സ്വാമി സന്ദീപാനന്ദഗിരിക്ക് ഗണ്‍മാനെ അനുവദിച്ചു; ആശ്രമത്തിന് പോലീസ് കാവല്‍

Posted on: October 29, 2018 11:17 am | Last updated: October 29, 2018 at 2:14 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടതെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകളില്‍നിന്നും കന്നാസുകളില്‍ പെട്രോള്‍ വാങ്ങിയവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

അതിനിടെ സന്ദീപാനന്ദഗിരിക്ക് പോലീസ് സുരക്ഷയൊരുക്കി. സ്വാമിക്കായി ഒരു ഗണ്‍മാനെ അനുവദിച്ചതിന് പുറമെ ആശ്രമത്തിന് പോലീസ് സുരക്ഷയുമുണ്ടാകും. സന്ദീപാനന്ദഗിരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇതിന് പുറമെ ആശ്രമവുമായി ബന്ധമുള്ളവരുടെ മൊഴികളും രേഖപ്പെടുത്തും. സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാറുകളും ഒരു സ്‌കൂട്ടറുമാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്.