ജനനം കൊണ്ട് മാത്രം ഇനി യുഎസ് പൗരനാകില്ല; നിയമം മാറ്റാനൊരുങ്ങി ട്രംപ്

Posted on: October 30, 2018 8:21 pm | Last updated: October 31, 2018 at 11:18 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിച്ചത് കൊണ്ട് മാത്രം ഇനി യുഎസ് പൗരനാകില്ല. പൗരത്വ നയത്തില്‍ വലിയ മാറ്റത്തിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വമേധയാ പൗത്വം നല്‍കുന്ന നിയമം റദ്ദാക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവെക്കും.

ട്രംപിന്റെ നീക്കം യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒന്നാകും. കുടിയേറ്റക്കാരുടെ മക്കൾക്ക് യുഎസ് പൗരത്വം ലഭിക്കുന്നത് തടയാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. നിലവിൽ രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന് യുഎസ് പൗരത്വം ലഭിക്കും. പരമ്പരാഗതമായി നടപ്പാക്കി വരുന്ന നിയമമാണിത്.

ജനിക്കുന്ന കുട്ടികള്‍ക്ക് എല്ലാം പൗരത്വം ലഭിക്കുകയും യുഎസ് പൗരന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കിട്ടുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം യുഎസ് ആണെന്ന് ട്രംപ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അത് വിഡ്ഢിത്തവും അവസാനിപ്പിക്കേണ്ടതും ആണെന്നും ട്രംപ് പറഞ്ഞു.

എക്‌സിക്യുട്ടീവ് ഓര്‍ഡറിലൂടെ പുതിയ നിയമം നടപ്പിലാക്കാനാണ് ട്രംപിന്റെ ശ്രമം. ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.