന്നുള്ള സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയ സര്‍വീസ് നിലനിര്‍ത്തി കോഴിക്കോട്ട് നിന്ന് പുതിയ സര്‍വീസ് തുടങ്ങാന്‍ അവര്‍ ശ്രമിക്കുന്നതാണ് കാരണം. ഇതിന് സീറ്റ് സംബന്ധമായ രാജ്യാന്തര കരാര്‍ തടസ്സമാണ്. കോഴിക്കോട് നിന്ന് പുതിയ ഡെസ്റ്റിനേഷന് വേണ്ടി പ്രത്യേക അനുമതിക്കായി അവര്‍ ശ്രമിക്കുകയാണത്രെ. എന്നാല്‍ ഇതേ തടസ്സം എമിറേറ്റ്‌സിനുമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതോടൊപ്പം കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറായിരിക്കെ അവിടെ നിന്നുള്ള സര്‍വീസിനാണ് വിമാനക്കമ്പനികള്‍ക്ക് താത്പര്യമെന്നറിയുന്നു. ഭരണരംഗത്തും ഇതിനായി സമ്മര്‍ദമുണ്ട്.
സഊദി സര്‍വീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നാണ് കോഴിക്കോട് വിമാനത്താവള ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ഈമാസമാദ്യം തുടങ്ങുമെന്ന് കരുതിയിരുന്ന സര്‍വീസ് നീണ്ടുപോകാനാണ് സാധ്യത.

കേരള സഹകരണ ഫെഡറേഷന്‍ ആഗോള സഹകരണ കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയപ്പോള്‍ സഹകരണ കൗണ്‍സില്‍ ജന. സെക്രട്ടറി അഡ്വ. എം കെ അയ്യപ്പന്‍, പ്രവാസി നേതാക്കളായ വി പി അഹമ്മദ്, സറൂക്ക് തലശ്ശേരി എന്നിവരോടൊപ്പം ദുബൈ എമിറേറ്റ്‌സ് ആസ്ഥാനത്തെത്തിയാണ് നിവേദനം സമര്‍പ്പിച്ചതെന്ന് ചാക്കുണ്ണി പറഞ്ഞു. ഇന്ത്യന്‍ റീജിയന്‍ ചുമതല വഹിക്കുന്ന ലോക്കല്‍ അഫയര്‍ മാനേജര്‍ ഹാദി മുഹമ്മദിനും നിവേദനം നല്‍കി. ഡയറക്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ മുരളീധരന്‍ എം എല്‍ എ, കേരള സഹകരണ ഫെഡറേഷന്‍ പ്രസിഡന്റും എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സി എന്‍ വിജയകൃഷ്ണന്‍, വൈസ് ചെയര്‍മാനും ഫ്‌ളോറാ ഗ്രൂപ്പ് എം ഡിയും സി ഇ ഒയുമായ വി എ ഹസ്സന്‍, കെ എസ് എഫ് ജന. സെക്രട്ടറി അഡ്വ. എം പി ഷാജു എന്നിവരും പങ്കെടുത്തതായി സി ഇ ചാക്കുണ്ണി പ്രസ്താവനയില്‍ പറഞ്ഞു.

Latest