188 യാത്രക്കാരുമായി ജക്കാർത്തയിൽ വിമാനം തകർന്നു വീണു

Posted on: October 29, 2018 8:51 am | Last updated: October 29, 2018 at 12:02 pm

ജക്കാർത്ത: 188 യാത്രക്കാരുമായി ഇന്തോനേഷ്യയിൽ വിമാനം തകർന്നു വീണു. ജക്കാർത്ത വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ലയൺ എയർ വിമാനമാണ്  സുമാത്ര ദ്വീപിൽ തകർന്നുവീണത്. ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോളുമായി വിമാനത്തിന് ബന്ധം നഷ്ടപ്പെടുകയായിരുന്നു.

ബോയിംഗ് 737 മാക്‌സ് വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് 13 മിനുട്ടുകള്‍ക്ക് ശേഷം വിമാനത്തിന് എയര്‍ ട്രാഫിക്കുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രാദേശിക സമയം 6.20നാണ് ജക്കാര്‍ത്ത് വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 6.33ന് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടമായി. എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടെപ്പടുന്നതിന് മുമ്പ് വിമാനം തിരിച്ചിറക്കാൻ പെെലറ്റ് അനുമതി തേടിയതായി സൂചനയുണ്ട്.

ജാവ കടലിലാണ് വിമാനം തകര്‍ന്നുവീണതെന്ന് വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഫളൈറ്റ്‌റഡാര്‍ 24 വെബ്‌സൈറ്റിലെ രേഖകള്‍ വ്യക്തമാക്കുന്നു. വിമാനത്തിൻെറ സീറ്റും മറ്റു അവശിഷ്ടങ്ങളും ജാവ കടൽ തീരത്ത് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബോയിംഗ് 737 മാക്‌സ് വിമാനം ഇതാദ്യമായാണ് അപകടത്തില്‍പെടുന്നത്. 2017ലാണ് 737 മാക്‌സ് അവതരിപ്പിച്ചത്.