ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്ക് നടപടി തുടങ്ങി

Posted on: October 31, 2018 10:04 pm | Last updated: October 31, 2018 at 10:10 pm

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രസംഗങ്ങളും പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 2019ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് ഇന്ത്യയാണ് പരിഷ്‌കരണം കൊണ്ടുവരുന്നത്. ഇതിനായി പുറത്തുനിന്നുള്ള ഡെവലപ്പര്‍മാരുടെ ടൂളുകള്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും.

പൊതുപ്രവര്‍ത്തകര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് പബ്ലിക് പോളിസി മാനേജര്‍മാരായ ഷീന്‍ ഹന്തുവും വരുണ്‍ റെഡ്ഢിയും പറഞ്ഞു. ഫേസ്ബുക്കില്‍ വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നത് തടയാന്‍ പ്രത്യേക അല്‍ഗോരിതം രൂപപ്പെടുത്തിയിട്ടുണ്ടെന്നു അവര്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ രംഗത്തെ അതികായരായ ഫേസ്ബുക്ക് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും. ഇത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഫേസ്ബുക്ക് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബൂം ലൈവ് പോലുള്ള വാര്‍ത്താ അധിഷ്ടിത വെബ്‌സൈറ്റുകളുമായി ചേര്‍ന്ന് ഇതിനുള്ള പദ്ധതി ഫേസ്ബുക്ക് നടപ്പാക്കുന്നുണ്ട്. ലോകത്ത് 2.23 ബില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയില്‍ വ്യാജ വാര്‍ത്ത തടയാനുള്ള ശ്രമങ്ങള്‍ എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പോസ്റ്റുകളുടെ ക്യാപ്ഷന്‍ നോക്കിയാണ് വ്യാജമാണോ വിദ്വേഷകരമാണോ എന്ന് ഫേസ്ബുക്ക് മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ ഫേസ്ബുക്ക് 16 ഭാഷകളെ തുണക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളിലെ നാടന്‍ പ്രയോഗങ്ങള്‍ ഫേസ്ബുക്കിന് കീറാമുട്ടിയാകുമെന്നാണ് വിലയിരുത്തൽ.