Connect with us

Prathivaram

ബൗസില്ലാത്ത വീട്

Published

|

Last Updated

ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ അടുക്കള മോന്തായത്തെയും അതിലെ അട്ടക്കരികളെയും നോക്കി കദീസുമ്മ നെടുവീര്‍പ്പെട്ടു. താഴെ നിന്ന് നോക്കിയാല്‍ ഉടയോന്റെ ദൃഷ്ടാന്തങ്ങളിലൊന്നായ ആകാശച്ചുരുള്‍ കാണാം. കാര്‍മേഘം ഇരുണ്ട് കൂടിക്കൊണ്ടിരിക്കുന്നു. മഴ ആര്‍ത്തലച്ചൊന്ന് പെയ്താല്‍…!

അടുക്കള മുഴുവന്‍ വെള്ളത്തിലാവുന്നതിലല്ല കദീസുമ്മക്ക് ആധി. മോന്തായം ഏത് നിമിഷവും തറയെ ചുംബിക്കാനായി നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
ഓടുകള്‍ ചിലതൊക്കെ കാറ്റില്‍ പറന്നുപോവുകയും ഇളകി വീഴുകയും ചെയ്തു, തൊണ്ണൂറ് കഴിഞ്ഞ കദീസുമ്മയുടെ പല്ലുകള്‍ പോലെ…!

അയ്മദുക്ക മണവാട്ടിയായി കൂട്ടിക്കൊണ്ട് വന്നത് മുതല്‍ അടങ്ങാത്ത മുഹബ്ബത്താണീ വീടിനോടും അടുക്കളയോടും. വേവിക്കാനൊന്നുമില്ലാത്ത ദിനങ്ങളില്‍ പോലും നനഞ്ഞ ചകിരികളിട്ട് ഊതിയൂതി തീ പുകച്ചിട്ടുണ്ട്. പച്ച വെള്ളം ചൂടാക്കി ആറ്റിക്കുടിച്ച് ദാഹശമനം നടത്തിയിട്ടുണ്ട്. എത്രയോ ദിനരാത്രങ്ങളില്‍ റങ്കുള്ള പൂത്തുണി* മുറുക്കി ഉടുത്തിട്ടുണ്ട്. മുറുക്കിയുടുത്ത ഭാഗത്തെ വയറ്റിലെ പാടുകളില്‍ നിന്നും അസഹ്യ വേദനയും നീറ്റലും ഉണ്ടായപ്പോഴൊന്നും ആരോടും പരാതി പറഞ്ഞില്ല, പരിഭവിച്ചതുമില്ല. പരാധീനതകളുടെ നടുവട്ടത്തില്‍ കനലെരിയുന്ന ഖല്‍ബുമായി തെങ്ങിന്‍ മടല് പോലെ പ്രായാധിക്യത്തിന് മുമ്പേ നടുവളഞ്ഞ് കിടപ്പിലായിപ്പോയ അയ്മദുക്കാന്റെ വിരലൊന്ന് സ്പര്‍ശിച്ചാല്‍ മതി വയറ്റിലെയും ഒപ്പം നെഞ്ചിലെയും നീറ്റല്‍ കടല്‍ കടക്കും.

നിസ്സഹായതയുടെ ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ നിന്നും ഇറ്റി വീഴുന്ന ചുടുചോര പോലുള്ള കണ്ണുനീര്‍ കണങ്ങള്‍ എത്രയോ തവണ കദീസുമ്മ ഹൃദയം കൊണ്ട് തുടച്ചിട്ടുണ്ട്. പിന്നെ കുനിഞ്ഞിരുന്ന് ആ മുഖം നെഞ്ചോട് ചേര്‍ക്കും.

ഓടിളകിയ മേല്‍ക്കൂര വിടവിലൂടെ ഇറ്റിവീണ മഴത്തുള്ളികളിലൊന്ന് തന്റെ ചുളിഞ്ഞ മുഖത്ത് മുത്തം വെച്ചപ്പോഴാണ് കദീസുമ്മ ഓര്‍മകള്‍ക്ക് വിരാമമിട്ട് ഞെട്ടിയുണര്‍ന്നത്. അയ്മദുക്ക പോയതില്‍ പിന്നെ ഈ അടുക്കളയും അട്ടക്കരി പൂണ്ട മേല്‍ക്കൂരയും മാത്രമാണ് കദീസുമ്മക്ക് കൂട്ട്.

ഏക മകന്‍ കാലം ഓര്‍മപ്പെടുത്താതെ വളര്‍ന്ന് വലുതായി… കുടുംബമായി… പഴയ വീടും അടുക്കളയും പരിഷ്‌കാരിപ്പെണ്ണിന് പിടിച്ചില്ല.

നിക്കാഹ് കഴിഞ്ഞ് മാസങ്ങളായില്ല, വീട് പുതിയതൊന്ന് പണിയണം. പഠിപ്പുകാരിയായ ഭാര്യയുടെ ഓര്‍ഡര്‍..! ഗള്‍ഫുകാരനായ മകനും തോന്നി വീട് പുതിയതൊന്ന് പണിതാലോയെന്ന്.

അയമദുക്കാന്റെ മരണത്തിന് ശേഷം രണ്ടാണ്ട് കഴിഞ്ഞപ്പോള്‍ വീടിന്റെ ഓടുകള്‍ ഓരോന്നായി കാറ്റില്‍ പറന്ന് തുടങ്ങി. വിണ്ടുകീറിയ ചുമരുകളുടെ കുമ്മായമിളകി ചുടുകട്ടകള്‍ നഗ്‌നരായി.

