മാലേഗാവ് സ്‌ഫോടനക്കേസ്: ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി

Posted on: October 30, 2018 3:28 pm | Last updated: October 30, 2018 at 3:28 pm

ന്യൂഡല്‍ഹി:2008 മലേഗാവ് സ്‌ഫോടനക്കേസില്‍ ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തി. ലഫ്റ്റ്‌നന്റ് കേണല്‍ പ്രസാദ് പുരോഹിത് സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തി. പത്ത് വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.

റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ധ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ നവംബര്‍ രണ്ടിനു വിചാരണ തുടങ്ങുമെന്ന് മുംബൈയിലെ എന്‍ഐഎ കോടതി അറിയിച്ചു. വടക്കന്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ ആറുപേരാണു കൊല്ലപ്പെട്ടത്. മുസ്‌ലിം പള്ളിക്കു സമീപം മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ 100 പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച പ്രത്യേക എന്‍ഐഎ കോടതി കുറ്റം ചുമത്തുന്നത് ചൊവ്വാഴ്ച വരെ നീട്ടിയിരുന്നു. പ്രതികളെല്ലാം ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്.അതേ സമയം യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്തുള്ള പുരോഹിതിന്റെ അപ്പീലില്‍ ഹൈക്കോടതി വാദം കേള്‍ക്കും . സൈനികനെന്ന നിലയില്‍ ചട്ടംപാലിച്ചല്ല യുഎപിഎ ചുമത്തിയതെന്ന് കാണിച്ച് പുരോഹിത് നേരത്തെ നല്‍കിയ ഹരജി എന്‍ഐഎ കോടതി തള്ളിയിരുന്നു.