Connect with us

Cover Story

സ്വപ്‌നപ്പടവുകള്‍ കയറി

Published

|

Last Updated

ഇത് മുഹമ്മദ് ഫാസില്‍. വയസ്സ് പത്തൊമ്പത്. കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി. ലക്ഷ്യം ഐ എ എസ്. പരപ്പനങ്ങാടിയിലേക്കും കോഴിക്കോട്ടേക്കുമൊക്കെ കൂട്ടാരുമില്ലാതെ പോകുന്ന ചക്രക്കസേര യാത്രികന്‍. ഇതിപ്പോ ഇത്ര പറയാനെന്ത്? ഇങ്ങനെ പലരുമുണ്ടല്ലോ? ചോദിക്കാന്‍ വരട്ടെ…
ഫാസിലിന്റെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. “വിധി” എന്ന ആശ്വാസച്ചുഴിയില്‍ നൂഴ്ന്ന് ഉള്ളം നീറി നീറി കാലം കഴിക്കുക, അല്ലെങ്കില്‍, മനസ്സിന്റെ കുതിരശക്തി ഉപയോഗിച്ച് ആഗ്രഹങ്ങളും ആശകളും യോദ്ധാവിനെ പോലെ വെട്ടിപ്പിടിക്കുക. ഫാസില്‍ തിരഞ്ഞെടുത്തത് അപൂര്‍വം ചിലര്‍ സഞ്ചരിച്ച രണ്ടാമത്തെ വഴിയാണ്. ഇളംപ്രായമാണെങ്കിലും ആ വഴിയില്‍ തന്നെ ദീര്‍ഘദൂരം സഞ്ചരിക്കാനുമായി. തന്നെപ്പോലെ വീല്‍ചെയറില്‍ ഒതുങ്ങിപ്പോയവര്‍ക്ക് പ്രത്യാശയുടെ തിരിവെട്ടം മുന്നില്‍ നടന്ന് കാണിക്കുന്നു ഈ കൗമാരക്കാരന്‍. കാലം നല്‍കിയത് കണ്ണീരുപ്പ് മാത്രമല്ലെന്നും നേട്ടങ്ങളുടെ നിധികുംഭമുണ്ടെന്നും എന്നാല്‍, അത് എവിടെയാണെന്ന് തിരിച്ചറിഞ്ഞ് ആഴത്തില്‍ കുഴിച്ച് കണ്ടുപിടിക്കേണ്ടത് സ്വന്തം ചുമതലയാണെന്നും ചെറിയ കാലയളവില്‍ തന്നെ തെളിയിക്കുന്നു ഫാസില്‍.

