Connect with us

Kerala

തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റിയുമായി മര്‍കസ് അക്കാദമിക ഉടമ്പടിയില്‍

Published

|

Last Updated

 

തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റിയും മര്‍കസും തമ്മിലുള്ള അക്കാദമിക സഹകരണ കരാറില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. നാവാത് തഹ്‌റാന്‍ എന്നിവര്‍ ഒപ്പു വെക്കുന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പ്രമുഖ സര്‍വകലാശാലയായ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റിയുമായി മര്‍കസ് അക്കാദമിക സഹകരണം ആരംഭിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഉസ്‌കുദാര്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. നാവാത് തഹ്‌റാന്‍ , മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരാണ് എം ഒ യുവില്‍ ഒപ്പുവെച്ചത്. മാനസിക പഠന ചികിത്സ രംഗങ്ങളില്‍ വൈജ്ഞാനിക കൈമാറ്റത്തിനും സാങ്കേതിക വിനിമയത്തിനും വേണ്ടിയുള്ള ധാരണയും ഇരു സ്ഥാപങ്ങള്‍ക്കും ഇടയില്‍ നിലവില്‍ വന്നു.

മനുഷ്യന്റെ പെരുമാറ്റ ശാസ്ത്രവും ആരോഗ്യവും ആഴത്തില്‍ പഠനം നടത്തുക എന്ന ലക്ഷ്യത്തില്‍ തുര്‍ക്കിയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഉസ്‌കുദാര്‍ യൂണിവേഴ്‌സിറ്റി പ്രമുഖമായ അക്കാദമിക കേന്ദ്രമാണ്. ഒരുമിച്ചുള്ള അക്കാദമിക ഗവേഷങ്ങള്‍ക്ക് അവസരം ഒരുക്കുക, റിസര്‍ച്ച് അധ്യാപകരുടെ കൈമാറ്റം, വിദ്യാര്‍ത്ഥികളുടെ വികസനം ലക്ഷ്യമാക്കിയുള്ള സ്റ്റുഡന്റസ് എക്‌സ്‌ചേഞ്ച്, സാംസ്‌കാരികവിദ്യാഭാസ പ്രസിദ്ധീകരണങ്ങള്‍ നടത്തല്‍, അക്കാദമിക സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവ സഹകരിച്ചു നടത്താനും ധാരണാപത്രത്തില്‍ കരാറായി. മനഃശാസ്ത്രവും ബ്രെയിന്‍ ചികിത്സയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജുമായി സഹകരിച്ചു നടപ്പാക്കാനും ബുദ്ധിമാന്ദ്യം, ഓട്ടിസം പോലുള്ള ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഗോള രംഗത്തെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മര്‍കസ് നോളജ് സിറ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ കോഴ്‌സുകള്‍ ആരംഭിക്കാനും ഇരു യൂണിവേഴ്‌സിറ്റികളും തീരുമാനിച്ചു.

തുര്‍ക്കിയിലെ പ്രധാനപ്പെട്ട അക്കാദമിക യൂണിവേഴ്‌സിറ്റിയായ ഉസ്‌കുദാറുമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് പരസ്പര സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രം ഒപ്പുവെച്ചതിലൂടെ ആഗോളമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കാനുള്ള മര്‍കസിന് സാധിക്കുമെന്ന് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
മെഡിക്കല്‍, എന്‍ജിനീയറിങ്, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഇരുസ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക കൈമാറ്റം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest