Connect with us

Articles

അസീമിന്റെ രക്തത്തില്‍ നിങ്ങള്‍ക്കും പങ്കുണ്ട്

Published

|

Last Updated

ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും അടുത്തുപരിചയമുള്ള സ്ഥലമാണ് മാള്‍വിയ നഗര്‍. ഡല്‍ഹി ഐ ഐ ടിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് ചരിത്രത്തില്‍ സ്ഥാനം ലഭിക്കുന്നത് ഇന്ത്യാ-പാക് വിഭജനകാലത്താണ്. 1950ല്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ കൂട്ടമായി എത്തിയതോടെ മാള്‍വിയ നഗര്‍ താമസയോഗ്യമായി. ജനങ്ങള്‍ കുടില്‍ കെട്ടി സമാധാനത്തോടെ ഈ നഗരപ്രാന്തത്തില്‍ ജീവിച്ചുതുടങ്ങി. ഡല്‍ഹി പോലീസിന്റെ ട്രെയ്‌നിംഗ് സെന്റര്‍ സ്ഥാപിതമായതും ഇവിടെ തന്നെ. ഇതേ മാള്‍വിയ നഗറിലാണ് വെള്ളിയാഴ്ച പതിനൊന്ന് വയസ്സ് പ്രായമുള്ള മുഹമ്മദ് അസീം എന്ന വിദ്യാര്‍ഥി ദാരുണമായി കൊല്ലപ്പെടുന്നത്. വാര്‍ത്തയായില്ല. ന്യൂസ് ചാനലുകളില്‍ ചര്‍ച്ചയും വന്നില്ല.

വെള്ളിയാഴ്ച രാവിലെ മാള്‍വിയ നഗറിലെ ജാമിഅ ഫരീദിയ മദ്‌റസയുടെ മുറ്റത്ത് മുഹമ്മദ് അസീമും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് മദ്‌റസ കോമ്പൗണ്ടിനകത്തേക്ക് പുറത്തു നിന്നുള്ള ചില യുവാക്കള്‍ കടന്നു വന്നത്. അവര്‍ മദ്‌റസ വിദ്യാര്‍ഥികളെ അടിക്കാന്‍ തുടങ്ങി. അസീമിനെ സമീപത്തുള്ള ബൈക്കിന് മുകളിലേക്ക് എടുത്തെറിഞ്ഞു. തല്‍ക്ഷണം മുഹമ്മദ് അസീം മരിച്ചു. മദ്‌റസക്കടുത്ത് പ്രവര്‍ത്തിക്കുന്ന വാത്മീകി ക്യാമ്പിലെ കുട്ടികളാണ് ആക്രമണം അഴിച്ചുവിട്ടത്. മദ്‌റസയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആക്രമണം നടന്നതു മുതല്‍ വലിയ പോലീസ് സന്നാഹം മദ്‌റസയില്‍ ഉണ്ട്. നാല് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. എല്ലാവരും വാത്മീകി ക്യാമ്പിലുള്ളവര്‍.

ഒന്നര വര്‍ഷം മുമ്പാണ് അസീം തന്റെ സഹോദരന്മാരായ മുസ്തകിന്‍, മുസ്തഫ എന്നിവരോടൊപ്പം ജാമിഅ ഫരീദിയ മദ്‌റസയില്‍ പഠിക്കാനെത്തിയത്. ക്ലാസിലെ ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ഥിയായിരുന്നു അവന്‍. എല്ലാ ദിവസവും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും. പ്രഭാതകര്‍മങ്ങള്‍ ചെയ്തു നേരെ പഠനം. ഖുര്‍ആന്‍ പഠിക്കാന്‍ അസീമിന് പ്രത്യേക താത്്പര്യം ഉണ്ടായിരുന്നതായി അധ്യാപകരും സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പകുതി മനപാഠമാക്കികഴിഞ്ഞിരുന്നു അവന്‍. വ്യാഴാഴ്ച അവധി ദിവസമായിരുന്നു. അസീമിന്റെ സഹോദരന്മാരായ മുസ്തകിനും മുസ്തഫയും മദ്‌റസയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളോടൊപ്പം ഹാവ്‌സ് റാണി എന്ന സ്ഥലത്തേക്ക് പോയതായിരുന്നു. അസീമിനൊപ്പം കുറച്ചു കുട്ടികള്‍ മാത്രം മദ്‌റസയില്‍ തങ്ങി. റോഡിലൂടെ നടക്കാന്‍ അസീമിന് പ്രായമായില്ല എന്നാണ് സഹോദരന്മാരുടെ അഭിപ്രായം. അതുകൊണ്ട് അവനെ ഒപ്പം കൂടിയില്ല.

ഫരീദിയ മദ്‌റസ ഭീഗം പൂര്‍ കോട്ടയുടെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. മദ്‌റസ കോമ്പൗണ്ടില്‍ ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന മദ്‌റസ, മസ്ജിദ്, ഒരു ചെറിയ പൂന്തോട്ടം, അധ്യാപകര്‍ താമസിക്കുന്ന ഒരു ചെറിയ കെട്ടിടം എന്നിവയാണ് ജാമിഅ ഫരീദിയ. ഇതിന്റെ ഒരു ഭാഗത്തു ചേര്‍ന്നാണ് പുറത്ത് വാത്മീകി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. വാത്മീകി ക്യാമ്പിലെ കുട്ടികള്‍ ഇടക്കിടെ മദ്‌റസ വിദ്യാര്‍ഥികളെ ഉപദ്രവിക്കാറുണ്ട്. മദ്യക്കുപ്പികള്‍ മദ്‌റസ കോമ്പൗണ്ടിലേക്ക് വലിച്ചെറിയും. ചീത്തവിളിക്കും. ആക്ഷേപവും പരിഹാസവും പതിവാണ്.

വെള്ളിയാഴ്ച രാവിലെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ആക്രമണം നടന്നത്. സംഭവത്തിന് സാക്ഷികളുണ്ട്. തെളിവായി സി സി ടി വി ദൃശ്യങ്ങളുണ്ട്. വിശദവിവരങ്ങള്‍ ലഭ്യമാണ്. സംഭവമാണെങ്കില്‍ തലസ്ഥാന നഗരിയിലെ മാള്‍വിയ നഗറിലും. എന്നിട്ടുപോലും ദേശീയ മാധ്യമങ്ങള്‍ക്ക് പകല്‍വെളിച്ചത്തില്‍ നടന്ന ഈ കൊലപാതകം വാര്‍ത്തയായി തോന്നിയില്ല. സംഭവസ്ഥലത്ത് നേരിട്ടെത്തി കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് ന്യൂസ് ലോന്‍ട്രി, ദി വയര്‍ തുടങ്ങി ഏതാനും മാധ്യമങ്ങള്‍ മാത്രം.

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും ദേശീയ മാധ്യമങ്ങള്‍ കാണിക്കുന്ന കുറ്റകരമായ മൗനത്തെ ചോദ്യം ചെയ്ത് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ മാധ്യമങ്ങളും പുലര്‍ത്തുന്ന മൗനമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഇത്രമേല്‍ വ്യാപകമായി സംഘടിപ്പിക്കാന്‍ ഇടയാക്കുന്നതെന്നാണ് ഉദാഹരണസഹിതം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി ഭരണത്തിലെത്തിയതിന് ശേഷമാണ് നിയന്ത്രണമില്ലാതെ മുസ്‌ലിംകള്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്കിരയാകുന്നതെന്നും 2017-2018 കാലയളവിനുള്ളിലാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് നടന്നതെന്നും പത്രം വെളിപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലാണ് ഈ കാലയളവില്‍ നിരപരാധികളായ മനുഷ്യരെ അടിച്ചുകൊന്നിട്ടുള്ളത്.

അസീമിന്റെ കൊലപാതകം ഉള്‍പ്പെടെ ഈ ആഴ്ച മൂന്ന് ആള്‍ക്കൂട്ടക്കൊലകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്ന് ത്രിപുരയിലും മറ്റൊന്ന് മഹാരാഷ്ട്രയിലും. കഴിഞ്ഞ മാസം 14 ഇന്ത്യക്കാര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. ഒഡീഷയില്‍ മാത്രം സമാനമായ 28 അക്രമസംഭവങ്ങള്‍ നടന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ആക്രമണങ്ങള്‍ വേറെയും. ജാതീയതയും വര്‍ഗീയതയും ശക്തമായി നിലനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളുടെ രാഷ്ട്രീയ സഹകരണമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്നത്. മുസ്‌ലിംകളെ തല്ലിക്കൊന്നാല്‍ ആരും ചോദിക്കാനില്ല എന്ന മനോഭാവവും പോലീസ് ഒത്താശയുമാണ് ക്രിമിനലുകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.

അസീമിന്റെ വിഷയത്തിലും മാധ്യമങ്ങള്‍ മൗനം തുടരുകയാണ്. സോഷ്യല്‍ മീഡിയ ഇത്ര സജീവമല്ലാത്ത ഒരു കാലത്താണ് ഈ കൊടുംക്രൂരത അരങ്ങേറിയതെങ്കില്‍ അസീമിനെ പുറംലോകം അറിയുമായിരുന്നില്ല. തീര്‍ത്തും അപ്രധാനമായ വിഷയങ്ങള്‍ ഊതിവീര്‍പ്പിച്ച് അന്തിച്ചര്‍ച്ചകളില്‍ ഒച്ചയുണ്ടാക്കുന്ന ദേശീയചാനലുകള്‍ക്ക് അസീമിന്റെ കൊലപാതകം വാര്‍ത്ത പോലുമാവാതിരിക്കാനുള്ള കാരണവും ന്യൂസ് റൂമുകളില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ ഇരുപ്പിടമുറപ്പിച്ചതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സമീപകാലത്ത് രാജ്യത്തുണ്ടായ മിക്ക ആള്‍ക്കൂട്ട കൊലപാതകങ്ങളിലും മാധ്യമങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ട്. വാര്‍ത്ത മൂടിവെക്കുക എന്നതുമാത്രമല്ല, മറിച്ച് ഇത്തരം കൊലപാതകങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു എന്നതും ഗുരുതരമായ വസ്തുതയാണ്. അതുകൊണ്ട്, മുഹമ്മദ് അസീമിന്റെ രക്തത്തിലും മാധ്യമങ്ങള്‍ക്ക് പങ്കുണ്ട് എന്നു തീര്‍ത്തുപറയാം.

Latest