ജീവിതം നിശ്ചലമായത്
ആറാം വയസ്സില്‍
മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ വാല്‍പറമ്പില്‍ മുഹമ്മദ് അശ്‌റഫിന്റെയും ഹഫ്‌സത്തിന്റെയും രണ്ടാമത്തെ മകനായ ഫാസിലിന്റെ ബാല്യം എല്ലാ കുട്ടികളെയും പോലെ കുസൃതിയും കളിയുമൊക്കെ നിറഞ്ഞതായിരുന്നു. മദ്‌റസയിലും സ്‌കൂളിലും സമര്‍ഥനായ വിദ്യാര്‍ഥി. പക്ഷേ, അഞ്ചാം വയസ്സില്‍ ഓടിച്ചാടലുകള്‍ക്ക് വിരാമമായി. പേശികളുടെ ശക്തി ക്ഷയിക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി ആ കുഞ്ഞിളം ശരീരത്തെയും ബാധിച്ചു. അഞ്ച് വര്‍ഷം മുമ്പ് മരിച്ച ജ്യേഷ്ഠനെ തളര്‍ത്തിയ അതേ രോഗം. ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറര വയസ്സ് ആയപ്പോഴേക്കും രോഗം ഫാസിലിനെ പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറ്റി. കൈകാലുകളുടെ ശേഷി നഷ്ടപ്പെട്ടു. രോഗത്തിന് ചികിത്സയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആകെയുള്ളത് നിലവിലുള്ള അവസ്ഥ ഏറെക്കുറേ പിടിച്ചുനിര്‍ത്താന്‍ ഫിസിയോതെറാപ്പി മാത്രം. അനിയന്‍ ഫവാസിനെയും പിടികൂടിയിട്ടുണ്ട് ഈ രോഗം.
പിന്നീട് മൂന്ന് വര്‍ഷത്തോളം ചികിത്സയും മറ്റുമായി വീട്ടില്‍ തന്നെ. പ്രതീക്ഷകള്‍ വാടിക്കരിഞ്ഞ കാലം. വയസ്സ് ഒമ്പതിലെത്തിയപ്പോള്‍ ഫാസില്‍ മനസ്സിലെ ആശ ഉറക്കെ പറഞ്ഞു: എനിക്ക് സ്‌കൂളില്‍ പോകണം. ഉമ്മയും ഉപ്പയും ആശങ്കയിലായി. മകന്‍ പറയുന്ന ആഗ്രഹം എങ്ങനെ സാധിപ്പിച്ചു കൊടുക്കും? ബന്ധുക്കളും അയല്‍ക്കാരും എതിര്‍ത്തു. എതിര്‍പ്പിന്റെ കാരണം ദേഷ്യമായിരുന്നില്ല. കരുതലില്‍ പൊതിഞ്ഞ ആശങ്കയായിരുന്നു. പക്ഷേ ഫാസില്‍ നിര്‍ബന്ധം പിടിച്ചു. സ്‌കൂളില്‍ പോയേതീരൂ. ഉമ്മ സമ്മതിച്ചു. ധൈര്യമുണ്ടെങ്കില്‍ ആകാമെന്ന് ഉപ്പയും കരുത്തേകി. അങ്ങനെ വിധി പിടിച്ചിട്ട ഒരു ഇടവേളക്ക് ശേഷം പാലക്കല്‍ വി ജെ പള്ളി എ എം എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. ആ കുഞ്ഞുമനസ്സ് ഉയിര്‍ത്തെഴുന്നേറ്റു. മൂന്നാം ക്ലാസിലെ കളിക്കൂട്ടുകാരാണ് ആശങ്കകളെ അസ്ഥാനത്താക്കിയതെന്ന് ഫാസില്‍. മനസ്സിന് കരുത്തേകി, കൂട്ടുകാര്‍. അവരിലൊരാളായി പരിഗണിച്ച് പഠനത്തിലും കളിയിലും ചിരിയിലും കൂടെകൂട്ടി. ഇടവേളകളിലും പി ടി പിരീഡിലും വീല്‍ചെയറും ഉന്തി ഗ്രൗണ്ടിലെത്തിച്ച ആ കൂട്ടുകാരെ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. ഒരു ദിവസം വരാന്തയില്‍ നിന്ന് വീല്‍ചെയറിന്റെ ടയര്‍ തെന്നി താഴേക്ക് വീണു. ആ നിമിഷം കൂട്ടുകാരെല്ലാവരും കൂടി വന്നാണ് എടുത്തത്. വീണുപോയാലും കൈപിടിച്ചുയര്‍ത്താന്‍ കൂടെ ആളുണ്ടെന്ന ധൈര്യം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ നിമിഷമായിരുന്നു അത്. മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു. എട്ടും ഒമ്പതും കഴിഞ്ഞു ഫുള്‍ എ പ്ലസ് നേടി എസ് എസ് എല്‍ സിയും പാസ്സായി. അത് കേവലമൊരു പരീക്ഷാ വിജയമായിരുന്നില്ല. എല്ലാ സഹായങ്ങളും നല്‍കി സ്‌കൂളിലേക്ക് വിട്ട ഉമ്മാക്കും ഉപ്പാക്കുമുള്ള സമ്മാനം. കരുത്തേകിയ കൂട്ടുകാര്‍ക്കുള്ള ട്രീറ്റ്. ഇവന്‍ സ്‌കൂളില്‍ പോയിട്ടെന്ത് എന്ന ചിന്തിച്ചവര്‍ക്കുള്ള മറുപടി. അതേ സ്‌കൂളിലാണ് പ്ലസ് വണ്ണിന് പഠിക്കുന്നത്.

