മര്‍കസ് ഓര്‍ഫന്‍ ഹോം കെയര്‍: അനാഥര്‍ക്ക് 19.6 കോടി കൈമാറി

Posted on: October 29, 2018 10:24 am | Last updated: October 29, 2018 at 4:25 pm
SHARE

മലപ്പുറം: മര്‍കസിന്റെ കീഴില്‍ അനാഥരെ ഏറ്റെടുത്ത് വീടുകളിലേക്ക് ചെലവ് എത്തിക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ വാര്‍ഷിക ഫണ്ട് വിതരണോദ്ഘാടനം മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിതാക്കള്‍ മരണപ്പെട്ട 4,844 വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, മരുന്ന്, പരിശീലനം തുടങ്ങിയ ചെലവുകള്‍ക്ക് ആവശ്യമായ 19.6 കോടി രൂപയുടെ ചെക്ക് ചടങ്ങില്‍ എ പി അനില്‍ കുമാര്‍ എം എല്‍ എ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.

സര്‍ക്കാറുകള്‍ നടത്തുന്നത് പോലുള്ള സാമൂഹിക മുന്നേറ്റ യത്‌നങ്ങളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കീഴില്‍ മര്‍കസ് രാജ്യത്താകെ നടത്തുന്നതെന്ന് എ പി അനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. പിതാവ് നഷ്ടപ്പെട്ടതിന്റെ മാനസിക വേദനയും, സാമ്പത്തിക പ്രയാസങ്ങളും അനുഭവിക്കുന്ന അനാഥകളെ ഏറ്റെടുത്ത് നടത്തുന്ന ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി ലക്ഷ്യമാക്കുന്നത് എല്ലാവരെയും വൈജ്ഞാനികമായും സാമൂഹികമായും ഉയര്‍ത്തുകയെന്നതാണെന്ന് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
നിലവില്‍ അനേകം വിദ്യാര്‍ഥികള്‍ വിവിധ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ മര്‍കസിന്റെ സഹകരണത്തോടെ പഠനം നടത്തുന്നു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവരുടെയും സാമൂഹികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരുടെയും ഔന്നത്യമാണ് മര്‍കസ് ഇത്തരം പദ്ധതികളിലൂടെ ഉന്നം വെക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരത്തിലധികം അനാഥ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു. റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ റശീദ് പുന്നശ്ശേരി, സഈദ് ഊരകം, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മര്‍സൂഖ് സഅദി കണ്ണൂര്‍ , ദുല്‍ഫുഖാര്‍ സഖാഫി, ഉമര്‍ മേല്‍മുറി, ശറഫുദ്ദീന്‍ കൊളപ്പുറം എന്നിവര്‍ പ്രസംഗിച്ചു. യൂസുഫ് നൂറാനി സ്വാഗതവും സയ്യിദ് ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
അനാഥരായ വിദ്യാര്‍ഥികളെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ഉന്നത മേഖലകളിലേക്ക് വളര്‍ത്തിക്കൊണ്ടു വരുന്ന പദ്ധതിയാണിത്. മലപ്പുറം ജില്ലയില്‍ മാത്രം 879 വിദ്യാര്‍ഥികള്‍ ഈ പദ്ധതിക്ക് കീഴില്‍ നിലവിലുണ്ട്. 16 വര്‍ഷം മുമ്പ് തുടങ്ങിയ ഈ പദ്ധതിയിലൂടെ നൂറുകണക്കിന് പേര് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ പഠന രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here