വാപ്പാന്റെ ഓര്‍മകള്‍ തളംകെട്ടി നില്‍ക്കുന്ന വീടൊന്ന് പുതുക്കി പണിയാന്‍ മകനോട് പലവുരി കെഞ്ചിപ്പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല.

ഇപ്പോഴിതാ ഇടത്തേ ചായ്പിനോട് ചേര്‍ന്ന് കൊടുങ്കാറ്റിലും ഇളകാത്ത, അടുക്കളയില്‍ ഒരിക്കലും കരി പുരളാത്ത കോണ്‍ക്രീറ്റ് വീട്, മാനം മുട്ടെ ഉയര്‍ന്നിരിക്കുന്നു. കൂറ്റന്‍ മണിമാളിക.

“നമുക്കിനി ഈ പഴഞ്ചന്‍ വീട് വേണ്ടുമ്മാ… സഫീനാക്ക് ഈ കരിപുരണ്ട അടുക്കള തീരെ പിടിക്ക്ണില്ല. ഓളീ ബൗസില്ലാത്ത* വീട്ടില്‍ മര്യാദക്ക് ഒറങ്ങീറ്റ് നാളേറെയായി…”

മോന്റെ വാക്കുകള്‍ കദീസുമ്മയുടെ നെഞ്ചില്‍ തുളച്ചു കയറി. മറുപടിയൊന്നും പറയാതെ കദീസുമ്മ നനഞ്ഞ തുണിക്കെട്ട് പോലെ മൂലയിലിരുന്നു.
അയമദുക്കാന്റെ ശ്വാസനിശ്വാസങ്ങള്‍ തീര്‍ത്തും വിട്ടുപോയിട്ടില്ലാത്ത ഈ വീടിപ്പോഴും കദീസുമ്മാക്ക് സ്വര്‍ഗം തന്നെ. ദാരിദ്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ച നാളുകളില്‍ ഇടുങ്ങിയ ഇടനാഴികള്‍ കദീസുമ്മയെ ഭൂമിയോളം ക്ഷമിക്കാനാണ് പഠിപ്പിച്ചത്. അടുക്കളയുടെ നാല് ചുവരുകള്‍ അടക്കിപ്പിടിച്ച നൊമ്പരങ്ങള്‍ക്ക് കൂട്ടുചേര്‍ന്നു. വല്ലപ്പോഴും തൊടിയില്‍ നിന്ന് ലഭിച്ച പച്ചക്കറികള്‍ മസാലകളൊന്നുമില്ലാതെ വേവിച്ച് തിന്നാന്‍ ധൃതി പിടിക്കുമ്പോള്‍ കറിക്കത്തികൊണ്ട് മുറിഞ്ഞ് ചോര പൊടിഞ്ഞ വിരലുകളില്‍ മരുന്നായി മാറിയത് അടുക്കളയിലെ അട്ടക്കരികളാണ്. ചെങ്കല്ലു കൂട്ടിയുണ്ടാക്കിയ അടുപ്പിന്‍ മുകളിലെ കിളിവാതിലിനിടയിലൂടെ അരിച്ചിറങ്ങുന്ന പൊന്‍വെയില്‍ കിരണങ്ങള്‍ എത്രയോ തവണ തന്നെ ആശ്വസിപ്പിക്കാറുണ്ടായിരുന്നത് കദീസുമ്മ ഓര്‍ത്തു.

കാവി മെഴുകിയ തറയില്‍ പുല്ലുപായ വിരിച്ച് കിടന്നാല്‍, തന്നെ നോക്കി സാന്ത്വന വാക്കുകള്‍ മൊഴിഞ്ഞ നക്ഷത്രങ്ങള്‍… സൗഭാഗ്യം നിറഞ്ഞൊരു ആഖിറ ജീവിതം തന്നെ തേടിയെത്താതിരിക്കില്ലെന്ന് ആ നക്ഷത്രങ്ങളിലൊന്ന് കദീസുമ്മയെ എന്നും ഓര്‍മപ്പെടുത്താറുണ്ടായിരുന്നു.

ഇനിയുള്ള കാലം മകന്‍ പണിതുയര്‍ത്തിയ വീട്ടില്‍ കഴിയണം… അയമദുക്കാന്റെ ഓര്‍മകള്‍ അശേഷമില്ലാത്ത മണി മാളികയില്‍… തടവറയിലകപ്പെട്ട കുറ്റവാളിയെ പോലെ… മകന്‍ തീര്‍പ്പാക്കിയ വിധി അനുഭവിക്കണം. അതിന് മുമ്പേ ഉടയ തമ്പുരാന്‍ മേല്‍പ്പോട്ടെടുത്തിരുന്നെങ്കില്‍….! തന്റെ അയമദുക്കാനൊടൊപ്പം…
മനസ്സില്‍ ചിന്തകളിങ്ങനെ കനലുകളുടെ വേലിയേറ്റം നടത്തവേ മകന്‍ മുന്നില്‍ വന്ന് നിന്നത് കദീസുമ്മയറിഞ്ഞില്ല.
തന്റെ വിറയാര്‍ന്ന കൈകളിലേക്ക് മകന്‍ ഒരു കവര്‍ നീട്ടി.
തിമിരം ബാധിച്ച് തുടങ്ങിയ കണ്ണുകളാല്‍ അവ്യക്തമായെങ്കിലും കദീസുമ്മ ആ കവറിന് പുറത്തെ വാചകം തപ്പിത്തടഞ്ഞ് വായിച്ചു.
“ഗൃഹപ്രവേശന ക്ഷണക്കത്ത്”.

* റങ്കുള്ള പൂത്തുണി- പൂക്കള്‍ കൊണ്ട് അലംകൃതമായ ഉടുതുണി
* ബൗസില്ലാത്ത- ഭാഗ്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത
.

Latest