വീണ് പോയവരുടെ കൈ പിടിച്ച്
കഴിവും സാഹചര്യവുമുണ്ടായിട്ടും അലസന്‍മാരായവര്‍ക്ക് മാതൃകയാണ് ഫാസില്‍. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഉന്നതങ്ങള്‍ കീഴടക്കാം. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇടപെടുന്ന ഫാസില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ഗ്രീന്‍ പാലിയേറ്റീവ് എന്ന കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. പ്രളയ കാലത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ ഗ്രീന്‍ പാലിയേറ്റീവിന് സാധിച്ചു. എടുത്ത് പറയേണ്ടതാണ് വയനാട് കുറിച്യര്‍ മലയിലെത്. അവിടെ 72 മണിക്കൂര്‍ കൊണ്ട് സ്‌കൂള്‍ നിര്‍മിച്ച് ചരിത്രം സൃഷ്ടിച്ചു. സോഷ്യല്‍ മീഡിയകളിലൂടെയുള്ള നിരന്തര ഇടപെടലിലൂടെ വീല്‍ചെയറിലായ കൂട്ടുകാര്‍ക്കും പ്രചോദനമായിക്കൊണ്ടിരിക്കുകയാണ് ഫാസില്‍. വീല്‍ചെയറിലായെന്ന് കരുതി ജീവിതം വീട്ടില്‍ തളച്ചിടേണ്ടെന്നും ഒറ്റക്ക് പുറത്തിറങ്ങാമെന്നും സഞ്ചരിക്കാമെന്നും ഫാസില്‍ തെളിയിക്കുന്നു. വീല്‍ചെയറിലായവരുടെ ഉന്നമനത്തിനായി നിരവധി ആശയങ്ങളാണ് ഫാസില്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. യാത്രാ വിവരണങ്ങളും അനുഭവക്കുറിപ്പുകളും പങ്കുവെക്കുന്നത് വിധി തളച്ചിട്ടവരും ഉയര്‍ന്ന് വരട്ടെയെന്ന ലക്ഷ്യത്തോടെയാണ്. 2015 ഡിസംബറിലാണ് ഫാസിലിന് ഇലക്‌ട്രോണിക് വീല്‍ചെയര്‍ ലഭിക്കുന്നത്. അതോടെ സ്വതന്ത്ര യാത്ര എളുപ്പമായി. 30 കിലോമീറ്റര്‍ താണ്ടി പരപ്പനങ്ങാടിയിലേക്കും വീല്‍ചെയറുമായി കെ യു ആര്‍ ടി സി ലോഫ്‌ളോര്‍ ബസില്‍ കയറി കോഴിക്കോട് ബീച്ചിലേക്കും യാത്ര പോയ അനുഭവങ്ങള്‍ ഫാസില്‍ പങ്കുവെച്ചു. ലോഫ്‌ളോര്‍ ബസില്‍ റാമ്പുണ്ടെങ്കിലും വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പോലും അതറിയില്ല. ബസിലെ റാമ്പുകള്‍ ഉപയോഗിക്കാത്തത് മൂലം കേടുവന്നിട്ടുമുണ്ട്. ബസിന്റെ ഒരു വശം ചെരിച്ച് (നീലിംഗ്) മധ്യഭാഗത്തെ ഡോര്‍ തുറന്ന് റാമ്പ് പുറത്തെടുത്താല്‍ സുഗമമായി വീല്‍ചെയര്‍ ഉള്ളില്‍ കയറ്റാം. വീല്‍ചെയറിനായി ഒരുക്കിയ പ്രത്യേകസ്ഥലത്ത് ലോക്കും ഉണ്ട്. ഈയടുത്ത് തുടങ്ങിയ ചില്‍ ചെയിന്‍ സര്‍വീസ് ലോ ഫ്‌ളോര്‍ ബസുകളെ കൂടുതല്‍ ഉപയോഗിക്കാനാകുന്നുണ്ട്. അതിനാല്‍ ഒറ്റക്ക് തന്നെ എവിടെയും പോകാം. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൂടെ നില്‍ക്കാനാളുണ്ടെന്നും എവിടെയും പ്രശ്‌നങ്ങളില്ലെന്നും ബോധ്യപ്പെട്ടത്. വീട്ടില്‍ തന്നെ ഇരുന്നാല്‍ മുരടിച്ചു പോകുമെന്നും ഉന്നമനം വേണമെങ്കില്‍ പറത്തിറങ്ങണമെന്നും “ഒഴുകുന്ന വെള്ളം തെളിഞ്ഞിരിക്കും, കെട്ടിനില്‍ക്കുന്ന വെള്ളം കെട്ടുപോകുമെ”ന്ന ഇമാം ശാഫിഈ(റ)യുടെ വാക്കുകള്‍ പരാമര്‍ശിച്ച് ഫാസില്‍ ചൂണ്ടിക്കാട്ടുന്നു.

സുഹൃത്തുക്കളേ,
അതിരില്ലാ ആകാശം
നിങ്ങളെ കാത്തിരിപ്പുണ്ട്”
ശരീരം എന്നത് ഒരു പുറംചട്ട മാത്രമാണ്. ശക്തി വേണ്ടത് മനസ്സിനാണ്. വന്നുപെട്ട വിധിയില്‍ പഴിച്ച് മനസ്സിനെ തളര്‍ത്തരുത്. ഏതെങ്കിലുമൊരു കഴിവ് എല്ലാവര്‍ക്കുമുണ്ടാകും. അത് കണ്ടെത്തി വികസിപ്പിക്കുകയാണ് വേണ്ടത്. ഈ അവസ്ഥയില്‍ ഞാന്‍ സന്തോഷവാനാണ്. ഇത്രയും നേട്ടം കൈവരിക്കാന്‍ സാധിച്ചത്, വീല്‍ ചെയറിലായത് കൊണ്ടാണ്. ഒരുപാട് നല്ല സുഹൃത്തുക്കള്‍, എവിടെ ചെന്നാലും സഹായിക്കാനും കൂടെ നില്‍ക്കാനും നല്ല മനുഷ്യര്‍. ഞാന്‍ കാണാത്ത എന്നെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍, ഫേസ്ബുക്കിലൂടെയുണ്ടായ സുഹൃദ്ബന്ധങ്ങള്‍. ഇതുപോലെ ഓരോരുത്തര്‍ക്കും അവരുടെതായ കഴിവുകള്‍ ഉപയോഗിച്ച് മുന്നേറാന്‍ സാധിക്കും. ജീവനുള്ളിടത്തോളം കുടുംബം, സുഹൃത്തുക്കള്‍, ഇഷ്ടജനങ്ങള്‍ തുടങ്ങിയ ബന്ധങ്ങളിലൂടെ അന്തസ്സായി കഴിയണം. പരമാവധി പരസാഹയമില്ലാതെ സ്വതന്ത്രമായി നടക്കണം. നിശ്ചയദാര്‍ഢ്യമുള്ള മനസ്സുണ്ടായാല്‍ എല്ലാം സാധിച്ചെടുക്കാം.
വീല്‍ചെയറിലായെന്ന് കരുതി അകറ്റി നിര്‍ത്തരുതെന്ന് സമൂഹത്തോട് പറയുകയാണ് ഫാസില്‍. അവരുടെ ഉന്നമനത്തിന് തടസ്സം നില്‍ക്കരുത്. കാരണം അവസാനം കുടുംബത്തിനും സമൂഹത്തിനും ബാധ്യതയായി മാറും. അതേസമയം, പരമാവധി പുറംലോകവുമായി ബന്ധപ്പെടുത്തി കൊണ്ടുപോയാല്‍ ജീവിക്കാനുള്ള വഴി അവര്‍ തന്നെ കണ്ടെത്തും. സ്രഷ്ടാവ് സൃഷ്ടിക്ക് ജീവിക്കാനുള്ള മാര്‍ഗവും ഭൂമിലോകത്ത് അവശേഷിപ്പിച്ചിട്ടുണ്ടാകും. അത് കണ്ടെത്തുക മനുഷ്യന്റെ ദൗത്യമാണ്. അതിനുള്ള അവസരമാണ് കൊടുക്കേണ്ടത്. അവര്‍ക്ക് കഴിയുന്ന ജോലികള്‍ ചെയ്യാനുള്ള അവസരമൊരുക്കിക്കൊടുക്കുകയും പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യേണ്ടത്. പുറത്തിറങ്ങുന്ന വീല്‍ചെയര്‍ സുഹൃത്തുക്കളെ പരിഗണിക്കണം. വലിയ വാഹനങ്ങളുമായി പോകുന്നവര്‍ പ്രത്യേകിച്ച്. പേടിയില്ലാതെ പുറത്തിറങ്ങാനുള്ള അവസരമുണ്ടാക്കണം.

വീല്‍ചെയര്‍ സൗഹൃദമാകണം എല്ലായിടവും
ഈയടുത്ത് ഗതാഗത മന്ത്രിക്ക് ഫാസില്‍ അയച്ച കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “കെ എസ് ആര്‍ ടി സി ലോ ഫ്‌ളോര്‍ ബസുകള്‍ക്ക് വേണ്ടി പലപ്പോഴും ഒരുപാട് സമയം പൊരിവെയിലത്ത് കാത്തുനില്‍ക്കേണ്ടി വരാറുണ്ട്. കെ എസ് ആര്‍ ടി സി ബ്ലോഗും ആനവണ്ടി പോലുള്ള ആപ്പുമൊക്കെ ഉപയോഗിച്ച് സമയം നോക്കിയാണ് ഇറങ്ങാറെങ്കിലും ചില സമയങ്ങളില്‍ ഡ്രൈവറുടെയോ കണ്ടക്ടറുടെയോ ശ്രദ്ധയില്‍പ്പെടാതെ ബസ് നിര്‍ത്താതെ പോയ അനുഭവങ്ങളുമുണ്ട്. ഓരോ ബസിലെയും കണ്ടക്ടറെ ബന്ധപ്പെടാന്‍ സംവിധാനം ഒരുക്കിയാല്‍ കൃത്യമായി സ്റ്റോപ്പുകളില്‍ ഞാനോ എന്നെപ്പോലെയുള്ളവരോ കാത്തിരിക്കുന്നുണ്ടെന്ന് അവരെ അറിയിക്കാന്‍ പറ്റും.” എല്ലായിടങ്ങളും വീല്‍ചെയര്‍ സൗഹൃദമാക്കണമെന്നാണ് ഇവര്‍ നിരന്തരം ആവശ്യപ്പെടുന്നത്. ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ (എ കെ ഡബ്ല്യു ആര്‍ എഫ്) വിവിധ സമയങ്ങളിലായി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ ഏറെ ആശ നല്‍കിയിരുന്നു. ഇനി അവ പ്രാബല്യത്തില്‍ വരുത്തലും തുടര്‍ പ്രവര്‍ത്തനങ്ങളുമുണ്ടാകണം. സ്‌കൂളുകള്‍, പഞ്ചായത്ത് വില്ലേജ് തുടങ്ങിയ സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ഹോട്ടലുകള്‍, മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആരാധനാ സ്ഥലങ്ങള്‍, സ്വകാര്യ ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങി എല്ലായിടത്തും റാമ്പുകള്‍ വരണം. ഇത്തരം സ്ഥലങ്ങളൊക്കെ വീല്‍ചെയര്‍ സൗഹൃദമാക്കിയാല്‍, അതായിരിക്കും സര്‍ക്കാറിനും സമൂഹത്തിനും ഈ വിഭാഗത്തോടെ ചെയ്യാന്‍ കഴിയുന്ന വലിയ നന്മ.
.

സബ് എഡിറ്റർ, സിറാജ്